
ദമ്മാം: വാഹനാപകടത്തെ തുടര്‍ന്ന് രണ്ടര മാസം ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂവാറ്റുപുഴ സ്വദേശി റംസാലിനെ വിദഗ്ദ ചികിത്സക്ക് നാട്ടിലെത്തിച്ചു. സഹപ്രവര്‍ത്തകരോടൊപ്പം ജോലിസ്ഥലത്തേക്ക് പോകുന്ന വഴി ദമ്മാം-റിയാദ് റോഡിലുണ്ടായ അപകടത്തിലാണ് റംസാലിന് പരിക്കേറ്റത്. കമ്പനിയില്‍ അറിയിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സ് എത്തി ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ റംസാലിന് അപസ്മാരം ഉണ്ടായി. ഇതു ആരോസ്യം വഷളാവുകയും ഏതാനും ദിവസം അബോധാവസ്ഥയിലാവുകയും ചെയ്തു.

ദമ്മാമിലെ സൗദി എറണാകുളം എക്‌സ്പാട്രിയേറ്റ്‌സ് ഫെഡറേഷന്‍ (സീഫ്) ആശുപത്രിയില്‍ റംസാലിനെ സന്ദര്‍ശിക്കുകയും ആവ്യമായ സഹായം നല്‍കുകയും ചെയ്തിരുന്നു. സാമൂഹിക പ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചതിനെ തുടര്‍ന്ന് വിദഗ്ദ ചികിത്സക്ക് നാട്ടിലേയ്ക്ക് മടങ്ങാന്‍ അവസരം ഒരുങ്ങിയത്. ‘സീഫ്’ കൂട്ടായ്മ, എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് എന്നിവിടങ്ങളില്‍ നിന്നു പത്തു ലക്ഷം രൂപയിലധികം ചെലവഴിച്ചാണ് റംസാലിനെ നാട്ടിലെത്തിച്ചത്.

ഇന്ത്യന്‍ എംബസി, എയര്‍ ഇന്ത്യയു എന്നിവയുമായി ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് നിരന്തരം ബന്ധപ്പെട്ടിരുന്നു. നോര്‍ക്ക റൂട്‌സ് സൗജന്യമായി വിട്ടുനല്‍കിയ ആംബുലന്‍സില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി, ഇന്ത്യന്‍ എംബസി, നോര്‍ക്ക റൂട്‌സ് കേരള, ഖത്വീഫ് കിങ് ഫഹദ് ആശുപത്രി, എയര്‍ ഇന്ത്യ, ആശ്രയ മൂവാറ്റുപുഴ, പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ദമ്മാം, സാമൂഹിക പ്രവര്‍ത്തകന്‍ മണിക്കുട്ടന്‍ എന്നിവര്‍ക്ക് സീഫ് ഭാരവാഹികള്‍ നന്ദി അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.