Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

‘ലീപ്’ തുടങ്ങി; റിയാദില്‍ സാങ്കേതിക രംഗത്തെ രാജ്യാന്തര മേള

റിയാദ്: രാജ്യാന്തര ഐടി സാങ്കേതിക മേള ‘ലീപ് 2024’ റിയാദില്‍ തുടങ്ങി. നഗരത്തില്‍ നിന്ന് 80 കിലോമീറ്റര്‍ വടക്ക് മല്‍ഹമിലെ റിയാദ് എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് സാങ്കേതിക രംഗത്തെ നവീന വിദ്യകളുടെ പ്രദര്‍ശനം.

നാലു ദിവസം നീണ്ടു നിന്ന ലീപ് ഗ്‌ളോബല്‍ ടെക്‌നോളജി കോണ്‍ഫറന്‍സിന്റെ മൂന്നാമത് എഡിഷനാണ് റിയാദില്‍ നടക്കുന്നത്. പശ്ചിമേഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലെയും ഏറ്റവും ബൃഹത്തായ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയാണ് സൗദി അറേബ്യയുടേത്. അതുകൊണ്ടുതന്നെ സാങ്കേതിക വിദ്യകള്‍, സംരംഭകത്വം, ടെക്‌നോളജി സ്റ്റാര്‍ട്ട്അപ്പുകള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന് വന്‍ നിക്ഷേപമാണ് സൗദി അറേബ്യ നടത്തുന്നത്.

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സാങ്കേതിക മേഖലയുടെ ശാക്തീകരണവും നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കുന്നുണ്ട്. സൗദി അറേബ്യ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയില്‍ സുപ്രധാനമാണ് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍. രാജ്യത്ത് 3.4 ലക്ഷം ആളുകളാണ് ഐടിഡിജിറ്റല്‍ ടെക്‌നോളജി മേഖലയില്‍ ജോലി ചെയ്യുന്നത്. സ്ത്രീ പങ്കാളിത്തം യൂറോപ്യന്‍ യൂണിയന്‍, സിലിക്കണ്‍ വാലി എന്നിവിങ്ങെളിലേതിനേക്കാള്‍ സൗദിയില്‍ കൂടുതലാണ്. ഇതെല്ലാം പരിഗണിച്ച് സാങ്കേതിക വിദ്യകളുടെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനാണ് ലീപ് പോലുളള അന്താരാഷ്ട്ര സംഗമങ്ങള്‍ക്ക് സൗദി അറേബ്യ വേദി ഒരുക്കിയത്.

സൗദി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം, സൗദി ഫെഡറേഷന്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി, പ്രോഗ്രാമിംഗ് ആന്‍ഡ് ഡ്രോണ്‍സ്, യുഎഇ ആസ്ഥാനമായുള്ള ഐടി കണ്‍സള്‍ട്ടിംഗ് കമ്പനി തഹലൂഫ് എന്നിവ ചേര്‍ന്നാണ് സമ്മേളനം ഒരുക്കിയത്. 50 രാജ്യങ്ങളില്‍ നിന്നുളള എഴുനൂറിലധികം സാങ്കേതിക വിദഗ്ദരും നിക്ഷേപകരുമാണ് ചതുര്‍ദിന സമ്മേളനത്തില്‍ പങ്കെടുത്തത്. ഒരേ സമയം ആറ് വേദികളില്‍ 320 സെഷനുകളിലാണ് ചര്‍ച്ചകളും സംവാദങ്ങളും നടന്നത്. 129 രാജ്യങ്ങളില്‍ നിന്നായി അറുനൂറിലധികം സ്റ്റര്‍ട് അപ്പ് കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.

സൗദിയിലെ വിവിധ മന്ത്രാലയങ്ങള്‍, വന്‍കിട കമ്പനികള്‍ എന്നിവരും പ്രദര്‍നനത്തില്‍ പങ്കെടുക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ തുടങ്ങി ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ സംബന്ധിച്ച് ചര്‍ച്ചകളും പ്രദര്‍ശനങ്ങളുമാണ് ലീപ് കോണ്‍ഫറന്‍സിന്റെ പ്രത്യേകത..

സൗദി അരാംകോ, നിയോം, മൈക്രോസോഫ്റ്റ്, ഒറാക്കിള്‍, ഹുവായ്, സൂം, എറിക്‌സണ്‍, എച് പി, നോക്കിയ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ദര്‍ സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.

രാവിലെ 10.30 മുതല്‍ വൈകീട്ട് ഏഴ് വരെയാണ് മേള. റിയാദ് നഗരത്തിലെ രണ്ടിടങ്ങളില്‍നിന്ന് ലീപ് മേള നടക്കുന്ന മല്‍ഹമിലേക്കും തിരികെയും ഷട്ടില്‍ ബസ് സര്‍വിസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിയാദ് എയര്‍പ്പോര്‍ട്ട് റോഡിലെ അമീറ നൂറ യൂനിവേഴ്‌സിറ്റി, എക്‌സിറ്റ് എട്ടിലെ ഗാര്‍ഡനീയ മാള്‍ എന്നിവിടങ്ങളില്‍ നിന്ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 5.10 വരെയാണ് ബസ് സര്‍വീസ്. ഉച്ചക്ക് 12 മുതല്‍ രാത്രി എട്ട് വരെ തിരിച്ചും ബസ് സര്‍വിസ് ഉണ്ടാകും.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top