റമദാനെ വരവേത്ക്കുക; പുണ്യങ്ങള്‍ പുണരാന്‍ ഒരുങ്ങുക

റിയാദ്: വിശ്വാസി ജീവിതത്തിലെ ഏറ്റവും സുപ്രധാന ദിനങ്ങള്‍ എന്നനിലയില്‍ റമദാനിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ തയ്യാറാവണമെന്ന് ആര്‍.ഐ.സി.സി അഹ്‌ലന്‍ റമദാന്‍ സംഗമം. കര്‍മ്മങ്ങള്‍ക്ക് കണക്കില്ലാത്ത പ്രതിഫലം ലഭിക്കുന്ന റമദാനിലെ ഓരോ നിമിഷവും നഷ്ടപ്പെടുത്താതെ കൃത്യമായി ഉപയോഗപ്പെടുത്താന്‍ സാധ്യമാവണം, അതിന് സ്വന്തത്തെയും കുടുംബത്തെയും സന്നദ്ധമാക്കണം. റമദാനിലെ ആചാരാനുഷ്ഠാനങ്ങളെ അറിയാനും പഠിക്കാനും കൃത്യമായി അനുഷ്ഠിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

വിശ്വാസ കര്‍മ്മ മേഖലകളിലെ അനിസ്‌ലാമിക കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ജാഗ്രത പാലിക്കണം. കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ ജാഗ്രത പാലിക്കാനും സ്വന്തത്തെയും കുടുംബത്തെയും തിന്മകളില്‍ നിന്ന് തടയാനും നന്മയില്‍ ജീവിതം നയിക്കാനും രക്ഷിതാക്കള്‍ ബദ്ധശ്രദ്ധരാവണം. മക്കളുടെ കൂട്ടുകാരനാവാനും അവരുടെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും ചേര്‍ത്ത് നിര്‍ത്തി ആവശ്യമായ പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കണമെന്നും സംഗമം ആവശ്യപ്പെട്ടു.

രാജ്യത്തെ ഫാസിസ്റ്റ് ഭീഷണിയില്‍ നിന്നും മോചനം നേടാനുള്ള പോരാട്ടത്തിന്റെ ഭാഗമാവാന്‍ നമ്മള്‍ ശ്രദ്ധിക്കണം. ജനാധിപത്യ കക്ഷികളുടെ കൂടെ നില്‍ക്കാനും അതിന് പോറലേല്‍ക്കുന്ന പ്രവത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും നമ്മള്‍ ശ്രദ്ധിക്കണമെന്നും 2024 ലെ ലോക് സഭാ ഇലക്ഷനെ ജാഗ്രതയോടെ സമീപിക്കണം. പ്രതിസന്ധികളില്‍ നിരാശയോ നിഷ്‌ക്രിയത്വമോ അല്ല മറിച്ച് സക്രിയമായ ഇടപെടലുകളും പ്രതീക്ഷയുമാണ് ഉണ്ടാവേണ്ടതെന്നും സംഗമം ഉണര്‍ത്തി.

സുലൈ തന്‍ഹാത്ത് ഇസ്തിറാഹയില്‍ നടന്ന സംഗമം സുല്‍ത്താന ജാലിയാത്ത് മലയാളവിഭാഗം പ്രബോധകന്‍ ഉമര്‍ ഫാറൂഖ് മദനി ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രബോധകര്‍ ശിഹാബ് എടക്കര മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. വിവിധ വിഷയങ്ങളില്‍ സുബൈര്‍ സലഫി പട്ടാമ്പി, അബ്ദുല്ല അല്‍ ഹികമി, ഷുക്കൂര്‍ ചക്കരക്കല്ല്, ആഷിക് അല്‍ ഹികമി, അമീന്‍ മദീനി, അബ്ദുറഊഫ് സ്വലാഹി, അബ്ദുറഹീം പേരാമ്പ്ര, മുഹമ്മദ് കുട്ടി പുളിക്കല്‍, ഇക്ബാല്‍ കൊല്ലം, മൊയ്തു അരൂര്‍, ബഷീര്‍ കുപ്പോടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍.സി.സി.സി ചെയര്‍മാന്‍ ഉമര്‍ ഫാറൂഖ് വേങ്ങര, ജനറല്‍ കണ്‍വീനര്‍ ജഅഫര്‍ പൊന്നാനി, ഉമര്‍ കൂള്‍ടെക്ക് പ്രസീഡിയം നിയന്ത്രിച്ചു.

അസ്വഹാബാ ചരിത്ര പഠന ക്ലാസ്സ് വിജയികളായ അബ്ദുല്‍ ഹമീദ് വേങ്ങര, ശബാന കെ.വി, ശഹീദാ യു.കെ, സബീഹ അരൂര്‍, മുഹമ്മദ് അദാന്‍, കളറിംഗ് മത്സരത്തില്‍ വിജയിച്ച ഐഷ ഷക്കീബ്, മന്‍ഹ ബിന്‍ത് ജാവീദ്, ഫര്‍ഹാന്‍ ബിന്‍ ജാവീദ് തുടങ്ങിയവര്‍ക്കുള്ള സമ്മാനങ്ങള്‍ സംഗമത്തില്‍ വിതരണം ചെയ്തു.

Leave a Reply