റിയാദ്: ‘റിയാദ് ജീനിയസ് 2024’ മത്സരാര്‍ത്ഥികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഫോം പുറത്തിറക്കി. ഏപ്രില്‍ 19ന് മലാസ് ലുലു ഹൈപ്പര്‍ അരീനയില്‍ ജിഎസ് പ്രദീപ് നയിക്കുന്ന പരിപാടിയാണ റിയാദ് ജീനിയസ്. ഗൂഗിള്‍ രജിസ്‌ട്രേഷന്‍ വഴി അപേക്ഷിക്കുന്ന ആദ്യ 400 പേര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം. രജിസ്റ്റര്‍ ചെയ്ത മത്സരാര്‍ത്ഥികളുമായുള്ള ആദ്യ റൗണ്ട് മത്സരത്തില്‍ നിന്നു തെരഞ്ഞെടുക്കുന്ന ആറുപേന ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കും. മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
റിയാദ് ജീനിയസായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് ക്യാഷ് അവാര്‍ഡും, ഫലകവും റണ്ണറപ്പുമാരാകുന്നവര്‍ക്ക് അവാര്‍ഡ് തുകയുടെ പത്ത് ശതമാനവും ഫലകവും സമ്മാനമായി ലഭിക്കും. വിസിറ്റ് വിസയില്‍ ഉള്ളവര്‍ക്കും മത്സരത്തില്‍ പങ്കാളികളാകാം. രജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കുമെന്ന സംഘാടകര്‍ അറിയിച്ചു.
കേളി കലാസാംസ്‌കാരിക വേദി 23-ാം വാര്‍ഷികം ‘കേളിദിനത്തിന്റെ ഭാഗമായാണ് ‘റിയാദ് ജീനിയസ് 2024’ അരങ്ങേറുന്നത്. ഓണ്‍ ലൈന്‍ ടിക്കറ്റ് ബുക്കിങ് സൈറ്റായ ചുട്ടി ആപ് ആണ് പരിപാടിയുടെ മുഖ്യ പ്രയോജകര്‍. കേളിദിന സംഘാടക സമിതി ഓഫിസില്‍ നടന്ന ലോഞ്ചിങ് ചടങ്ങില്‍ സംഘാടക സമിതി വൈസ് ചെയര്‍മാന്‍ റഫീഖ് പാലത്ത് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സുരേഷ് കണ്ണപുരം വിശദീകരണം നല്‍കി. രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഗൂഗിള്‍ ഫോം ലോഞ്ചിങ് നടത്തി. പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യില്‍, ഷമീര്‍ കുന്നുമ്മല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.. സംഘാടക സമിതി കണ്‍വീനര്‍ മധു ബാലുശ്ശേരി സ്വാഗതവും ട്രഷറര്‍ സെന്‍ ആന്റണി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.