സൗദിയിലേക്ക് ഇന്ത്യയുടെ ആകാശ എയര്‍; ടിക്കറ്റ് നിരക്ക് കുറയും

ദല്‍ഹി: ബഡ്ജറ്റ് എയര്‍ലൈന്‍ ആകാശ എയറിന് മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി. സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലേക്കാണ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയത്. ഇതോടെ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ പ്രവാസികള്‍ക്ക് യാത്രാ സൗകര്യം ലഭിക്കുന്നെ് പ്രതീക്ഷിക്കുന്നത്. ഈ ശൈത്യകാലം മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങാനാണ് ആകാശ എയര്‍ തയ്യാറെടുക്കുന്നത്. സൗദിയില്‍ ധാരാളം മലയാളികള്‍ ജോലി ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് കൂടുല്‍ സര്‍വീസ് ഉണ്ടാകും എന്നാണ് വിലയിരുത്തല്‍. അതേസമയം, ഇന്തന്‍ പ്രവാസി സമൂഹം ധാരാളമുളള യുഎഇയിലെ വിവിധ എമിറേറ്റുകളിലേക്കു ഉടന്‍ സര്‍വീസ് ഉണ്ടാവില്ല.

രാജ്യാന്തര സര്‍വീസുകള്‍ തുടങ്ങുന്നതിന് മുമ്പ് ഇന്ത്യയില്‍ ആകാശ എയര്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കും. വ്യോമയാന മന്ത്രാലയം വിദേശ രാജ്യങ്ങളെ വിവരം അറിയിക്കുകയും പ്രസ്തുത രാജ്യങ്ങള്‍ അവരുടെ നിയമങ്ങള്‍ക്ക് അനുസൃതമായി അനുമതി നല്‍കുന്നതോടെ ആകാശ എയറിന് സര്‍വീസ് ആരംഭിക്കാന്‍ കഴിയും. ഗള്‍ഫ് സെക്ടറിലേക്ക് ആകാശ എയര്‍ കൂടി വരുന്നതോടെ രാജ്യാന്തര വിമാന കമ്പനികള്‍ക്കിടയില്‍ മത്സരം വര്‍ധിക്കുന്നത് ടിക്കറ്റ് നിരക്കില്‍ കുറവ് വരാന്‍ ഇടയാക്കും.

ആകാശ എയറിനെ ഇന്റര്‍നാഷണല്‍ ഷെഡ്യൂള്‍ഡ് ഓപ്പറേറ്ററായി സിവില്‍ വ്യോമയാന മന്ത്രാലയം അംഗീകരിച്ചുവെന്ന് സ്ഥാപകനും സിഇഒയുമായ വിനയ് ദുബെ നേരത്തെ അറിയിച്ചിരുന്നു. അതേസമയം 43 പൈലറ്റുമാര്‍ കൂട്ടരാജി വച്ചതോടെ കമ്പനിയെ പ്രതിസന്ധിയിലാക്കിയിരുന്നു. പൈലറ്റുമാര്‍ക്ക് ക്ഷാമം നേരിട്ടതോടെ കഴിഞ്ഞ മാസം 630 സര്‍വീസുകള്‍ റദ്ദാക്കാന്‍ കമ്പനി നിര്‍ബന്ധിതമായിരുന്നു. പൈലറ്റുമാരുടെ അപ്രതീക്ഷിത രാജിയില്‍ നിയമ നടപടികളുമായി വിമാനകമ്പനി മുന്നോട്ട് പോയിരുന്നു. ഇക്കാര്യത്തില്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. തൊഴില്‍ കരാര്‍ പാലിക്കാതെ പൈലറ്റുമാരുടെ രാജിക്കെതിരെ ആകാശ എയര്‍ 23 കോടി രൂപാ നഷ്ടപരിഹാരം ആവശ്യപ്പെട്ട ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

 

 

Leave a Reply