Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

കാരുണ്യ വഴിയില്‍ കെഎംസിസി വിസ്മയം തീര്‍ക്കുന്നു: സാദിഖലി തങ്ങള്‍

മലപ്പുറം: കാരുണ്യ സേവന വഴിയില്‍ കെഎംസിസി വീണ്ടും വിസ്മയം തീര്‍ക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ സിഎച്ച് സെന്റര്‍ ചാപ്റ്റര്‍ കമ്മിറ്റികളുടെയും ജില്ല, മണ്ഡലം, ഏരിയ കമ്മിറ്റികളുടെയും സഹകരണത്തോടെ സി എച്ച് സെന്ററുകള്‍ക്ക് സമാഹരിച്ച 75 ലക്ഷം രൂപയുടെ ഫണ്ട് വിതരണോല്‍ദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍.

സഹജീവി സ്‌നേഹവും ആര്‍ദ്രമായ മനസ്സും കെഎംസിസി രൂപപ്പെടുത്തിയ സംസ്‌കാരം അനുകരണീയമാണ്. പ്രവാസ മണ്ണില്‍ ദുരിതമനുഭവിക്കുന്നവരേ ചേര്‍ത്ത് നിര്‍ത്തുവാന്‍ എല്ലാ കാലത്തും മുന്നില്‍ നിന്ന പ്രസ്ഥാനം കൂടിയാണ് കെഎംസിസി. മുസ്‌ലിം ലീഗിന്റെ സമുന്നത നേതാവായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ സ്മരണാര്‍ത്ഥം കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകളും ആശുപത്രികളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെന്ററുകള്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസം മഹത്തരമാണെന്നും തങ്ങള്‍ പറഞ്ഞു.

പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ്, മരുന്ന്, ലബോറട്ടറി, സൗജന്യ ഭക്ഷണം, അബുലന്‍സ് സേവനം, ഫിസിയോ തെറാപ്പി, താമസ സൗകര്യം തുടങ്ങി വിവിധ സേവനങ്ങള്‍ സി എച്ച് സെന്ററുകള്‍ നല്‍കി വരുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, മഞ്ചേരി തുടങ്ങി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇരുപത്തി ഒന്ന് സി എച്ച് സെന്ററുകള്‍ക്ക് വേണ്ടിയാണ് കെഎംസിസി ഫണ്ട് കൈമാറിയത്.

ചടങ്ങില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിമാരായ ജലീല്‍ തിരൂര്‍, നാസര്‍ മാങ്കാവ്, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, വിവിധ കെഎംസിസി ഘടകങ്ങളിലെ ഭാരവാഹികളായ മജീദ് മണ്ണാര്‍മല, നൗഫല്‍ തിരൂര്‍, ജുനൈദ് താനൂര്‍, വാഹിദ് കൊടക്കാട്, സൈദലവി മഞ്ചേരി, ശറഫുദ്ധീന്‍ തേഞ്ഞിപ്പാലം, മഹ്‌റൂഫ് താനൂര്‍, സൈദലവി തിരൂര്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top