Sauditimesonline

a-2
മദീനയില്‍ ഉംറ ബസ് അപകടം; മരിച്ചത് തെലുങ്കാനയില്‍ നിന്നുളള 45 തീര്‍ഥാടകര്‍

അബ്ദുല്‍ ഖയ്യൂം ബുസ്താനിയ്ക്ക് ഹറംകാര്യ വകുപ്പിന്റെ ആദരം

മക്ക: ചിത്രകലയില്‍ നിന്നു പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച മലയാളി പണ്ഡിതന് മസ്ജിദുല്‍ ഹറംകാര്യ വകുപ്പിന്റെ ആദരം. റിയാദ് ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ പ്രസിഡന്റ്, ലേണ്‍ദി ഖുര്‍ആന്‍ ഡയറക്ടര്‍, ഖുര്‍ആന്‍ മെമ്മറൈസേഷന്‍ സ്‌കൂള്‍ മേധാവി എന്നീ നിലകളില്‍ സേവനം അനുഷ്ഠിക്കുന്ന അബുദുല്‍ ഖയ്യൂം ബുസ്താനിയെ ആണ് ആദരിച്ചത്. ഹറം അധികൃതരുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് മക്കയിലെ ഹറമിലെത്തിയാണ് ഉപഹാരം ഏറ്റുവാങ്ങിയത്. ഖുര്‍ആന്‍ സാരസഹിതം പഠിപ്പിക്കുന്ന മാതൃകാ ഖുര്‍ആന്‍ മെമ്മറൈസേഷന്‍ സ്‌കൂളിലെ കുട്ടികള്‍ മക്ക ഹറമില്‍ പ്രദര്‍ശിപ്പിച്ച മികവ് പരിഗണിച്ചാണ് ആദരം. ആദ്യമായാണ് റിയാദില്‍ നിന്നു മലയാളിയെ ഇത്തരത്തില്‍ ഹറംകാര്യവകുപ്പ് ആദരിക്കുന്നത്.

റിയാദ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ സീനിയര്‍ സെക്കന്ററി ചിത്രകലാ അധ്യാപകനായിരുന്നു. കൊടുങ്ങല്ലൂര്‍ ഗവ.മോഡല്‍ ഗേള്‍സ് സ്‌കൂള്‍, അന്തമാന്‍ നിക്കോബര്‍ ദ്വീപുകളിലെ സ്‌കൂളുകള്‍, മാനവശേഷി വികസന മന്ത്രാലയത്തിന് കീഴിലുള്ള നവോദയ സ്‌കൂള്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചതിന് ശേഷമാണ് സൗദിയിലെത്തിയത്.

2017ല്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് നേടി. തുടര്‍ച്ചയായി 20 വര്‍ഷം 100 ശതമാനം വിജയികളെ സ്‌കൂളിന് സമ്മാനിച്ച മികവിനായിരുന്നു ദേശീയ ബഹുമതി. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സിലെ റാങ്ക് ജേതാവാണ്. നിരവധി ചിത്രകലാ പ്രദര്‍ശനങ്ങള്‍ ഇന്ത്യയിലും വിദേശങ്ങളിലും നടത്തിയിട്ടുണ്ട്. 2008ല്‍ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ നടത്തിയ പ്രദര്‍ശനം ഏറെ ശ്ര ദ്ധിക്കപ്പെട്ടു. ഇന്തോ-സൗദി സൗഹ്യദമെന്ന ശീര്‍ഷകത്തില്‍ ഇന്ത്യന്‍ എംബസി യിലും ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലിലും നടത്തിയ പ്രദര്‍ശനം റിയാദിലെ വിവിധ വേദികളിലും നടത്തിയിരുന്നു.

25 വര്‍ഷമായി ഹജ്ജ് തീര്‍ഥാടകര്‍ക്ക് നേതൃത്വം നല്‍കി വരുന്നു. ഇതിനുപുറമെ വിദ്യാര്‍ഥികള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ മനപാഠമാക്കുന്നതില്‍ പരിശീലനവും നല്‍കുന്നു. എഴുത്തുകാരന്‍ കൂടിയായ ബുസ്താനി രചിച്ച നിരവധി പുസ്തകങ്ങളും ലഘുലേഖകളും പരിഭാഷകളും സൗദി ഇസ്ലാമിക മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഖുര്‍ആന്‍ പഠനം എളുപ്പമാക്കുന്ന വിധം വീഡിയോ ക്ലാസുകളുടെ യൂടൂബ് ചാനല്‍ ലേണ്‍ ദി ഖുര്‍ ആനിന്റെ പേരിലുണ്ട്.

മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ നിറസാന്നി ധ്യമാണ്. 1995 മുതല്‍ 2006 വരെ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി, കാള്‍ ആന്‍ഡ് ഗൈഡന്‍സ് ഓഫിസുക ളിലെ പ്രബോധകന്‍, റിയാദ് കെ.എം.സി.സിഅംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തൃശൂര്‍ജില്ലാ എംഎസ്എഫ് സ്ഥാപിച്ച ഒന്നാം നിരയിലെ സാരഥിയായിരുന്ന അദ്ദേഹം യൂത്ത് ലീഗിന്റെയും തൃശൂര്‍ ജില്ലാനേതൃത്വമലങ്കരിച്ചിരുന്നു. യൂത്ത് ലീഗ് ജില്ലാവളണ്ടിയര്‍ ക്യാപ്റ്റന്‍, ജില്ലാ തല കോര്‍ഡിനേറ്റര്‍ എന്നീ നിലകളിലെ പ്രവത്തനങ്ങള്‍ അവിസ്മരണീയമാണ്. പ്രവാസികള്‍ക്കും സാധാരണക്കാര്‍ക്കും കുടുംബങ്ങള്‍ക്കും ഖുര്‍ആന്‍ പഠിക്കുന്നതിന് റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റ റിന് കീഴില്‍ 2000ല്‍ അദ്ദേഹം നടപ്പിലാക്കിയ ‘ലേണ്‍ ദ ഖുര്‍ആന്‍’ പാഠ്യപദ്ധതി ഇന്ന് ലോ കമാകെ വ്യാപിച്ചിരിക്കുകയാണ്.

ലേണ്‍ ദ ഖുര്‍ആന്‍ ഡയറക്ടറായി സേവനം തുടരുകയാണ്. ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപിക കൂടിയായ സഹധര്‍മിണി ത്വാഹിറ ടീച്ചറോടൊപ്പം കുടുംബസമേതം റിയാദ് റൗദയിലാണ് താമസം. മക്കളായ അമീന്‍ അബ്ദുല്‍ ഖയ്യും, അമീര്‍ അബ്ദുല്‍ ഖയ്യൂം എന്നിവര്‍ റിയാദിലെ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നു. പെണ്‍മക്കള്‍ ഹാഫിള: മര്‍യം അബ്ദുല്‍ ഖയ്യൂം, ഹാഫിള: മൂഉമിന അബ്ദുല്‍ ഖയ്യൂം എന്നിവര്‍ റിയാദ് പ്രിന്‍സസ് നൂറ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികളാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top