റിയാദ്: അലിവ് ചാരിറ്റി സെല്‍ റിയാദ് ചാപ്റ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഫിസിയോ തെറാപ്പി ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍ സെപ്തംബര്‍ 12ന് നാടിനു സമര്‍പ്പിക്കും. മലപ്പുറം വേങ്ങര ചേറ്റിപ്പുറമാടിയിലാണ് അത്യാധുനിക സൗകര്യമുളള മള്‍ട്ടി സ്‌പെഷ്യാലിറ്റി സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ രാവിലെ 9.30ന് ഉദ്ഘാടനം നിര്‍വ്വഹിക്കും. പി കെ കുഞ്ഞാലിക്കുട്ടി എം പി മുഖ്യാതിഥിയായിരിക്കും. അലിവ് പ്രസിഡന്റ് സയ്യിദ് മുനവറലി തങ്ങള്‍ മധ്യക്ഷത വഹിക്കും. എം എല്‍ എ അഡ്വ. കെ ന്‍ എ ഖാദര്‍ ഉള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. 22 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദിവസവും അമ്പത് ഹലാല സംഭാവന സ്വീകരിന്ന ഹാഫ് റിയാല്‍ ക്ലബ് വഴി സമാഹരിച്ച പണം ഉപയോഗിച്ചാണ് ഫിസിയോതെറാപ്പി സെന്റര്‍ നിര്‍മ്മിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. വേങ്ങര നിയോജക മണ്ഡലം പരിധിയില്‍ വരുന്ന പഞ്ചായത്തിലെ കെഎംസിസി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളുമാണ് ഹാഫ് റിയാല്‍ ക്ലബ് അംഗങ്ങള്‍. ഫിസിയോതെറാപ്പി സെന്റര്‍ നിര്‍മ്മാണത്തിണ് ചിലവഴിച്ച തുകയിലേറെയും ക്ലബ്ബ് മുഖേന സ്വരൂപിച്ചു.
ഫിസിയോതെറാപ്പിക്ക് പുറമെ സ്പീച്ച് തെറാപ്പി, കുട്ടികള്‍ക്ക് പ്രത്യേക വിഭാഗം, ന്യൂറോ ഓര്‍ത്തോ ഫിസിയോതെറാപ്പി, കാര്‍ഡിയോതെറാപ്പി, പീഡിയാട്രിക്ക് ഫിസിയോതെറാപ്പി, സ്‌പോര്‍ട്‌സ് ഫിസിയോതെറാപ്പി, ഗൈനക്കോളജി ഫിസിയോതെറാപ്പി, മാനുവല്‍ തെറാപ്പി, സര്‍ജറിക്ക് ശേഷമുള്ള വിവിധ തെറാപ്പികള്‍, അഡ്വാന്‍സ്സ് ഇലക്ട്രോതെറാപ്പി തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്റുകളില്‍ സേവനം ലഭ്യമാണ്.
വാര്‍ത്ത സമ്മേളനത്തില്‍ അലിവ് റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് ടി വേങ്ങര, അലിവ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, മണ്ഡലം കെഎംസിസി പ്രസിഡന്റ് എ പി നാസര്‍ കുന്നുംപുറം, മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി നജ്മുദ്ധീന്‍ അരീക്കന്‍, ഭാരവാഹികളായ അഷ്‌റഫ് ടി ടി വേങ്ങര, നൗഷാദ് ചക്കാല, സഫീര്‍ എം ഇ, എം കെ നവാസ്, ടി മുസ്താഖ് വേങ്ങര പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.