
റിയാദ്: ഇന്ത്യന്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ എം എം നരവാനെ സൗദി അറേബ്യ സന്ദര്‍ശിക്കുന്നു. ഈ മാസം 13, 14 തീയതികളിലാണ് സന്ദര്‍ശനം. ദ്വിദിന സന്ദര്‍ശനത്തില്‍ സൗദിയിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ഊഷ്മളമാക്കുന്നതിനുളള ചര്‍ച്ചകളാണ് മുഖ്യ അജണ്ട. പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും സ്ഥാപനങ്ങള്‍ തമ്മിലുളള സഹകരണവും ചര്‍ച്ചയില്‍ വിഷയമാകും. റോയല്‍ സൗദി ലാന്‍ഡ് ഫോഴ്‌സ് ആസ്ഥാനം, ജോയിന്റ് ഫോഴ്‌സ് കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, കിംഗ് അബ്ദുല്‍ അസീസ് മിലിട്ടറി അക്കാദമി എന്നിവ സന്ദര്‍ശിക്കും. നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റി സന്ദര്‍ശനം നടത്തുന്ന എം എം നരവാനെ വിദ്യാര്‍ത്ഥികളെയും ഫാക്കല്‍റ്റികളെയും അഭിസംബോധന ചെയ്യും.

നാളെയും മറ്റെന്നാളും യുഎഇ സന്ദര്‍ശിക്കുന്ന എം എം നരവാനെ ഇന്ത്യ യുഎഇ പ്രതിരോധ ബന്ധം മെച്ചപ്പെടുത്തുന്നതിനു വിവിധ തലങ്ങളില്‍ ചര്‍ച്ചയും കൂടിക്കാഴ്ചയും നടത്തും. ആദ്യമായാണ് ഇന്ത്യന്‍ ആര്‍മി മേധാവി യുഎഇയും സൗദി അറേബ്യയും സന്ദര്‍ശിക്കുന്നത്. അതുകൊണ്ടുതന്നെ സന്ദര്‍ശനം ചരിത്രപരമായ നാഴിക കല്ലായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
