
കോഴിക്കോട്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ അബ്ദുറഹീമിന്റെ കേസ് പുരോഗതി പൊതുമരാമത്തു വകുപ്പു മന്ത്രി മുഹമ്മദ് റിയാസുമായി ചര്‍ച്ച ചെയ്തു. റിയാദ് റഹീം സഹായ സമിതിയുടെയും ഫറോക് അബ്ദുല്‍ റഹീം ലീഗല്‍ അസിസ്റ്റന്റ് കമ്മറ്റിയുടെയും ഭാരവാഹികള്‍ സന്നിഹിതരായിരുന്നു. കേസിന്റെ തുടക്കം മുതല്‍ അവസാന കോടതി സിറ്റിംഗ് നടന്ന മാര്‍ച്ച് 18 വരെയുള്ള വിവരങ്ങള്‍ ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരികൂടിയായ മന്ത്രിയെ അറിയിച്ചു.

അടുത്ത സിറ്റിങ്ങിന് കോടതി അനുവദിച്ച ഏപ്രില്‍ 14ന് കോടതിയുടെ നിരീക്ഷണം അറിഞ്ഞതിനു ശേഷം ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രാലയം വഴി ഉന്നത ഇടപെടലിന് ശ്രമിക്കാമെന്നു മന്ത്രി പറഞ്ഞു. ഇതുവരെയുള്ള കേസ് നടപടികള്‍ കൈകാര്യ ചെയ്തിരുന്ന റിയാദിലെ ഇന്ത്യന്‍ എംബസി മുന്‍ ഉദ്യോഗസ്ഥന്‍ യുസഫ് കാക്കഞ്ചേരി വിശദമാക്കി.

സര്‍വകക്ഷി സമിതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന റഹീമിന്റെ മോചന ശ്രമങ്ങളെ വിവാദമാക്കാനുള്ള നീക്കങ്ങള്‍ പരിശോധിക്കും ആവശ്യമെങ്കില്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ രാജ്യത്തെയും നിയമ സംവിധാനങ്ങളെ മാനിച്ചു മാത്രമേ ഇടപെടാന്‍ കഴിയുകയുള്ളൂവെന്ന് പൊതുസമൂഹത്തിനറിയാം. മറിച്ചുള്ള വിവാദങ്ങള്‍ അപ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ചെറുവണ്ണൂര്‍ പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി റിയാസും കമ്മിറ്റി ഭാരവാഹികളും അബ്ദ്‌റഹിമിന്റെ വീട്ടില്‍ എത്തി മാതാവിനെ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തു. നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികളായ സുരേഷ് കുമാര്‍, കെ കെ ആലിക്കുട്ടി മാസ്റ്റര്‍, മൊയ്തിന്‍ കോയ കല്ലമ്പാറ, മജീദ് അമ്പലംകണ്ടി, ശശി നാരങ്ങയില്‍, റിയാദ് നിമയ സഹായ സമിതി ഭാരവാഹികളായ ഷകീബ് കൊളക്കാടന്‍, നാസര്‍ കാരന്തുര്‍, ടി രാധാഗോപി, എംബസി മുന്‍ ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.