റിയാദ്: സൗദി പ്രഥമ ദേശീയ ഗെയിംസ് റിയാദില്‍ ആരംഭിച്ചു. പ്രവാസി മലയാളി കോഴിക്കോട് കൊടുവള്ളി കദീജ നിസ ബാഡ്മിന്റന്‍ മത്സരത്തില്‍ മാറ്റുരക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന ഏക ഇന്ത്യക്കാരിയാണ് കദീജ. ന്യൂ മിഡ്ഡിലീസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. സൗദി ഗെയിംസ് പ്രചരണാര്‍ഥം പ്രസിദ്ധീകരിച്ച പോസ്റ്ററില്‍ കദീജ നിസ ഇടം നേടിയിരുന്നു.
രാജ്യത്ത് ആദ്യമായാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. വര്‍ണാഭമായ ആഘോഷ പരിപാടികളോടെയാണ് ഗെയിംസിന് തിരിതെളിഞ്ഞത്. റിയാദ് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുന്‍ കായിക താരങ്ങളെ ആദരിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളിലെ സ്‌പോര്‍ട്‌സ് ക്ലബ്ബുകളില്‍ നിന്നുള്ള കായിക താരങ്ങളുടെ മാര്‍ച്ച്പാസ്റ്റും അരങ്ങേറി.
സൗദി ഒളിമ്പിക്‌സ്, പാരാലിമ്പിക് കമ്മിറ്റി പതാകയ്‌ക്കൊപ്പം സൗദി ഗെയിംസ് പതാക ഉയര്‍ത്തിയതോടെയാണ് ദേശീയ ഗെയിംസിന് തുടക്കമായത്. ഏഷ്യന്‍ തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പ് മെഡല്‍ നേടിയ സൗദി താരം ദൗനിയ അബൂതാലിബ്, ടോക്കിയോ പാരാലിമ്പിക് ഗെയിംസില്‍ സൗദിയെ പ്രതിനിധീകരിച്ച അഹമ്മദ് ഷര്‍ബത്‌ലി തുടങ്ങിയ താരങ്ങള്‍ പതാകയുമായി വേദിയെ വലംവെച്ചു.
കായിക താരങ്ങളുടെ പ്രതിനിധികളായി നാല് അത്‌ലറ്റുകള്‍ സൗദി ഗെയിംസ് പ്രതിജ്ഞയെടുത്തു. . ഭരണ നിയമങ്ങള്‍ക്കനുസൃതമായി സൗദി ഗെയിംസില്‍ പങ്കെടുക്കുമെന്ന് ഇബ്രാഹിം അല്‍മോയ്ക്കല്‍, സാറ അല്‍ജുമ, യാസ്മിന്‍ അല്‍ദബ്ബാഗ്, അഹമ്മദ് ഷര്‍ബത്‌ലി അവര്‍ പ്രതിജ്ഞചെയ്തു. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 10 ലക്ഷം റിയാല്‍ സമ്മാനിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഫ്രഞ്ച് ഡിജെ ഡേവിഡ് ഗേറ്റയുടെനേതൃത്വത്തില്‍ സംഗീത വിരുന്നും അരങ്ങേറി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.