Sauditimesonline

SaudiTimes

ശിശു മോഷണത്തിന് പിന്നിലെ സ്വഭാവ വൈകൃതങ്ങള്‍

നവജാത ശിശുക്കളെ മോഷിടിക്കുക. അവരെ ശുശ്രൂഷിക്കുക. വളര്‍ത്തുക. വലുതാക്കുക. ആശ്ചര്യവും അത്ഭുതവും നിറഞ്ഞ ക്രൈം സ്‌റ്റോറിയാണ് സൗദിയിലെ പ്രധാന ചര്‍ച്ച. തൊണ്ണൂറുകളില്‍ സൗദി അറേബ്യയെ പിടിച്ചു കുലുക്കിയ ശിശു മോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സ്ത്രീ പിടിയിലാവുകയും ചെയ്തു. സ്വന്തം രക്തത്തിലുളള കുടുംബാംഗങ്ങളെ ആദ്യമായി തിരിച്ചറിഞ്ഞ രണ്ടു യുവാക്കളുടെ വൈകാരികമായ ഒത്തു ചേരല്‍ സാമൂഹിക മാധ്യമങ്ങളിലും വൈറലാണ്.

27 വര്‍ഷം മുമ്പു സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയായ ദമ്മാമില്‍ നടന്ന സംഭവം രാജ്യത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു. നവജാത ശിശുക്കളുടെ തിരോധാനം പൊലീസിനെയും ആശുപത്രി അധികൃതരെയും ഏറെ വിഷമിപ്പിച്ചു. ആരോഗ്യ മന്ത്രാലയവും പൊലീസിലെ വിവിധ ഏജന്‍സികളും അന്വേഷണം നടത്തി. എന്നാല്‍ യാതൊരു തുമ്പും ലഭിച്ചില്ല.

നൊന്തു പ്രസവിച്ച ഉമ്മമാരുടെ തേങ്ങലും ദുഖവും തുടരുന്നതിനിടെയാണ് രണ്ടര പതിറ്റാണ്ടിന് ശേഷം കേസിന് തുമ്പുണ്ടാകുന്നത്. സ്വദേശി യുവതിയായ മറിയം ആണ് കഥയിലെ നായിക. ആണ്‍മക്കളില്ലാത്ത ദുഖം തീര്‍ക്കാനാണ് അവര്‍ മൂന്ന് വര്‍ഷത്തെ ഇടവേളകളില്‍ നവജാത ശിശുക്കളെ മോഷ്ടിച്ചതെന്നാണ് പറയുന്നത്.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ശിശുക്കളെ സ്വയം ഏറ്റെടുത്ത് ശുശ്രൂഷിക്കുകയായിരുന്നു എന്നാണ് മറിയം പൊലീസിന് നല്‍കിയ മൊഴി. ഇത് മുഖവിലക്കെടുക്കാതെ അന്വേഷണം തുടങ്ങിയതോടെയാണ് 50 വയസുളള മറിയം കസ്റ്റഡിയിലായത്. ഇവര്‍ തട്ടിയെടുത്ത മൂന്നു കുട്ടികള്‍ക്കും ഇപ്പോള്‍ 20 വയസിന് മുകളില്‍ പ്രായമുണ്ട്. ഇവരില്‍ രണ്ട് യുവാക്കളുടെ മാതാപിതാക്കളെ പൊലീസ് കണ്ടെത്തുകയും ചെയ്തു.

1993ല്‍ ആണ് രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയായ ദമാമിലെ ഖത്തീഫിലുളള ആശുപത്രിയില്‍ നിന്നു നവജാത ശിശുവിനെ കാണാതാകുന്നത്. ഇന്ന് 27 വയസുളള നായിഫ് അല്‍ ഖറാദിയെ ആണ് തട്ടിക്കൊണ്ടുപോയത്. നായിഫ് അല്‍ ഖാദിരിയെ ഡി എന്‍ എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. മകനുവേണ്ടിയുളള കാത്തിരിപ്പിനൊടുവില്‍ നായിഫിന്റെ പിതാവ് രണ്ടുമാസം മുമ്പ് മരണപ്പെട്ടിരുന്നു.

രണ്ടു ദിവസം മുമ്പാണ് ദമാമില്‍ നിന്നു 1500 കിലോ മീറ്റര്‍ അകലെ ജിസാനിലുളള കുടുംബാംഗങ്ങളുടെ അടുത്തേക്ക് നായിഫ് അല്‍ ഖാദിറി എത്തിയത്. ജിസാന്‍ എയര്‍പോര്‍ട്ടില്‍ കുടുംബാംഗങ്ങളും നാട്ടുകാരും വന്‍ വരവേല്‍പ്പാണ് നായിഫിന് ഒരുക്കിയത്.

മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞ് 1996ല്‍ രണ്ടാമത്തെ ശിശുവിനെ ദമാം മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നിന്നു തട്ടിയെടുത്തു. നഴ്‌സിന്റെ വേഷത്തില്‍ ശുശുവിന്റെ മാതാവിനടുത്തെത്തിയ സ്ത്രീ കുഞ്ഞിനെ കുളിപ്പിക്കാനാണെന്ന് പറഞ്ഞാണ് കൈവശപ്പെടുത്തിയത്. മൂസ എന്നാണ് കുട്ടിക്ക് പേരിട്ടത്. ദമാമിലെ അറിയപ്പെടുന്ന അലി അല്‍ ഖിനൈസി ഫാമിലിയില്‍ പിറന്ന ശിശുവിനെയാണ് തട്ടിയെടുത്തത്. ഈ സംഭവത്തോടെ നവജാത ശിശുവിന്റെ തിരോധാനം രാജ്യം മുഴുവന്‍ ചര്‍ച്ചയായി. അറബ് മാധ്യമങ്ങളും സംഭവം റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണം പല വഴിയില്‍ നീങ്ങിയെങ്കിലും ശിശുവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇപ്പോള്‍ 24 വയസുളള മൂസയുടെ രക്ത സാമ്പിള്‍ അന്വേഷണ സംഘം ശേഖരിച്ചു. ഉമ്മയുടെ രക്ത സാമ്പിള്‍ ശേഖരിച്ചെങ്കിലും പിതാവായ അലി അല്‍ ഖിനൈസി വിദേശ സന്ദര്‍ശനത്തിലായതിനാല്‍ സാമ്പിള്‍ ശേഖരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരാഴ്ച മുമ്പാണ് അദ്ദേഹം സൗദിയില്‍ മടങ്ങിയെത്തിയതോടെ കുടുംബം ഡി എന്‍ എ ഫലത്തിനുളള കാത്തിരിപ്പിലായിരുന്നു. രക്ത പരിശോധനയില്‍ മൂസയുടെ മാതാപിതാക്കള്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞു. മൂസയുടെ യഥാര്‍ഥ മാതാപിതാക്കള്‍ ഖിനൈസി ഫാമിലിയില്‍ പെട്ട അലി തന്നെയാണെന്ന് അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു. ആഘോഷപൂര്‍വമാണ് അലിയെ ഖിനൈസി കുടുംബവും നാട്ടുകാരും വരവേറ്റത്. പാട്ടുപാടിയും വിരുന്നൊരുക്കിയും മൂസയെ സ്വീകരിച്ചത് വികാര നിര്‍ഭരമായ രംഗങ്ങള്‍ക്കാണ് വേദിയായത്.
മൂസയുടെ ഉമ്മ ഇരുപത് വര്‍ഷമായി മരിച്ചു ജീവിക്കുകയായിരുന്നെന്ന് അലി അല്‍ ഖിനൈസി പറഞ്ഞു. ഒരു രാത്രിപോലും നഷ്ടപ്പെട്ട മകനെ ഓര്‍ത്ത് കണ്ണീര്‍പൊഴിക്കാതെ ഉറങ്ങാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ലെന്നും അലി ഖിനൈസി ഓര്‍ക്കുന്നു.

1999ല്‍ ആണ് മൂന്നാമത്തെ ശിശുവിനെ തട്ടിയെടുത്തത്. ഇപ്പോള്‍ 21 വയസുളള മുഹമ്മദ് അല്‍ അമ്മാരിയുടെ കുടുംബത്തെ കണ്ടെത്താനുളള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. മാതാപിതാക്കളെന്ന് കരുതുന്നവരുടെ ഡി എന്‍ എ ഫലം പുറത്തു വരുന്നതോടെ ഈ സംഭവത്തിലും വ്യക്തത വരുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.

കഥയിലെ നായിക മറിയം ഇരുപത്തി മൂനാമത്തെ വയസിലാണ് ആദ്യ ശിശുവിനെ തട്ടിയെടുത്തത്. രണ്ടു തവണ വിവാഹിതയായ ഇവര്‍ ആദ്യ ഭര്‍ത്താവിന്റെ രേഖകള്‍ ഉപയോഗിച്ച് ആദ്യ കുഞ്ഞിന് രേഖകള്‍ തരപ്പെടുത്തിയിരുന്നു. വിവാഹ മോചിതയായ ഇവര്‍ രണ്ടാം ഭര്‍ത്താവിന്റെ പേരില്‍ മറ്റു കുട്ടികള്‍ക്ക് രേഖ ശരിയാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിന് ഭര്‍ത്താവ് വിസമ്മതിക്കുകയായിരുന്നു. ഇതിനിടെ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ടാം ഭര്‍ത്താവും വിവാഹ മോചനം നേടി.

വിചിത്രമായ സംഭവങ്ങളാണ് അരങ്ങേറിയത് എന്ന കാര്യത്തില്‍ സംശയമില്ല. 27 വര്‍ഷം ഗുരുതരമായ കുറ്റകൃത്യം എങ്ങനെ മറച്ചുവെച്ചു എന്നത് ഇപ്പോഴും അധികൃതരെ കുഴക്കുന്ന ചോദ്യമാണ്. വീട്, കുടുംബം, സമൂഹം തുടങ്ങി ഇവര്‍ക്കു ചുറ്റുമുളളവരെ വിദഗ്ദമായി കബളിപ്പിച്ച് ശിശുക്കളെ വളര്‍ത്തി വലുതാക്കിയത് അത്ഭുതകരമാണ്.

ശിശുക്കളെ തട്ടിയെടുത്ത ഇവര്‍ യുവാവായ മൂസക്ക് നാഷണല്‍ ഐഡന്റിന്റി കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. രേഖകളില്‍ സംശയം തോന്നിയ അധികൃതര്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇവര്‍ സമര്‍പ്പിച്ച ഫയല്‍ പൊലീസിന് കൈമാറി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ശിശുക്കളെ ഏറ്റെടുക്കുകയാണ് ചെയ്തതെന്ന് മറിയം പറഞ്ഞെങ്കിലും പൊലീസ് മുഖവിലക്കെടുത്തില്ല. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ മൂന്നു കുട്ടികളെ തട്ടിയെടുത്തതായി ഇവര്‍ വെളിപ്പെടുത്തി. ഇതോടെ വര്‍ഷങ്ങള്‍ക്കു മുമ്പ് ആശുപത്രിയില്‍ നിന്നു കാണാതായ ശിശുക്കളുടെ രക്ഷിതാക്കളെ ബന്ധപ്പെട്ട് ഡി എന്‍ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചു. മൂന്ന് വര്‍ഷത്തെ ഇടവേളകളില്‍ മൂന്ന് ആണ്‍കുട്ടികളെ മോഷ്ടിച്ചതെന്നും ഇവര്‍ പൊലീസിനോടു പറഞ്ഞു. ഇവര്‍ക്ക് രണ്ടു പെണ്‍കുട്ടികളുണ്ട്. പെണ്‍കുട്ടികളോട് താല്‍പര്യമില്ലാത്തതുകൊണ്ടാണ് ആണ്‍കുട്ടികളെ തട്ടിയെടുത്തതെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

മനുഷ്യന് പല തരം സ്വഭാവ സവിശേഷതകളാണുളളത്. സ്വഭാവ രൂപീകരണം, പെരുമാറ്റം എന്നിവയില്‍ കുടുംബത്തിനും സമൂഹത്തിനും കൂടെകഴിയുന്നവര്‍ക്കും പങ്കുണ്ട്. അതേസമയം, കുടുംബബന്ധങ്ങളിലെ വിള്ളലുകള്‍, പൊരുത്തക്കേടുകള്‍ നിറഞ്ഞ വീടുകള്‍, ഒറ്റപ്പെടലുകള്‍ എന്നിവയെല്ലാം വ്യക്തിയുടെ സ്വഭാവ രൂപീകരണത്തെ ദോഷമായി സ്വാധീനിക്കുന്നു എന്നു മാത്രമല്ല പലതരം സ്വഭാവ വൈകൃതങ്ങള്‍ക്കു കാരണമാവകയും ചെയ്യും.
കഥകളില്‍ പോലും കേട്ടുകേള്‍വിയില്ലാത്ത ഇത്തരം സംഭവങ്ങള്‍ എന്തുകൊണ്ടാണ് ഉണ്ടാകുന്നത്? തീര്‍ച്ചയായും കുടുംബ ബന്ധങ്ങളും ധാര്‍മിക ബോധവും വീടകങ്ങളില്‍ നിന്നകന്നുപോകുന്നതാണ് ഇത്തരം സംഭവങ്ങളുടെ അടിസ്ഥാനം എന്നുകാണാം. അതുകൊണ്ടുതന്നെ വ്യക്തി, കുടുംബം, സമൂഹം എന്നിവയുടെ ഇണക്കവും ഇടപഴകലും കൂടുതല്‍ ഊഷ്മളമാക്കാനുളള കരുത്തുപകരലാവണം ഇത്തരം സംഭവങ്ങള്‍ ഓര്‍മപ്പെടുത്തേണ്ടത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top