റിയാദ്: മൂന്ന് പതിറ്റാണ്ട് പ്രവാസം കഴിഞ്ഞ് കൊല്ലം പുനലൂര്‍ ബാലചന്ദ്രന്‍ പിളള വൃദ്ധസദനത്തിലേക്ക് മടങ്ങി. പ്രവാസത്തിനിടെ വീട്ടുകാരെ മറന്ന ബാലചന്ദ്രന്‍ പിള്ളയെ വാര്‍ദ്ധക്യ കാലത്ത് വേണ്ടെന്ന് കുടുംവും അറിയിച്ചതോടെയാണ് കൊല്ലം ഗാന്ധി ഭവന്‍ അഭയകേന്ദ്രമായത്. ഇനിയുള്ള കാലം ഇവിടെ കഴിയും. എങ്കിലും നാട്ടിലെത്തി മകളെ കാണണമെന്ന ആഗ്രഹത്തിലാണ് ബാലചന്ദ്രന്‍ മടങ്ങിയത്.
ആറുമാസത്തിലേറെയായി ഇന്ത്യന്‍ എംബസ്സിയുടെ സഹകരണത്തോടെ കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം നടത്തിയ ശ്രമമാണ് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങിയത്. ശാരീരികമായും മാനസികമായും തളര്‍ന്ന ബാലചന്ദ്രനെ കേളി ഏറ്റെടുത്ത് ശുശ്രൂഷിക്കുകയായിരുന്നു. വാര്‍ദ്ധക്യ അവശതകള്‍ ഒഴികെ പൂര്‍ണ്ണ ആരോഗ്യത്തോടെയാണ് നാട്ടിലേക്ക് മടങ്ങിയത്. എംബസ്സി ഉദ്യോഗസ്ഥരായ മൊയിന്‍ അക്തര്‍, മീരാ ഭഗവാന്‍, നസീം ഖാന്‍, ഷറഫുദ്ധീന്‍ എന്നിവരും കേളി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര, ചെയര്‍മാന്‍ നാസര്‍ പൊന്നാനി, കമ്മറ്റി അംഗം പിഎന്‍എം റഫീക് എന്നിവരാണ് സഹായ ഹസ്തവുമായി രംഗത്തുണ്ടായിരുന്നത്.
മടക്കയാത്രയില്‍ കേളി പ്രവര്‍ത്തകന്‍ പിഎന്‍എം റഫീക്ക് ബാലചന്ദ്രന്‍ പിള്ളയെ അനുഗമിച്ചു. രണ്ടുപേര്‍ക്കുമുള്ള ടിക്കറ്റ് എംബസ്സി നല്‍കി. ആശുപതിയില്‍ നിന്നു ഡിസ്ചാര്‍ജ് ആയതിനു ശേഷം കേളി പ്രവര്‍ത്തകരായ അനീസ്, സാഹില്‍ പി ഗോപാലന്‍ എന്നിവരാണ് ബാലചന്ദ്രന്‍ പിള്ളയെ പരിചരിച്ചത്. നാട്ടിലുള്ള കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് മുഖേന കൊല്ലം, പത്തനാപുരം ഗാന്ധിഭവന്‍ സെക്രട്ടറി ഡോ പുനലൂര്‍ സോമരജനുമായി ആക്ടിങ് സെക്രട്ടറി ഗീവര്‍ഗീസ് ഇടിച്ചാണ്ടി സംസാരിച്ച് അഭയകേന്ദ്രത്തില്‍ സൗകര്യം ഒരുക്കി.
ഇലക്ട്രിക്കല്‍, പ്ലംബിങ് ജോലിക്കായി 1992ല്‍ അല്‍ ഖര്‍ജിലെത്തിയ ബാലചന്ദ്രന്‍ പിന്നീട് നാട്ടില്‍ പോയിട്ടില്ല. ഇഖാമയും പാസ്‌പോര്‍ട്ടും കൈവശമില്ല. മേല്‍വിലാസം തെളിയിക്കുന്ന രേഖകളും ഉണ്ടായിരുന്നില്ല. റിയാദിലും ധപരിസര പ്രദേശങ്ങളിലും ജോലി ചെയ്ത് നാടോടിയായി കഴിഞ്ഞു., നാടുമായുള്ള ബന്ധം പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. തിരിച്ചുപോക്ക് അനിവാര്യമാണെന്ന ഘട്ടം എത്തിയപ്പോഴാണ് കേളിയുമായി ബന്ധപ്പെടുന്നത്.
റിയാദിലെത്തി മൂന്നാം വര്‍ഷം സ്‌പോണ്‍സര്‍ മരിച്ചു. ഇതോടെ പാസ്‌പോര്‍ട്ട് നഷ്ട്ടപ്പെട്ടു. പിന്നീട് പാസ്‌പോര്‍ട്ടിനും ഇഖാമക്കും ശ്രമിച്ചില്ലെന്ന് ബാലചന്ദ്രന്‍ പറയുന്നു. കൂടെയുളളവവരോട് കൂടുതല്‍ വിവരങ്ങള്‍ പറയാതെ പലയിടങ്ങളിലായി ജോലി ചെയ്തു.
കൊവിഡ് പടര്‍ന്നതോടെ ജോലി ഇല്ലാതായി. ഓടിനടക്കാനും കഴിഞ്ഞില്ല. പരിശോധന കര്‍ശനമായതോടെ പുറത്തിറങ്ങാന്‍ കഴിയാതെയായി. കൊവിഡ് പിടിപെട്ടപ്പോള്‍ സ്വയം ചികിത്സിച്ചു. മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നു സുഹൃത്തുക്കള്‍ വഴിയും മരുന്നുകള്‍ തരപ്പെടുത്തി അതിജീവിച്ചു. എന്നാല്‍ ആരോഗ്യം വീണ്ടെടുക്കാനായില്ല. ഇതോടെയിാണ് നാട്ടിലേക്ക് മടങ്ങണമെന്ന് ആലോചന തുടങ്ങിയത്.
കേളിയും എംബസ്സിയും ആരോഗ്യം വീണ്ടെടുക്കുന്നതിന് ചികിത്സ ഉറപ്പുവരുത്തി. ശുമേസി കിങ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ അഞ്ചു മാസത്തെ ചികിത്സ ഫലംകണ്ടു. ഇതിനിടെ ആശുപത്രിയിലെ സ്ഥല പരിമിതി മൂലം 600 കിലോമീറ്റര്‍ അകലെ അല്‍ സുലൈയിലേക്ക് മാറ്റി. എക്സ്റ്റിനുള്ള രേഖകള്‍ ശരിയക്കി വിരലടയാളം പതിക്കുന്നതിന് ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ ഹാജരാക്കാനുളള ശ്രമത്തിനിടെയാണ് ആശുപത്രി മാറിയത് അറിയുന്നത്. ഒരുമാസത്തിനു ശേഷം ശുമേസി ആശുപത്രിയില്‍ മടങ്ങിയെത്തി. എന്നാല്‍ ആരോഗ്യം വഷളാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. തുടര്‍ ചികിത്സയില്‍ അസുഖം ഭേദമാവുകയും ഫൈനല്‍ എക്‌സിറ്റിനുളള രേഖകള്‍ പൂര്‍ത്തിയാവുകയും ചെയ്തു. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷം കേളി താമസ സൗകര്യവും ഒരുക്കി.
ബാലചന്ദ്രന്‍ പിളള റിയാദിലേക്ക് വരുമ്പോള്‍ ഭാര്യയും ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അവരെ സംരക്ഷിക്കാത്തതിനാല്‍ സ്വീകരിക്കാന്‍ തയ്യാറല്ലന്നു കേരള പ്രവാസിസംഘം കൊല്ലം ജില്ലാ സെക്രട്ടറി നിസാര്‍ അമ്പലംകുന്നിനെ കുടുംബം അറിയിച്ചിരുന്നു.
കൊല്ലം പുനലൂര്‍ കെഎസ്ആര്‍ടിസി ബാസ്റ്റാന്റിനടുത്താണ് വീട്. നാല് സഹോദരങ്ങള്‍ ഉണ്ടെന്നും ബാലചന്ദ്രന്‍ പറഞ്ഞു. കേളിയുടെ അന്വേഷണത്തില്‍ അനിയനുമായി ബന്ധപ്പെടാന്‍ കഴിഞ്ഞു. മകള്‍ വിവാഹിതയാണ്. കിടപ്പു രോഗിയായ ഭാര്യയെ മകളും മരുമകനുമാണ് പരിചരിക്കുന്നത്. ഇനിയും ഒരാളെകൂടി സംരക്ഷിക്കാനാകില്ലെന്നായിരുന്നു അവരുടെ നിലപാട്. ഇതോടെയാണ് വൃദ്ധ സദനത്തില്‍ താമസം ഒരുക്കാന്‍ കേളി നിര്‍ബന്ധിതരായത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
