Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

ഹിജ്‌റ പാലായനം പുനസ്ഷ്ടിച്ച് ‘പ്രവാചകന്റെ കാല്‍പാടുകള്‍’

നസ്‌റുദ്ദീന്‍ വി ജെ

ഇസ്‌ലാമിക ചരിത്രത്തില്‍ സുപ്രധാന അധ്യായമാണ് ഹിജ്‌റ. 1400 വര്‍ഷം മുമ്പ് മലകളും കുന്നുകളും താഴ്‌വരകളും താണ്ടി ദുര്‍ഘടമായ പാതയിലൂടെ മക്കയില്‍ നിന്ന് മദീനയിലേക്ക് പ്രവാചകനും സംഘവും സഞ്ചരിച്ചു. ഹിജ്‌റ കലണ്ടറിന്റെ ആരംഭവും ഈ സംഭവമാണ്. ഇത് പുനരാവിഷ്‌കരിച്ച് തയ്യാറാക്കിയ ഹിജ്‌റ എക്‌സിബഷന്‍ സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചയാകുന്നു. പ്രവാചകന്‍ മുഹമ്മദ് നബി (സ) ശത്രുക്കളില്‍ നിന്ന് രക്ഷ നേടുന്നതിനാണ് മക്കയില്‍ നിന്ന് മദീനയിലേക്ക് പാലായനം ചെയ്തത്. ചരിത്രത്തില്‍ രേഖപ്പെടുത്തിയ പാലായനം പ്രമേയമാക്കി ‘പ്രവാചകന്റെ കാല്‍പാടുകള്‍’ എന്ന പേരിലാണ് പ്രദര്‍ശനം. പ്രവാചകന്‍ പുറപ്പെട്ട ദിനം മുതല്‍ മദീനയിലെ ഖുബ പ്രദേശത്ത് എത്തിച്ചേരുന്നതു വരെ എട്ട് ദിവസങ്ങലെ സഞ്ചാര പഥമാണ് ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പുനരാവിഷ്‌കരിച്ചിട്ടുളളത്. പ്രവാചകന്‍ സഞ്ചരിച്ച പാതയിലൂടെ പലതവണ കാല്‍നട യാത്ര നടത്തിയ ഗവേഷകന്‍ ഡോ. അബ്ദുല്ല അല്‍ ഖാദി, പതിറ്റാണ്ടുകള്‍ നടത്തിയ പഠനങ്ങള്‍ അടിസ്ഥാനമാക്കിയാണ് പ്രദര്‍ശനം.

1401 വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 622-ാം ആണ്ട് ജൂലൈ 16ന് ദുര്‍ഘടമായ പാതകള്‍ താണ്ടി 350 കിലോ മീറ്റര്‍ സഞ്ചരിച്ചാണ് പ്രവാചകന്‍ മുഹമ്മദ് നബി (സ)യും അബൂബക്കര്‍ സിദ്ദീഖ് (റ)വും മദീനയിലെത്തിയത്. ശത്രുക്കളുടെ ക്രൂര പീഡനങ്ങള്‍ സഹിക്കാന്‍ കഴിയാത്ത വേളയിലാണ് മുസ്‌ലിംകള്‍ മദീനയിലേക്ക് പാലായനം ചെയ്യാന്‍ തീരുമാനിച്ചത്. ശത്രുക്കള്‍ അറിയാതെ ചെറു സംഘങ്ങളാണ് ആദ്യം പുറപ്പെട്ടത്. രഹസ്യമായും ഒറ്റക്കും പുറപ്പെടാനാണ് പ്രവാചകന്‍ നിര്‍ദേശിച്ചത്. മുസ്‌ലിം വീടുകളില്‍നിന്നുളളവര്‍ ഓരോ ദിവസവും പുറപ്പെട്ടു. ഖുറൈശികള്‍ കൂടുന്ന സഭകളില്‍ പ്രവാചക ശിഷ്യന്മാരുടെ തിരോധാനം ചര്‍ച്ചയായി. ഇത് ചിത്രീകരിച്ച ഡോകുമെന്ററി അതിപുരാതന ഗോത്ര വിഭാഗങ്ങളുട ദൈനംദിന ജീവിതം അടയാളപ്പെടുത്തുന്നു.

മക്കയില്‍ നിന്നു മുസ്‌ലിംകളുടെ തിരോധാനം ഖുറൈശികള്‍ക്ക് മനസ്സിലായി. അതുകൊണ്ടുതന്നെ പ്രവാചകന്റെ ശത്രുപാളയത്തിലുളള പ്രമാണിമാര്‍ ആലോചന തുടങ്ങി. നബിയെ പിടികൂടി ചങ്ങലക്കിടുക. അല്ലെങ്കില്‍ മരുഭൂമിയിലെ ഏതെങ്കിലും മൂലയിലേക്ക് നാടുകടത്തുക. ഇതു ഫലിച്ചില്ലെങ്കില്‍ വധിക്കുക. ഇതായിരുന്നു അവരുടെ ചിന്ത. മക്കയിലെ ഏറ്റവും വലിയ കുടുംബമാണ് ഹാഷിം ഗോത്രം. അഭിമാനികളും സമ്പന്നരും ശക്തരുമാണ് അവര്‍. മാത്രമല്ല, കഅ്ബാ പരിപാലകരുമാണ്. ഹാഷിം കുടുംബത്തിലെ ഒരാള്‍ കൊല്ലപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ ക്ഷമിക്കില്ല. ഘാതകന്റെ ഗോത്രത്തെ അവര്‍ നേരിടും. ഇത് ആഭ്യന്തര കലഹത്തിലേക്ക് നയിക്കും. അതുകൊണ്ടുതന്നെ പ്രവാചകനെ എല്ലാ ഗോത്രങ്ങളും ഒരുമിച്ചു നിന്നു വധിക്കണം എന്ന തന്ത്രമാണ് അവര്‍ ആവിഷ്‌കരിച്ചത്. പദ്ധതി ലക്ഷ്യം കണ്ടാന്‍ പ്രവാചകന്റെ പുത്തന്‍ പ്രസ്ഥാനം അതോടെ അവസാനിക്കും എന്നായിരുന്നു ശത്രുക്കളുടെ ചിന്ത.

ഇതിനിടെ പുറപ്പെടാന്‍ അല്ലാഹുവിന്റെ ദിവ്യസന്ദേശം പ്രവാചകനു ലഭിച്ചു. പലായനത്തിന് കല്പന വന്നെങ്കിലും ദീര്‍ഘദൃഷ്ടിയോടെ കൃത്യമായ തയ്യാറെടുപ്പുകള്‍ തുടങ്ങി. മനുഷ്യയോഗ്യമായ മുഴുവന്‍ കഴിവുകളും പ്രയോജനപ്പെടുത്തി.

നബിയെ വധിക്കണം. ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കണം. ഈ തീരുമാനവുമായി കൊലയാളി സംഘം പ്രവാചകന്റെ വീട് വളഞ്ഞു. നബി വാതില്‍ തുറന്നു. എന്നാല്‍ ശത്രുക്കളുടെ മുന്നിലും പിന്നിലും അദൃശ്യ മറകള്‍ സൃഷ്ടിച്ചു. ഉയര്‍ത്തിപ്പിടിച്ച ആയുധങ്ങളെ മറികടന്നു അല്ലാഹു സൃഷ്ടിച്ച സംരക്ഷണയില്‍ നബി(സ)യും അബൂബക്കര്‍(റ)വും ലക്ഷ്യത്തിലേക്ക് നീങ്ങി. ഏറെ ജാഗ്രതയോടെ ഊരിപ്പിടിച്ച വാളുമായി തുറിച്ചുനിന്നിട്ടും ശത്രുക്കള്‍ക്ക് പ്രവാചകന്റെ യാത്ര കാണാന്‍ കഴിഞ്ഞിരുന്നില്ല.

യമനിലേക്കുള്ള വഴിയില്‍ ദക്ഷിണ ഭാഗത്തേക്ക് സഞ്ചരിച്ച് സൗര്‍ പര്‍വതത്തിലെ ഗുഹയില്‍ അഭയം തേടി. നബിയെ കണ്ടെത്താന്‍ മക്കയുടെ മുഴുവന്‍ ഭാഗങ്ങളിലും ഖുറൈശികള്‍ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. മൂന്നു ദിവസത്തെ ഗുഹാവാസത്തിനു ശേഷം സഞ്ചാരം ഇല്ലാത്ത ദുര്‍ഘട പാതയിലൂടെ പാലായനം തുടര്‍ന്നു.

ഇത്തരത്തില്‍ യാത്രയുടെ ഓരോ ദിവസത്തെയും സഞ്ചാര പാത, താമസ കേന്ദ്രങ്ങള്‍, എന്നിവ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പ്രദര്‍ശന നഗരിയില്‍ പുനരാവിഷ്‌കരിച്ചിട്ടുളളത്. എട്ട് ദിവസം സമയമെടുത്താണ് സംഘം മദീനയിലെ ഖുബ പ്രദേശത്ത് എത്തിച്ചേര്‍ന്നത്. ഓരോ ദിവസത്തെയും താമസ കേന്ദ്രം, അതിന്റെ പശ്ചാത്തലം എന്നിവയെല്ലാം വിശദീകരിക്കുന്നതാണ് പ്രദര്‍ശനത്തിന്റെ പ്രത്യേകത.

ഇമാം അബ്ദുറഹ്മാന്‍ ബിന്‍ ഫൈസല്‍ യൂനിവേഴ്‌സിറ്റിയിലെ അര്‍ബന്‍ ആന്റ് റീജിയനല്‍ പ്ലാനിംഗ് വകുപ്പ് മോധാവി ഡോ. അബ്ദുല്ല അല്‍ ഖാദി 30 വര്‍ഷം നടത്തിയ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഹിജ്‌റ പ്രദര്‍ശനം രൂപകല്പന ചെയ്തിട്ടുളളത്. അല്‍ ഖാദി എട്ട് തവണ കാല്‍ നടയാത്രയും പര്യവേഷണവും നടത്തി ശേഖരിച്ച വിവരങ്ങളാണ് ആധികാരികമായി അംഗീകരിച്ചിട്ടുളളത്.

14 വിഭാഗങ്ങളായി തിരിച്ചാണ് ഹിജ്‌റ എക്‌സിബിഷന്‍ ഒരുക്കിയിട്ടുളളത്. പുരാവസ്തുക്കള്‍, പുരാവസ്തു ഗവേഷണം, പ്രവാചകന്റെ മദീന കുടിയേറ്റം, മസ്ജിദുന്നബവി, പ്രവാചകന്റെ പാദരക്ഷ, ചരിത്രം രേഖപ്പെടുത്തിയ പ്രഥമ ഭരണ ഘടന, ഹിജ്‌റയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ അനാവരണം ചെയ്യുന്ന ഡോക്യുമെന്ററി എന്നിവ ഇതില്‍ ഉള്‍പ്പെടും.

{പവാചകന്‍ മുഹമ്മദ് നബി ഉപയോഗിച്ച പാദരക്ഷകള്‍ പുനസൃഷ്ടിച്ചത് പ്രദര്‍ശനത്തിലെ ആകര്‍ഷക ഘടകമാണ്. ലതറില്‍ നെയ്ത പാദരക്ഷകളാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. 1287ല്‍ മൊറോക്കന്‍ ഹദീസ് പണ്ഡിതനായ ഇബ്‌നു അസക്കര്‍ നബിതിരുമേനി ഉപയോഗിച്ച പാദരക്ഷകളുടെ മാതൃക വിവരിച്ചിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കി 13-ാം നൂറ്റാണ്ടില്‍ കൈകൊണ്ട് നിര്‍മിച്ച ചെരിപ്പിന്റെ പകര്‍പ്പാണ് പ്രദര്‍ശിപ്പിച്ചിട്ടുളളത്.

ബ്രൗണ്‍ നിറത്തില്‍ ഏകദേശം 12 ഇഞ്ച് നീളമുളള ചെരുപ്പിന്റെ മുന്‍ ഭാഗം കൂര്‍ത്തതും പിന്‍ഭാഗം ആര്‍ച്ച് ഷെയ്പിലുമാണ് രൂപകല്പന ചെയ്തിട്ടുളളത്. ഒന്നര ഇഞ്ചിലധികം വലിപ്പമുളള അപ്പര്‍ ബെല്‍റ്റും പിന്നിയെടുത്ത രണ്ട് വളളികളും ചേര്‍ന്നതാണ് പാദരക്ഷ. പിന്നിയ വളളി ഇരു വശങ്ങളിലേക്കും സന്ധിക്കുന്ന സ്ഥലത്ത് ഒരിഞ്ച് വലിപ്പത്തില്‍ ഏഴ് ദളങ്ങളുളള പുഷ്പാകൃതിയിലുളള ലതര്‍ ഉപയോഗിച്ച് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.

യൂറോപ്പില്‍ ഐബീരിയ ഉപദ്വീപില്‍ മധ്യകാലഘട്ടങ്ങളില്‍ നിലവിലിരുന്ന മുസ്ലീം രാജ്യങ്ങള്‍ ഉള്‍പ്പെട്ട പ്രദേശമാണ് അല്‍ അന്തലൂസ്. ഇവിടെയുളള കരകൗശല വിദഗ്ദരും വടക്കേ ആഫ്രിക്കയിലെ വിദക്ദരുമാണ് പാദരക്ഷയുടെ മാതൃകക്ക് രൂപം നല്‍കിയത്. ഇതിന്റെ പകര്‍പ്പാണ് ഹിജ്‌റ എക്‌സിബിഷനിലുളളത്.

പ്രദര്‍ശന നഗരിയിലെ മറ്റൊരാകര്‍ഷണം മദീനയുടെ അധികാരം ഏറ്റെടുത്ത പ്രവാചകന്‍ രൂപം നല്‍കിയ ഭരണ ഘടനയാണ്. 200 വര്‍ഷം മുമ്പാണ് ഇത് ക്രോഡീകരിച്ചത് എന്നാണ് കരുതുന്നത്. മക്കയില്‍ നിന്ന് കുടിയേറിയവര്‍, യഥ്‌രിബ് ഗോത്രങ്ങള്‍, അവരുടെ സഖ്യ കക്ഷികള്‍ എന്നിവരെല്ലാം ഒരു സമുദായമാണെന്ന് ഈ ഭരണ ഘടനയുടെ ആമുഖം വ്യക്തമാക്കുന്നു. കൂട്ടുത്തരവാദിത്തം, ദിയാ ധനം, മോചന ദ്രവ്യം എന്നിവയും ഇതില്‍ വ്യക്തമാക്കുന്നുണ്ട്.

മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഉപയോഗിച്ചിരുന്ന കൈകൊണ്ട് നെയ്‌തെടുത്ത വിവിധ തരം പരവതാനികള്‍, മസ്ജിദില്‍ വൈദ്യുതീകരണത്തിന് മുമ്പു ഉണ്ടായിരുന്ന ചെമ്പില്‍ തീര്‍ത്ത വിളക്ക്, സുഗന്ധം പുകക്കുന്നതിനുളള പരമ്പരാഗത തളിക, മദീനയിലെ അതിപുരാതന നാണയം, പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതിയ ഹജ് ഗൈഡ്, ഏറ്റവും ചെറിയ ഖുര്‍ ആന്‍ പതിപ്പ്, മദീനാ പളളിയിലെ പ്രസംഗ പീഠത്തിന്റെ മാതൃക, ഖുര്‍ആന്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ബാഗ്, മദീനയിലെ അതിപൂരാതന അളവു പാത്രം, അംഗശുദ്ധി വരുത്തുന്നതിന് ഉപയോഗിച്ചിരുന്ന ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത ദീര്‍ഘ വൃത്താകൃതിയിലുളള പാത്രം എന്നിവ പ്രദര്‍ശനത്തില്‍ കാണാം. ഖസ്‌വ എന്ന പേരിലുളള പ്രവാചകന്റെ ഒട്ടകവും പ്രദര്‍ശനത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

മക്കയില്‍ നിന്ന് പ്രവാചകന്‍ മദീനയിലേക്ക് സഞ്ചരിച്ച പാതയില്‍ പര്യവേഷണ സംഘം കണ്ടെത്തിയ നാഴിക കല്ലുകളും പ്രദര്‍ശന നഗരിയില്‍ കാണാം. ഇതില്‍ കൊത്തിവെച്ച അറബി ലിപികള്‍ക്ക് നൂറ്റാണ്ടുകളു ൈപഴക്കമുണ്ട്.

അറേബ്യന്‍ ഉപദ്വീപിന്റെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണ് പുണ്യ നഗരങ്ങളായ മക്കയ്ക്കും മദീനക്കുമുളളത്. അതുകൊണ്ടുതന്നെ ഹിജ്‌റ പ്രദര്‍ശനം വിലമതിക്കാനാവാത്ത അനുഭവമാണ് സമ്മാനിക്കുന്നത്.

റിയാദ് ദേശീയ മ്യൂസിയത്തിലെ പ്രദര്‍ശനത്തിന് ശേഷം ജിദ്ദ, മദീന എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിക്കും. അടുത്ത വര്‍ഷം അവസാനത്തോടെ ലോകത്തെ വിവിധ നഗരങ്ങളിലും ഹിജ്‌റ പ്രദര്‍ശനം അരങ്ങേറും. റിയാദിലെ നാഷണല്‍ മ്യൂസിയം, ഹോം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട്, കിംഗ് അബ്ദുല്‍ അസീസ് ലൈബ്രറി കോംപ്ലക്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് ഹിജ്‌റ പ്രദര്‍ശനം.

70 ഗവേഷകര്‍, വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച കലാകാരന്‍മാര്‍ എന്നിവരടങ്ങിയ സംഘം മൂന്ന് വര്‍ഷം സമയം എടുത്താണ് അന്താരാഷ്ട്ര നിലവാരമുളള പ്രദര്‍ശനം തയ്യാറാക്കിയത്. ഇസ്‌ലാമിന്റെ ആവിര്‍ഭാവം ആധുനിക വീക്ഷണത്തില്‍ പുനരാവിഷ്‌കരിച്ച് പുതുതലമുറയെ ചരിത്രം പഠിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് പ്രദര്‍ശനം. ഇസ്‌ലാമിക വര്‍ഷാരംഭം വ്യക്തമാക്കുന്ന ആദ്യ പ്രദര്‍ശനം എന്ന പ്രത്യേകതയും എടുത്തുപറയണം. ഇതിനുപുറമെ പ്രവാചകന്റെ മദീനയിലേക്കുള്ള യാത്ര കലാപരമായി പുനരാഖ്യാനം ചെയ്യാനും ഹിജ്‌റ പ്രദര്‍ശനത്തിന് കഴിഞ്ഞിട്ടുണ്ട്.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top