റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മകന്‍ പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ അല്‍ സൗദില്‍ നിന്ന് ഉപഹാരം ലഭിച്ചതിന്റെ ആഹ്‌ളാദത്തിലാണ് മലയാളി ചിത്രകാരി വിനി വേണുഗോപാല്‍. റിയാദ് അന്താരാഷ്ട്ര പുസ്തക മേള സന്ദര്‍ശിക്കാനെത്തിയ വിനിക്ക് അപ്രതീക്ഷിതമായാണ് പ്രിന്‍സിന്റെ ഉപഹാരം. റോജര്‍ ഹാരിസണ്‍ രചിച്ച ‘വിംഗ്‌സ് ഓവര്‍ അറേബ്യ’ എന്ന കൃതിയാണ് അറബ് ലോകത്തെ പ്രഥമ ബഹിരാകാശ സഞ്ചാരി കൂടിയായ സുല്‍ത്താന്‍ സമ്മാനിച്ചത്.
രാജ കുടുംബാംഗങ്ങളും നയതന്ത്ര പ്രതിനിധികളും ബിസിനസ് പ്രമുഖരും സന്ദര്‍ശിക്കുന്ന സൗദിയിലെ നൈല ആര്‍ട്ട് ഗാലറിയില്‍ വിനി വേണുഗോപാല്‍ നേരത്തെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. അവിടെ സന്ദര്‍ശനം നടത്തിയ പ്രിന്‍സ് വിനിയുടെ ചിത്രങ്ങള്‍ കാണുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. പുസ്തക മേളയില്‍ യാദൃശ്ചികമായി കണ്ടുമുട്ടിയ പ്രിന്‍സ് സുല്‍ത്താന്‍ വിനിയെ തിരിച്ചറിഞ്ഞതോടെ അടുത്തേക്ക് വിളിച്ച് കുശലം അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ‘ബ്യൂട്ടിഫുള്‍ ആര്‍ട്ട് ഈസ് ലൈഫ്’ എന്നെഴുതി ഒപ്പുവെച്ച് ഉപഹാരം സമ്മാനിച്ചത്. ഭര്‍ത്താവ് സനീഷ്, മകന്‍ ഗഹന്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
വിനി വരച്ച കിരീടാവകാശിയും പ്രധാന മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ ചിത്രം റിയാദ് ഗവര്‍ണറുടെ നിര്‍ദേശ പ്രകാരം ഇന്ത്യന്‍ എംബസി വഴി രണ്ടു വര്‍ഷം മുമ്പ് രാജകൊട്ടാരത്തിന് സമ്മാനിച്ചിരുന്നു. അടുത്തിടെ സൗദിയിലെ മുന്‍നിര കലാകാരന്‍മാരെ ഉള്‍പ്പെടുത്ത നൈല ആര്‍ട്ട് ഗാലറി സംഘടിപ്പിച്ച പ്രദര്‍ശനത്തിലും വിനിയെ ക്ഷണിച്ചിരുന്നു. അവിടെ പ്രദര്‍ശിപ്പിച്ച ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
വിരല്‍ തുമ്പുകള്‍ ഉപയോഗിച്ച് ചിത്രം വരക്കുന്ന ശൈലിയാണ് വിനിയുടേത്. ഡെക്‌സ്റ്ററിസം എന്നാണ് ഇതിന് പേര് നല്‍കിയിട്ടുളളത്. അടുത്തിടെ അമേരിക്കയില്‍ നടന്ന പ്രദര്‍ശനത്തിലും വിനി പങ്കെടുത്തിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.