
റിയാദ്: ആഗോള പ്രതിരോധ വ്യവസായത്തിന്റെ ശ്രദ്ധ നേടി സൗദിയില്‍ വേള്‍ഡ് ഡിഫന്‍സ് ഷോ-2026ന് റിയാദില്‍ തുടക്കം. അഞ്ചുദിവസങ്ങളില്‍ അരങ്ങേറുന്ന പ്രദര്‍ശനത്തില്‍ ലോകത്തെ പ്രമുഖ പ്രതിരോധ കമ്പനികളും സാങ്കേതിക വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കും. ‘ഫ്യൂച്ചര്‍ ഓഫ് ഡിഫന്‍സ് ഇന്റഗ്രേഷന്‍’ എന്ന പ്രമേയത്തിലാണ് മൂന്നാമത് പ്രദര്‍ശനം. കര, വ്യോമ, നാവിക, ബഹിരാകാശ, സൈബര്‍ സുരക്ഷ മേഖലകളിലെ പ്രതിരോധ സംവിധാനങ്ങളുടെ സമഗ്ര സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനവും സഹകരണ കരാറുകള്‍ക്കും ഡിഫന്‍സ് ഷോ വേദിയാകും.

സൗദി പ്രതിരോധ മന്ത്രിയും മിലിറ്ററി ഇന്‍ഡസ്ട്രീസ് ജനറല്‍ അതോറിറ്റി വൈസ് ചെയര്‍മാനുമായ പ്രിന്‍സ് ഖാലിദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സുഖ്ദ് ഡിഫന്‍സ് ഷോ ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിലെ മന്ത്രിമാരും പ്രതിരോധ വിദഗ്ദരും സന്നിഹിതരായിരുന്നു. 80ലധികം രാജ്യങ്ങളില്‍ നിന്നുള്ള 900 പ്രതിരോധ സ്ഥാപനങ്ങളും നിര്‍മ്മാതാക്കളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. പുതു തലമുറ ഡ്രോണുകള്‍, മിസൈല്‍ പ്രതിരോധ സംവിധാനം, യുദ്ധവിമാന സാങ്കേതിക വിദ്യകള്‍, യാത്രന്തിക കരസേന വാഹനങ്ങള്‍, സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഡിഫന്‍സ് ഷോയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

സൗദി ‘വിഷന്‍ 2030’ പദ്ധതിയുടെ ഭാഗമായി പ്രതിരോധ രംഗത്ത് തദ്ദേശീയ നിര്‍മ്മാണം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇറക്കുമതി ആശ്രയിക്കുന്നത് കുറച്ച് പരമാവധി സ്വദേശീയവല്‍ക്കരണം കൈവരിക്കാന്‍ ഷോ സഹായിക്കും. സൗദി അറേബ്യന്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെ രാജ്യത്തെ പ്രതിരോധ ഉത്പ്പാദന രംഗത്തെ സ്ഥാപനങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. പ്രദര്‍ശനത്തോടനുബന്ധിച്ച് ഉന്നതതല സമ്മേളനങ്ങളും ബിസിനസ് ചര്‍ച്ചകളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിരോധ നയരൂപീകരണം, സാങ്കേതിക സംയോജനം, എഐ ഉപയോഗം, ഭാവി യുദ്ധ സാങ്കേതിക വിദ്യകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






