Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

സംഘ്പരിവാര്‍ ഇതര സര്‍ക്കാര്‍ രൂപീകരിക്കണം; തൃശൂര്‍ വിജയം മുന്നണികളുടെ ദൗര്‍ബല്യം: പ്രവാസി വെല്‍ഫയര്‍

റിയാദ്: വന്‍ അവകാശവാദവുമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച സംഘ്പരിവാറിനും എന്‍ഡിഎയ്ക്കും രാജ്യത്തെ ജനങ്ങള്‍ കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നതെന്ന് പ്രവാസി വെല്‍ഫയര്‍ നാഷണല്‍ കമ്മിറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നയിച്ച വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ശേഷവും ബിജെപി ഒറ്റക്ക് കേവല ഭൂരിപക്ഷം നേടാനാവാത്ത രീതിയില്‍ ജനങ്ങള്‍ സംഘ്പരിവാറിനെ തഴഞ്ഞു. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ ബിജെപി ഭരണത്തിന്റെ അപകടം മനസ്സിലാക്കിയെന്ന സന്ദേശവും തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നുണ്ട്.

പ്രതിപക്ഷ നേതാക്കളെ തുറുങ്കില്‍ അടച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടി. മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു. പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇങ്ങനെ ഭയപ്പെടുത്തിയും പ്രതിപക്ഷത്തെ ഇല്ലാതാക്കിയുമാണ് മോദി സര്‍ക്കാര്‍ 10 വര്‍ഷം ഭരിക്കാന്‍ ശ്രമിച്ചത്. മറയില്ലാത്ത വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയും വോട്ട്ബാങ്ക് ലക്ഷ്യം വെച്ച് ഹിന്ദുത്വ ചിഹ്നങ്ങളും ആവിഷ്‌കാരങ്ങളും ഉപയോഗിച്ചും കോടികള്‍ ഒഴുക്കി നടത്തിയ രാഷ്ട്രീയ പ്രചാരണങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. വാരാണസിയില്‍ മോദിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. പത്തോളം കേന്ദ്ര മന്ത്രിമാര്‍ പരാജയപ്പെട്ടു. യു പി, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി യുടെ സീറ്റ് താഴേക്ക് പോയി. മണിപ്പൂരില്‍ 2 സീറ്റുകളിലും ബിജെപി പരാജയപ്പെട്ടു. പഞ്ചാബിലും തമിഴ്‌നാട്ടിലും സീറ്റ് നേടാനായില്ല.

ബാബരി മസ്ജിദ് തകര്‍ത്തു രാമക്ഷേത്രം പണിത ഫൈസാബാദ് മണ്ഡലത്തില്‍ പോലും വോട്ടര്‍മാര്‍ ബിജെപിയെ കൈയ്യൊഴിഞ്ഞു. ബിജെപി രാഷ്ട്രീയമായി വേട്ടയാടി പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയ രാഹുല്‍ ഗാന്ധി, മഹുവ മൊയ്ത്ര, പാര്‍ലമെന്റില്‍ ബിജെപി യുടെ അധിക്ഷേപങ്ങള്‍ക്കിരയായ ദാനിഷ് അലി തുടങ്ങിയവരെല്ലാം വിജയിച്ചു. ഭരണകൂടവേട്ടക്കിരയായി ജയിലില്‍ നിന്ന് മത്സരിച്ചവരും പലയിടങ്ങളില്‍ വിജയിച്ചിരിക്കുന്നു. ചന്ദ്രശേഖര്‍ ആസാദ് ഒറ്റക്ക് നേടിയ ജയം സംഘ്പരിവാറിനെതിരായ പോരാട്ടത്തിന്റെ വിജയമാണ്. സംഘ്പരിവാറിന്റെ വംശീയ രാഷ്ട്രീയത്തിനെതിരായി വിധിയെഴുതിയ മുഴുവന്‍ വോട്ടര്‍മാരെയും പ്രതികൂല സാഹചര്യങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് ജനാധിപത്യ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്‍ഡ്യാ മുന്നണിയിലെ കക്ഷികളെയും നേതാക്കളെയും അഭിവാദ്യം ചെയ്യുന്നു.

ചെറുതും വലുതുമായ എല്ലാ ബിജെപിയിതര രാഷ്ട്രീയ പാര്‍ട്ടികളെയും ചേര്‍ത്തു പിടിച്ചു കേന്ദ്രത്തില്‍ സംഘ്പരിവാര്‍ ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്‍ഡ്യാ മുന്നണി നേതാക്കള്‍ തയ്യാറാകണം. മറ്റു അഭിപ്രായ വ്യത്യാസങ്ങളും കക്ഷി താല്പര്യങ്ങളും മാറ്റി വെച്ചു രാജ്യത്തിന്റെ ഭാവിക്കും സുസ്ഥിതിക്കും വേണ്ടി ഒന്നിച്ചു നില്‍ക്കാന്‍ എല്ലാ പാര്‍ട്ടികള്‍ക്കും ബാധ്യതയുണ്ട്. കേന്ദ്രത്തില്‍ ഒരു ജനാധിപത്യ മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരണം എന്നതായിരിക്കണം എല്ലാവരുടെയും പ്രഥമവും പ്രധാനവുമായ പരിഗണന.

തീര്‍ത്തും ജനവിരുദ്ധവും സാമൂഹ്യനീതിയെ വെല്ലുവിളിക്കുന്നതുമായ സംസ്ഥാന ഭരണത്തിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ജനങ്ങളെ മാനിക്കാതെ മുന്നോട്ട് പോയ സര്‍ക്കാറിനേറ്റ കനത്ത പ്രഹരം കൂടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം. വടകരയിലടക്കം സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് കൊയ്യാനുള്ള കുതന്ത്രങ്ങളെ കേരളീയ സമൂഹം തിരസ്‌കരിച്ചിരിച്ചു. സംഘ്പരിവാര്‍ വിരുദ്ധ, തെരഞ്ഞടുപ്പ് പൂര്‍വ വിശാല രാഷ്ടീയ സഖ്യം എന്ന വെല്‍ഫെയര്‍ പാര്‍ട്ടി നിലപാടിനുള്ള അംഗീകാരം കൂടിയാണ് ജനവിധി.

തൃശൂരിലെ ബിജെപി ജയം അതീവ ഗൗരവത്തോടെ കേരളം പരിശോധിക്കണം. സംഘ്പരിവാറിന് സംസ്ഥാനത്ത് സ്ഥാനമില്ലെന്ന കേരളത്തിന്റെ രാഷ്ട്രീയ അവകാശവാദത്തിന് പരിക്കേറ്റിരിക്കുന്നു. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ രാഷ്ട്രീയ ദൗര്‍ബല്യത്തെയും വോട്ട് ചോര്‍ച്ചയെയും മുതലെടുത്താണ് ബിജെപി ജയിച്ചത്. ബിജെപിയുടെ പരാജയം ഉറപ്പ് വരുത്തും വിധം തന്ത്രപരമായി തെരഞ്ഞെടുപ്പിനെ സമീപിക്കേണ്ട ഉത്തരവാദിത്തബോധം മുന്നണികളില്‍ നിന്നുണ്ടായില്ല. ഈ അപകടം നാട് തിരിച്ചറിയണം. ഈ സാഹചര്യത്തെ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പൊതുസമൂഹവും മത സമുദായ സംഘടനകളും സാംസ്‌കാരിക ലോകവും ആത്മവിമര്‍ശനാപരമായി സമീപിക്കണം. താല്‍ക്കാലിക നേട്ടങ്ങള്‍ക്ക് വേണ്ടി സമൂഹത്തില്‍ വളര്‍ത്തിയെടുത്ത വിഭാഗീയ ചിന്തകള്‍ ആത്യന്തികമായി സംഘ്പരിവാറിനായിരിക്കും പ്രയോജനം ചെയ്യുക എന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍, വിശിഷ്യാ ഇടതുപക്ഷം, സംഘ്പരിവാര്‍ ആശയങ്ങള്‍ക്കും രാഷ്ട്രീയത്തിനും വളമാകുന്ന രീതിയില്‍ സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്തത് കേരളത്തിലെ സാമൂഹ്യബോധങ്ങളില്‍ വിള്ളലുകള്‍ വരുത്തിയിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞു തിരുത്തുവാന്‍ പാര്‍ട്ടികള്‍ തയ്യാറാകണമെന്നും പ്രവാസി വെല്‍ഫെയര്‍ പ്രസ്താവനയിഫ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top