Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

ഏഷ്യന്‍ ഗെയിംസ് 2030: റിയാദ് ആതിഥേയത്വം വഹിക്കാന്‍ സാധ്യത

അബ്ദുല്‍ ബഷീര്‍ ഫത്തഹുദ്ദീന്‍

റിയാദ്: ഇരുപത്തിയൊന്നാമത് ഏഷ്യന്‍ ഗെയിംസ് 2030ല്‍ വേദിയാകാനുള്ള മത്സരത്തില്‍ സൗദി മുന്നില്‍. ആതിഥേയത്വത്തിനുള്ള വിശദാംശങ്ങള്‍ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സിലിന്റെ(ഒസിഎ) മൂല്യനിര്‍ണയ സമിതി കഴിഞ്ഞ ദിവസം റിയാദില്‍ വിലയിരുത്തി. ഗെയിംസിനുളള തയ്യാറെടുപ്പുകളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പ്രദര്‍ശിപ്പിച്ചു സൗദിയുടെ കായിക രംഗത്തെ സൗകര്യങ്ങളുടെ കരുത്തുകാട്ടി എന്നാണ് റിപ്പോര്‍ട്ട്.

സമിതിയുടെമൂന്ന് ദിവസത്തെ സന്ദര്‍ശനവേളയില്‍ അന്താരാഷ്ട്ര, പ്രാദേശിക കായിക മത്സരങ്ങള്‍ക്ക് വിജയകരമായി ആതിഥേയത്വം വഹിച്ചതിന്റെ അനുഭവങ്ങളും കായിക പദ്ധതികള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന പിന്തുണയുംതുറന്ന് കാട്ടാന്‍ കഴിഞ്ഞു. ‘ഖിദ്ദിയ’യിലേതുള്‍പ്പെടെ രാജ്യത്ത് നടക്കുന്ന അടിസ്ഥാന സൗകര്യങ്ങളിലെ വന്‍കുതിപ്പും രാജ്യത്തെ യുവതലമുറയ്ക്ക് കായിക മത്സരങ്ങളോടുള്ള ആഭിമുഖ്യവും മൂല്യ നിര്‍ണ്ണയ സമിതി വിലയിരുത്തി. കായിക മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍, റിയാദ് ബിഡ്ഡിംഗ് കമ്മിറ്റി ഡയറക്ടര്‍ പ്രിന്‍സ് ഫഹദ് ബിന്‍ ജൂലുവെ, അന്താരാഷ്ട്ര ഒളിമ്പിക് കൗണ്‍സില്‍ അംഗം കൂടിയായ സൗദിയുടെ അമേരിക്കന്‍ അംബാസിഡര്‍ പ്രിന്‍സസ് റീമ ബിന്‍ത് ബന്ദര്‍ അല്‍സൗദ് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

ഏഷ്യന്‍ വന്‍കരയിലെ എല്ലാ രാജ്യങ്ങളും പങ്കടുക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാന്‍ സൗദി തലസ്ഥാനത്തിന് അവസരം ലഭിക്കുമെന്ന് കരുതുന്നതായി മൂല്യനിര്‍ണയ സമിതി മേധാവി ആന്‍ഡ്രിയ ക്രാക്കോവ് സന്ദര്‍ശനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഏഷ്യാഡിന്ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ അഭിലാഷവും വിഷന്‍ 2030 പദ്ധതികള്‍ തമ്മിലുള്ള സംയോജനവും അതിശയകരമാണ്. സംഘാടകരുടെ ആവേശവും സര്‍ക്കാര്‍ പിന്തുണയും കണക്കിലെടുക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2020 ഡിസംബര്‍ 16 ന് മസ്‌കത്തില്‍ നടക്കുന്ന ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സിലിന്റെ 39ാമത് പൊതുസമ്മേളനത്തില്‍ ആതിഥേയ നഗരത്തെ തിരഞ്ഞെടുക്കും. ഉസ്‌ബെക്കിസ്ഥാന്‍, ചൈനീസ് തായ്‌പേയ്, ദക്ഷിണ കൊറിയ, ചൈന, ഇന്ത്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളും ഗെയിംസിന് ആതിഥേയത്വം വഹിക്കുവാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എങ്കിലും വിവിധ കാരണങ്ങളാല്‍ പിന്മാറുകയായിരുന്നു. നിലവില്‍ റിയാദ്, ദോഹ എന്നീ ഗള്‍ഫ് നഗരങ്ങള്‍ മാത്രമാണ് വേദിയാകുവാന്‍ ഔദ്യോഗികമായി പരിശ്രമിക്കുന്നത്. 2006 ഡിസംബറില്‍ ദോഹ പതിനഞ്ചാമത് ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിച്ചിട്ടിട്ടുണ്ട്.

ഏഷ്യന്‍ ഗെയിംസിന്റെ 19ാമത് പതിപ്പ് 2022ല്‍ ചൈനയിലെ ഹാങ്ഝൗവിലും 20ാം ഏഷ്യാഡ് 2026ല്‍ ജപ്പാനിലെ ഐച്ചിനാഗോയയിലുമാണ് അരങ്ങേറുക.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top