റിയാദ്: ബിനാമി സംരംഭം നടത്തിയ ഇന്ത്യക്കാരനെ നാടുകടത്താന്‍ റിയാദ് ക്രിമിനല്‍ കോടതി ഉത്തരവിട്ടു. സൗദിയില്‍ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി. ക്ലീനിംഗ് മെറ്റീരിയല്‍ വിപണനം ചെയ്യുന്ന സ്ഥാപനം നടത്തിയിരുന്ന മുഹമ്മദ് ഇഖ്ബാല്‍ ബിനാമി സംരംഭമാണ് നടത്തുന്നതെന്ന് കോടതി കണ്ടെത്തി. തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. 20,000 റിയാല്‍ പിഴ അടക്കണം. ഇതിനു പുറമെ സകാത്ത്, നികുതി എന്നിവ അടക്കുകയും വേണം. ഇയാളെ സഹായിച്ച സ്വദേശി പൗരന്‍ അലി ബിന്‍ ഖലഫ് ബിന്‍ ഹമദ് അല്‍ദോസരിയും കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കി. ഇയാള്‍ക്കും പിഴ ചുമത്തി. സ്ഥാപനം അടച്ചു പൂട്ടണമെന്നും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നും കോടതി ഉത്തരവിട്ടു.
ഇരുവരുടെയും പേരു വിവരങ്ങള്‍, നിയമ ലംഘനം, ശിക്ഷ എന്നിവ പ്രാദേശിക പത്രങ്ങളില്‍ പരസ്യം ചെയ്യണം. ഇതിനുളള ചെലവ് പ്രതികള്‍ വഹിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
മാസം 1500 റിയാല്‍ സ്വദേശി പൗരന് നല്‍കിയാണ് മുഹമ്മദ് ഇഖ്ബാല്‍ ബിനാമി സംരംഭം നടത്തിയിരുന്നത്. വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനയില്‍ സംശയം തോന്നിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിനാമിയാണെന്ന് കണ്ടെത്തിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.