റിയാദ്: റഹിം അസിസ്റ്റന്‍സ് കമ്മറ്റി റിയാദില്‍ സമാഹരിച്ച പണത്തിന്റെ മുഴുവന്‍ വിവരങ്ങളും ഓഡിറ്റിന് ശേഷം പുറത്തുവിടുമെന്ന് കമ്മറ്റി ചെയര്‍മാന്‍ സിപി മുസ്തഫ. റിയാദിലെ മുഴുവന്‍ മലയാളി സമൂഹവും ഒരുമിച്ച് ഏറ്റെടുത്ത ദൗത്യമാണ് ധന സമാഹരണ യജ്ഞം. ഇത് ഏറ്റവും സുതാര്യമായി കൈകാര്യം ചെയ്യാനും പൊതു സമൂഹത്തെ അറിയിക്കാനും കമ്മറ്റിയ്ക്ക് ഉത്തരവാദിത്തമുണ്ട്. അത് നിറവേറ്റാനുളള ഒരുക്കത്തിലാണെന്നും സിപി മുസ്തഫ് സൗദിടൈംസിനോട് പറഞ്ഞു.
നാട്ടിലുളള നിയമ സഹായ സമിതിയുമായി നിരന്തരം ഏകോപനം നടത്തിയാണ് റിയാദ് ഉള്‍പ്പെടെ വിവിധ പ്രവിശ്യകളില്‍ ധന സമാഹരണം നടത്തിയത്. കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ 75 ലക്ഷം, ബിരിയാനി ചലഞ്ചിലൂടെ നേടിയ തുക, വിവിധ കൂട്ടായ്മകളുടെ ചെറുതും വലുതുമായ സംഖ്യകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ നാട്ടിലെ സമിതിയെ അറിയിച്ചിരുന്നു.
സേവ് റഹിം ആപ് പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ച സമയം വിവിധ പ്രവിശ്യകളില്‍ സമാഹരിച്ച തുക സംബന്ധിച്ച വിവരം ഓഡിറ്റ് സ്ഥാപനമായ പിഎംഎ അസോസിയേറ്റ്‌സ് ശേഖരിച്ചിരുന്നു. ഇതുകൂടി ചേര്‍ത്താണ് 34.45 കോടി സമാഹരിച്ചതായി ഓഡിറ്റര്‍ വ്യക്തമാക്കിയതെന്നും സിപി മുസ്തഫ വിശദീകരിച്ചു.
റിയാദില്‍ സമാഹരിച്ച പണത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പൊതുപരിപാടിയില്‍ അവതരിപ്പിക്കും. റിയാദ് അസിസ്റ്റന്‍സ് കമ്മറ്റിയ്ക്ക് ലഭിച്ച ഓരോ രൂപയുടെയും കൃത്യമായ കണക്ക് ബോധിപ്പിക്കും. അത് ഏറ്റവും അടുത്ത ദിവസം നടക്കും. ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത നിയമ സഹായ സമിതിയുടെ നിയമാവലി പ്രകാരം റഹീമിന്റെ മോചനത്തിന് ആവശ്യമായ തുക കഴിഞ്ഞ് ബാക്കിയുളള സംഖ്യ സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നാണ് വ്യക്തമാക്കിയിട്ടുളളത്. അതുകൊണ്ടുതന്നെ അക്കൗണ്ടിലെത്തിയ പണം വകമാറ്റി ചെലവഴിക്കാന്‍ കഴിയില്ലെന്ന് നാട്ടിലെ സമിതിയും വ്യക്തമാക്കിയിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.