അബ്ദുല്‍ ബഷീര്‍ ഫത്തഹുദ്ദീന്‍

റിയാദ്: അറബ് ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് സൗദി വാണിജ്യ മന്ത്രാലയത്തിന് സമ്മാനിക്കും.
അറബ് ലോകത്തെ അയ്യായിരത്തിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏറ്റവും മികച്ച സേവനത്തിനാണ് അവാര്‍ഡ്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. അറബ് ലോകത്തെ ഏറ്റവും മികച്ച സര്‍ക്കാര്‍ സേവനത്തിനുള്ള അവാര്‍ഡും വാണിജ്യ മന്ത്രാലയത്തിന് ലഭിച്ചു. ഉപഭോക്താവിന് 30 മിനിറ്റിനുള്ളില്‍ കമ്പനി സജ്ജീകരിക്കാന്‍ പ്രാപ്തമാക്കുന്ന ‘സെറ്റപ്പ് യുവര്‍ കമ്പനി’ സേവനത്തിനാണ് അംഗീകാരം.

ഇതിനുപുറമെ മികച്ച സര്‍ക്കാര്‍ അതോറിറ്റിയായി സൗദി അറേബ്യന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയെ തെരഞ്ഞെടുത്തു. സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് കേസുകളില്‍ ഉള്‍പ്പെടുന്നവരെ സഹായിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈഎടുത്ത് നടപ്പിലാക്കിയ ‘ഫുരിജാത്’ സേവനം, മികച്ച അറബ് ഗവണ്‍മെന്റ് സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ റിയല്‍ എസ്‌റ്റേറ്റ് ആപ് എന്നിവയും അവാര്‍ഡ് നേടി. നാഷണല്‍ വാട്ടര്‍ കമ്പനി എക്‌സിക്യൂട്ടീവ് ചീഫ് ഓഫീസര്‍ മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ മുവാകിലി അറബ് സ്ഥാപനത്തിലെ മികച്ച ജനറല്‍ മാനേജര്‍ക്കുള്ള അവാര്‍ഡിനും അര്‍ഹനായി. ദുബായില്‍ നടന്ന വിര്‍ച്ച്വല്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിജയികളെ പ്രഖ്യാപിച്ചു.
അറബ് ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് വാണിജ്യ മന്ത്രാലയത്തിന് ലഭിക്കുന്നത് ഏറ്റവും അഭിമാനകരമായ നേട്ടമാണെന്ന് വാണിജ്യ മന്ത്രി ഡോ. മജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസാബി അഭിപ്രായപ്പെട്ടു. വാണിജ്യ മന്ത്രാലയത്തിന്റെ സൃഷ്ടിപരമായ പരിശ്രമങ്ങളെയും കഠിനാധ്വാനത്തെയും ഫലമാണ് അവാര്‍ഡ്. മാത്രമല്ല രാജ്യത്തു നടപ്പിലാക്കുന്ന വിഷന്‍ 2030ന്റെ ഫലമാണ് അവാര്‍ഡെന്നും മന്ത്രി പറഞ്ഞു.
യുഎഇ സര്‍ക്കാരാണ് അറബ് ലീഗുമായി സഹകരിച്ച് അറബ് ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. രണ്ട് മുഖ്യ വിഭാഗങ്ങളിലായി 15 അവാര്‍ഡുകള്‍ വിതരണം ചെയ്യു ന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
