
റിയാദ്: ഫൈസര്‍ ബയോടെകിന്റെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അനുമതി നല്‍കി. കഴിഞ്ഞ മാസം 24ന് ഫൈസര്‍ ബയോടെക് സൗദിയില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് അനുമതി തേടി അതോറിറ്റിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. വിദഗ്ദ സമിതിയുടെ പഠനത്തിനും സൂക്ഷ്മമായ വിലയിരുത്തലുകള്‍ക്കും ശേഷമാണ് ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയത്.

ഫൈസര്‍ സമര്‍പ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാക്‌സിന്‍ രജിസ്‌ട്രേഷന് അംഗീകാരം നല്‍കിയത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരം മികച്ച ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നമാണ് ഫൈസറിന്റെ വാക്‌സിനെന്ന് ശാസ്ത്രീയമായി നടത്തിയ അവലോകനം വ്യക്തമാക്കുന്നുണ്ട്. പ്രതിരോധ വാക്‌സിന്റെ വിവരങ്ങള്‍ പഠിക്കുന്നതിനായി ദേശീയ, അന്തര്‍ദ്ദേശീയ രംഗത്തെ വിദഗ്ധരും സ്‌പെഷ്യലിസ്റ്റുകളും നിരവധി ചര്‍ച്ചകള്‍ നടത്തി. അതോറിറ്റിയുടെ സംശയങ്ങള്‍ക്ക് മറുപടി ലഭിക്കുന്നതിന് ഫൈസര്‍ പ്രതിനിധികളുമായി കൂടിയാലോചനയും നടത്തിയിരുന്നു. അതിന് ശേഷമാണ് അംഗീകാരം നല്‍കിയതെന്നും അതോറിറ്റി വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
