റിയാദ്: വിമാന യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമം പരിഷ്‌കരിച്ച് സൗദി അറേബ്യ. സൗദി വിമാന മ്പനികള്‍ക്കും സൗദിയിലെ വിമാനത്താവളങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിദേശ വിമാന കമ്പനികള്‍ക്കും നിയമം ബാധകമാണ്.
ആറു മണിക്കൂറിലേറെ വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് 750 റിയാല്‍ നഷ്ടപരിഹാരം നല്‍കണം. ആറു മണിക്കൂറിലേറെ കാലതാമസം നേരിടുന്ന സര്‍വീസുകളിലെ യാത്രക്കാര്‍ക്ക് ഭക്ഷണവും ഹോട്ടല്‍ താമസവും ഹോട്ടലിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും വിമാന കമ്പനികള്‍ അനുവദിക്കണമെന്നാണ് നിലവിലെ ചട്ടം. ഇതിന് പുറമെയാണ് 750 റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വ്യവസ്ഥ.
സര്‍വീസ് റദ്ദാക്കിയാല്‍ യാത്രക്കാരെ മുന്‍കൂട്ടി വിവരം അറിയിക്കംം. കാലയളവിന് അനുസരിച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരം വിതരണം ചെയ്യണം. ഓവര്‍ബുക്കിങ് ഉള്‍പ്പെടെയുള്ള കാരണങ്ങളെ തുടര്‍ന്ന് സീറ്റ് നിഷേധിക്കുകയോ ക്ലാസ് താഴ്ത്തുകയോ ചെയ്താന്‍ ടിക്കറ്റ് നിരക്കിന് പുറമെ 100 ശതമാനം നഷ്ടപരിഹാരം നല്‍കണം. എന്നാല്‍ പുതിയ നിയാമം അനുസരിച്ച് 200 ശതമാനം നഷ്ടപരിഹാരത്തിന് യാത്രക്കാര്‍ക്ക് അര്‍ഹതയുണ്ട്. ബുക്കിങ് നടത്തുമ്പോള്‍ പ്രഖ്യാപിക്കാത്ത സ്‌റ്റോപ്പ്ഓവര്‍ പിന്നീട് ഉള്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ പുതിയതായി ഉള്‍പ്പെടുത്തുന്ന ഓരോ സ്‌റ്റോപ്പ്ഓവറിനും 500 റിയാല്‍ വരെ നഷ്ടപരിഹാരം ലഭിക്കും. വികലാംഗര്‍ക്ക് സീറ്റ് നിഷേധിച്ചാല്‍ ടിക്കറ്റ് നിരക്കിന്റെ 200 ശതമാനം നഷ്ടപരിഹാരം നല്‍കണം. വീല്‍ചെയര്‍ ലഭ്യമാക്കാത്തതിന് 500 റിയാലാണ് നഷ്ടപരിഹാരം.
ബാഗേജ് നഷ്ടപ്പെടുക, കേടാവുക എന്നിവക്ക് 6,568 റിയാല്‍ വരെ നഷ്ടപരിഹാരം നല്‍കണം. ലഗേജ് ലഭിക്കാന്‍ കാലതാമസം ഉണ്ടായാല്‍ ആദ്യ ദിവസത്തിന് 740 റിയാലും രണ്ടാം ദിവസം മുതല്‍ 300 റിയാല്‍ വിതവും പരമാവധി 6,568 റിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. മൂന്നു മണിക്കൂറിലേറെ വിമാനം വൈകിയാല്‍ യാത്ര റദ്ദാക്കാന്‍ യാത്രക്കാരന് അനുമതിയുണ്ട്. സര്‍വീസ് റദ്ദാക്കിയതായി കണക്കാക്കി നിയമപ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കാനും യാത്രക്കാരന് അര്‍ഹതയുണ്ടെന്ന് പുതിയ നിയമം അനുശാസിക്കുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.