സാംസ്‌കാരിക സമ്പത്തിനെ ഫാസിസത്തിന് വിട്ടുകൊടുക്കരുത്: പി എന്‍ ഗോപീകൃഷ്ണന്‍

റിയാദ്: ചില്ല സര്‍ഗവേദി ദശവാര്‍ഷികം രണ്ടു ദിവസങ്ങളിലായി ആഘോഷിച്ചു. കവിയും സാംസ്‌കാരിക പ്രഭാഷകനുമായ പിഎന്‍ ഗോപീകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നാലു വിഭാഗങ്ങളിലായി നടന്ന രണ്ടു ദിവസത്തെ പരിപാടി പ്രഭാഷണങ്ങളും സംവാദങ്ങളും കൊണ്ട് വാര്‍ഷികാഘോഷത്തെ സമ്പന്നമാക്കി.

ചില്ല കോഡിനേറ്റര്‍ സുരേഷ് ലാല്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന പരിപാടിയില്‍ ലോക കേരളസഭ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ്, കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവര്‍ സംസാരിച്ചു. വേദിയില്‍ കേളി പ്രവര്‍ത്തകര്‍ അയ്യങ്കാളിയുടെ പോരാട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന വില്ലുവണ്ടി എന്ന സംഗീതനൃത്തശില്പം അവതരിപ്പിച്ചു.

തുടര്‍ന്ന് സീബ കൂവോട് മോഡറേറ്ററായി കൊണ്ട് ‘മലയാളത്തിന്റെ കാവ്യസങ്കല്പ യാത്രകള്‍’ എന്ന വിഷയത്തില്‍ ഗോപീകൃഷ്ണന്‍ പ്രഭാഷണം നടത്തി. മലയാള കവിത മണിപ്രവാള കാലഘട്ടത്തില്‍ നിന്ന് ഈ കാലഘട്ടത്തിലേക്ക് സഞ്ചരിച്ചതിന്റെ ഭാവുകത്വപരമായ ചരിത്രം അദ്ദേഹം വിശദീകരിച്ചു. താളത്തിലും വൃത്തത്തിലും എഴുതിയാല്‍ മാത്രമേ കവിതയാകൂ എന്ന ചിന്തയെല്ലാം മാറി കവിതയില്‍ കവിതയുണ്ടാകണമെന്ന ബോധം മലയാളത്തില്‍ ക്രമേണ വികസിച്ചുവന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യചട്ടങ്ങളെ തിരുത്തുന്നതിലും വാര്‍പ്പു മാതൃകകളെ ലംഘിക്കുന്നതിലും ആശാന്റെ കവിതകള്‍ വഹിച്ച പങ്ക് അദ്ദേഹം ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കി. ഈ വിഭാഗത്തില്‍ മൂസ കൊമ്പന്‍ സ്വാഗതവും നാസര്‍ കാരക്കുന്ന് നന്ദിയും പറഞ്ഞു.

‘പി എന്‍ ഗോപീകൃഷ്ണന്റെ കവിതകള്‍ രാഷ്ട്രീയം പറയുന്നത്’ എന്ന വിഷയത്തില്‍ നടന്ന രണ്ടാമത്തെ വിഭാഗം സംഭാഷണ രൂപത്തിലുള്ളതായിരുന്നു. സഹഭാഷണം എം ഫൈസല്‍ നടത്തി. സമകാലീന കവികളുടെ കാവ്യവീക്ഷണത്തില്‍ നിന്ന് തന്റെ കവിത എങ്ങനെ വേറിട്ടു നില്‍ക്കുന്നു എന്നാണ് കവി പ്രതിപാദിച്ചത്. കവിതയില്‍ കാലത്തിന്റെ രാഷ്ട്രീയം ഉണ്ടാകും. മലയാളത്തിലെ കവികളേക്കാള്‍ കിഴക്കന്‍ യൂറോപ്പ് അടക്കമുള്ള പ്രദേശങ്ങളിലെ കവികളാണ് തനിക്ക് പ്രേരണയായതെന്ന് കവി തുറന്നുപറഞ്ഞു. വികെ ഷഹീബ ആമുഖം അവതരിപ്പിച്ച വിഭാഗത്തില്‍ നജീം കൊച്ചുകലുങ്ക് നന്ദി പറഞ്ഞു.

മൂന്നാമത്തെ വിഭാഗത്തിന് ആധാരമായത് കവിയുടെ ഏറ്റവും പുതിയ ചരിത്രപഠനമായ ‘ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ’ എന്ന പുസ്തകമാണ്. ജോമോന്‍ സ്റ്റീഫന്‍ മോഡറേറ്ററായിരുന്ന വിഭാഗത്തില്‍ സംസ്‌കാരം, ദേശീയത, ചരിത്രം എന്ന വിഷയത്തില്‍ ഏറെ വിപുലമായ സംവാദം നടന്നു. പുസ്തകം എഴുതാനുണ്ടായ സാഹചര്യം അദ്ദേഹം വിശദീകരിച്ചു. ഹിന്ദുത്വ നുണകളെ നേരിടാന്‍ ജനാധിപത്യ പ്രവര്‍ത്തകര്‍ കണിശമായ ചരിത്ര ബോധമുള്ളവരായിരിക്കണം എന്ന ചിന്തയില്‍ നിന്നാണ് പുസ്തകരചന തുടങ്ങുന്നത്. ദേശീയസ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കും വഹിക്കാത്തവരാണ് ഇപ്പോള്‍ രാജ്യസ്‌നേഹത്തിന്റെ മൊത്തവ്യാപാരികളാകുന്നത്. സവര്‍ക്കര്‍ മുന്നോട്ടുവെച്ച ഹിന്ദുത്വത്തെ യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് സംഘപരിവാര്‍ സര്‍ക്കാരിന്റെ ലക്ഷ്യം എന്ന അപകടത്തെ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. സൗരവ് വിപിന്‍, നേഹ പുഷ്പരാജ് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. വിപിന്‍ കുമാര്‍ ആമുഖം അവതരിപ്പിച്ച വിഭാഗത്തില്‍ ജോഷി പെരിഞ്ഞനം നന്ദി പറഞ്ഞു.

നാലാമത്തെ വിഭാഗത്തില്‍ കവിതയുടെയും ദേശീയതയുടെയും ഭാവി എന്ന വിഷയത്തിലുള്ള കൂടിയിരിപ്പ് ചര്‍ച്ചയായിരുന്നു. രാമായണം ഒരു സാഹിത്യകൃതിയാണ്. അതിന്റെ ഭാഷ്യങ്ങള്‍ നിരവധിയാണ്. അത് ഒരു മതത്തിന്റെ കുത്തകയായി അനുവദിച്ചുകൊടുക്കുന്നത് അപകടകരമാണ്. രാമായണം അടക്കമുള്ള നമ്മുടെ സര്‍ഗരചനകളെ അവയുടെ മതനിരപേക്ഷ പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കാന്‍ നമുക്ക് സാധിക്കണം, പി എന്‍ ഗോപീകൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു. ടാഗോറിനെ പോലെ, അപകടകരമായ ദേശീയതയെ തിരിച്ചറിഞ്ഞ മറ്റൊരാളില്ല ആ പാരമ്പര്യം ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് ഇന്ത്യയിലെ എഴുത്തുകാരെ ഹിന്ദുത്വത്തിന്റെ ചതിക്കുഴിയില്‍ വീഴ്ത്താന്‍ ഇനിയും സാധിക്കാത്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു. സംവാദങ്ങള്‍ക്ക് ശേഷം സുരേഷ് ലാല്‍ നന്ദി പറഞ്ഞു.

 

Leave a Reply