
റിയാദ്: കുറഞ്ഞ വേതനത്തില്‍ പ്രവാസം തള്ളിനീക്കി തൊഴിലിടങ്ങളില്‍ പ്രയാസപ്പെടുന്ന സാധാരണ മനുഷ്യരെ ചേര്‍ത്തുപിടിച്ചു പ്രവാസി വെല്‍ഫെയര്‍ വളന്റിയര്‍മാര്‍ സ്‌നേഹ സമ്മാനവുമായി ക്യാമ്പുകളിലെത്തി. പെരുന്നാള്‍, ഈസ്റ്റര്‍, വിഷു ആഘോഷങ്ങളുടെ ഭാഗമായി രൂപകല്പന ചെയ്ത സ്‌നേഹ സ്പര്‍ശം-2025 ആദ്യഘട്ടം അഞ്ഞൂറിലധികം പേര്‍ക്ക് പുടവ സമ്മാനിച്ചു.

പ്രവാസി പ്രവര്‍ത്തകര്‍ വസ്ത്രം വാങ്ങുമ്പോള്‍ ‘തങ്ങളുടെ സഹോദരനും ഒന്ന്’ എന്ന ആശയമാണ് ഇതിന് പ്രേരകം. ഷാലിമാര്‍ റസ്‌റ്റോറന്റ്, എസ്ബി ഗ്രൂപ്പ് തുടങ്ങി പ്രായോജകരും സന്നദ്ധരായി. ന്യൂ ഇന്‍ഡസ്ട്രിയല്‍ സിറ്റി, സുലൈ, ബത്ഹ, ദല്ല തുടങ്ങി മലയാളികള്‍ കൂടുതല്‍ വസിക്കുന്ന പ്രദേശങ്ങളിലും മറ്റ് ഏരിയകളിലുമായാണ് വിതരണം ചെയ്തത്. ഷര്‍ട്ടുകള്‍, കുര്‍ത്തകള്‍, വനിതകളുടെ ഡ്രസ്സുകള്‍ എന്നിവയാണ് പെരുന്നാള്‍ ആഘോഷത്തിനായി നല്‍കിയത്.

ഇതിന്റെ രണ്ടാം ഘട്ടം ഈസ്റ്റര്‍, വിഷു വേളയില്‍ നടക്കുമെന്ന് പ്രവാസി സ്‌നേഹസ്പര്‍ശം കണ്‍വീനര്‍ റിഷാദ് എളമരം പറഞ്ഞു. പ്രവാസി വനിത വിഭാഗം പാക്കിംഗ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. വെല്‍ഫെയര്‍ വളന്റിയര്‍മാരായ നിയാസ്, അഡ്വ. ജമാല്‍, ഫിര്‍ണാസ്, ഷിഹാബ് കുണ്ടൂര്‍, ആദില്‍, ഫാദില്‍, നസീഫ്, ഖലീല്‍ അബ്ദുല്ല, അബ്ദുറഹ്മാന്‍ ഒലയാന്‍, ഷമീര്‍ മേലേതില്‍, ഉമര്‍ സഈദ്,

സഫ് വാന്‍ എന്നിവര്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിവിധ ക്യാമ്പുകളിലും മരുഭൂമിയിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും പെരുന്നാള്‍ ആശംസകളോടൊപ്പം പുത്തനുടുപ്പും കൈമാറിയ സന്തോഷത്തിലാണ് പ്രവാസി വളന്റിയര്‍മാര്‍.





