Sauditimesonline

SaudiTimes

സര്‍ഗ സംവാദം സാര്‍ത്ഥകമാക്കി ‘ചില്ല’; ‘എന്റെ വായന’ 70 കടന്നു

റിയാദ്: ചില്ല സര്‍ഗ വേദി പ്രതിമാസ വായന 70 ലക്കം പിന്നിട്ടു. 2015ല്‍ ആരംഭിച്ച ‘എന്റെ വായന’യുടെ എഴുപതാമത് ലക്കം വെര്‍ച്വല്‍ ഒത്തുചേരലായി സംഘടിപ്പിച്ചു. കെ ആര്‍ മീരയുടെ നോവല്‍ ‘ഖബര്‍’ പ്രിയ സന്തോഷ് അവതരിപ്പിച്ചു.

അഞ്ചു വര്‍ഷം മുടങ്ങാതെ എല്ലാ മാസവും ചില്ല പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം മാര്‍ച്ച് മുതല്‍ വെര്‍ച്വല്‍ പ്ലാറ്റുഫോമിലായിരുന്നു പരിപാടികള്‍. ലോക്‌ഡോണ്‍ കാലത്ത് പ്രതിവാര വെര്‍ച്വല്‍ സംവാദങ്ങളും നടന്നു. സാറാ ജോസഫ്, ബെന്യാമിന്‍, എസ് ഹരീഷ്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, വി മുസഫര്‍ അഹമ്മദ്, മനോജ് കുറൂര്‍, അംബികാ സുതന്‍ മാങ്ങാട്, സോണിയ റഫീഖ്, ഫര്‍സാന അലി എന്നിവര്‍ സംവാദങ്ങളെ സര്‍ഗാത്മകമാക്കി.

അറബ് കവി ശിഹാബ് ഗാനിം, കെ സച്ചിദാന്ദന്‍, ഇ സന്തോഷ് കുമാര്‍ എന്നിവര്‍ വിവിധ കാലങ്ങളില്‍ വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുത്തു. 2014 ഡിസംബറില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവായിരുന്നു ചില്ലയുടെ ഉദ്ഘാടനം. ബുക്ക്വിസ് എന്ന പേരില്‍ പെന്‍ഡുലം ബുക്‌സുമായി സഹകരിച്ച് നടത്തുന്ന ഓണ്‍ലൈന്‍ സാഹിത്യപ്രശ്‌നോത്തരിയില്‍ 2018 മെയ് മുതല്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളികള്‍ പങ്കെടുക്കുന്നു. മുഴുദിന സംവാദപരിപാടിയായ ലെറ്റ്‌ബേറ്റ്, പുതുതലമുറക്കായി ഒരുക്കിയ ബ്ലൂംറീഡ്‌സ് എന്നിവയും ചില്ലയുടെ നേതൃത്വത്തില്‍ അരങ്ങേറുന്നുണ്ട്.

നവംബര്‍ വായനയില്‍ മനു എസ് പിള്ളയുടെ ‘ദ കോര്‍ട്ടിസാന്‍ ദ മഹാത്മ ആന്റ് ദ ഇറ്റാലിയന്‍ ബ്രാഹ്മിന്‍’ എന്ന ചരിത്രാഖ്യാന പുസ്തകത്തിന്റെ വായനാനുഭവം അനസൂയ പങ്കുവച്ചു. കെ പി റഷീദിന്റെ ‘ലോക്‌ഡൌണ്‍ ഡേയ്‌സ് അടഞ്ഞ ലോകത്തിന്റെ ആത്മകഥ’ എന്ന പുസ്തകം നജിം കൊച്ചുകലുങ്ക് അവതരിപ്പിച്ചു. ടി ഡി രാമകൃഷ്ണന്റെ ‘മാമ ആഫ്രിക്ക’ യുടെ വായനാസ്വാദനം കൊമ്പന്‍ മൂസ നടത്തി. ബീന, ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍, വിപിന്‍ കുമാര്‍, അമൃത സുരേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സീബ കൂവോട് മോഡറേറ്ററായിരുന്നു. ഈ വര്‍ഷത്തെ ഖത്തര്‍ സംസ്‌കൃതി സിവി ശ്രീരാമന്‍ പുരസ്‌കാരം നേടിയ ബീനയെ ചില്ല അനുമോദിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top