റിയാദ്: സാംസ്‌കാരിക പ്രവര്‍ത്തകന്‍ നിബു വര്‍ഗീസിനെ കേളി സാംസ്‌കാരിക വേദി അംഗത്വത്തില്‍ നിന്നു പുറത്താക്കി. സിപിഎം പ്രവാസി കൂട്ടായ്മ കേളിയുടെ റിയാദ് നസീം ഏരിയാ കമ്മറ്റിയില്‍ നിന്നാണ് പുറത്താക്കിയത്. രണ്ടര പതിറ്റാണ്ടായി റിയാദില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക കൂട്ടായ്മ റിയാദ് ഇന്ത്യന്‍ ഫ്രണ്ട്‌സ്ഷിപ് അസോസിയേഷന്‍ (റിഫ) അഡ്വ. ജയശങ്കറിന് റിഫയുടെ മൂന്നാമത് പുരസ്‌കാരം നല്‍കി ആദരിക്കാന്‍ തീരുമാനിച്ചിരുന്നു. ജയശങ്കറിനെ റിയാദില്‍ കൊണ്ടുവരുന്നതിന് നേതൃപരമായ പങ്കുവഹിച്ചതിനാണ് നിബു വര്‍ഗീസിനെ പുറത്താക്കിയതെന്നാണ് വിവരം.
നേരത്തെ സാമൂഹിക പ്രവര്‍ത്തകന്‍ എം എന്‍ കാരശ്ശേരി, പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവ് എന്നിവരെ റിഫ കൊണ്ടുവന്നിരുന്നു. അന്നും നിബു വര്‍ഗീസ് റിഫയുടെ നേതൃനിരയിലുണ്ടായിരുന്നു. പ്രവാസികള്‍ക്കിടയിലെ മതേതര ചേരിയിലും സാംസ്‌കാരിക ഇടങ്ങളിലും സജീവമായി ഇടപെടുന്ന നിബു വര്‍ഗീസ് ഇടതുസഹയാത്രികനായാണ് അറിയപ്പെടുന്നത്.\
റിയാദില്‍ കേളിയ്ക്കു പുറമെ സിപിഎം അനുഭാവം പുലര്‍ത്തുന്ന നവോദയ സാംസ്‌കാരിക വേദിയും സജീവമാണ്. ദീര്‍ഘകാലമായി റിഫയില്‍ നേതൃത്വം വഹിക്കുന്ന നിബു, മുന്‍ പ്രസിഡന്റ് കൂടിയാണ്. രണ്ട് സംഘടനകളോടും സമദൂരം സ്വീകരിക്കുകയും ഇടതു രാഷ്ട്രീയ നിലപാടുകളോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു നിബു.
മൂന്ന് വര്‍ഷം മുമ്പ് സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ നേതൃത്വം ക്ഷണിക്കുകയും ക്ഷണം സ്വീകരിച്ച് കേളിയില്‍ അംഗത്വം നേടിയ നിബു വര്‍ഗീസിനെ ഏരിയാ കമ്മറ്റി അംഗമാക്കുകയും ചെയ്തു. കേളി അംഗമായിരിക്കെ മറ്റൊരു സംഘടനയുടെ നേതൃ പദവി വഹിക്കരുതെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് നിബു റിഫ പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.
അതേസമയം, ക്ഷണിച്ചുവരുത്തി അംഗത്വം നല്‍കിയതിന് ശേഷം വിശദീകരിക്കാന്‍ കഴിയാത്ത വിധം കേളിയില്‍ നിന്ന് നിബു വര്‍ഗീസിനെ പുറത്താക്കിയ നടപടി പ്രവാസികള്‍ക്കിടയില്‍ പുതിയ ചര്‍ച്ചകള്‍ക്കു വഴി തുറന്നിരിക്കുകയാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.