Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

പച്ചപ്പാലും ഉണക്കറൊട്ടിയും; ഇങ്ങനെയും ചില ജീവിതങ്ങള്‍

നസ്‌റുദ്ദീന്‍ വി ജെ
റിയാദ്: പച്ചപ്പാലും ഉണക്കറൊട്ടിയും ഭക്ഷിച്ച് മരുഭൂമിയില്‍ കഴിയുന്ന ചില മനുഷ്യരുണ്ട്. അവര്‍ പൊരുതുന്നത് ജീവിതത്തോട് മാത്രമല്ല, അഗ്‌നി വിതറുന്ന മണല്‍ക്കാറ്റിനോടും തണുത്തുറഞ്ഞ ശീതകാറ്റിനോടുമാണ്. സൗദിയില്‍ ശീതകാലം ആരംഭിച്ചതോടെ മരുഭൂമിയില്‍ കഴിയുന്ന ഇടയന്‍മാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാണ്. ഇവര്‍ക്ക് സാന്ത്വനം പകരാന്‍ ശീത പ്രതിരോധ വസ്ത്രങ്ങളുമായി മരുഭൂ സഞ്ചാരം നടത്തിയിരിക്കുകയാണ് ഒരു കൂട്ടം മലയാളികള്‍.

സൗദി അറേബ്യയുടെ 95 ശതമാനം ഭൂപ്രദേശവും മരുഭൂമിയാണ്. അതുകൊണ്ടുതന്നെ പ്രധാന റോഡുകള്‍ നഗരാതിര്‍ത്തി കഴിഞ്ഞാല്‍ മരുഭൂമിയിലൂടെയാണ് കടന്ന് പോകുന്നത്. റിയാദ്-മക്ക ഹൈവേയില്‍ തലസ്ഥാന നഗരിയുടെ കവാടം എന്നറിയപ്പെടുന്ന മുസാമിയ കഴിഞ്ഞാല്‍ റോഡിന്റെ ഇരു വശങ്ങളിലും വിശാലമായ മരുഭൂമി കാണാം. മക്കയിലേക്ക് തീര്‍ഥാടനത്തിന് പോവുകയും മടങ്ങി വരുകയും ചെയ്യുന്നവര്‍ മരുഭൂമിയില്‍ ഒറ്റപ്പെട്ടു നടന്നു നീങ്ങുന്ന ആട്ടിടയന്‍മാരെ കാണുക പതിവാണ്. അത്തരം അനുഭവമാണ് മരുഭൂമിയില്‍ കഴിയുന്നവരെ അന്വേഷിച്ച് യാത്ര നടത്താന്‍ പ്രേരിപ്പിച്ചതെന്ന് മരുഭൂ യാത്രക്ക് നേതൃത്വം നല്‍കിയ സുലൈമാന്‍ വിഴിഞ്ഞം പറഞ്ഞു.

ഓഫ് റോഡ് സഞ്ചരിക്കാന്‍ ശേഷിയുളള വാഹനങ്ങളിലാണ് ആട്ടിടയന്‍മാരെ തേടിയുളള യാത്ര. മരുഭൂമിയില്‍ യാത്ര ചെയ്്ത് പരിചയമുളളവരും സംഘത്തിലുണ്ടായിരുന്ന്. പ്രദേശ വാസികളായ ചില അറബികളും വഴികാട്ടാന്‍ സഹായത്തിന് ഒപ്പം കൂടി. ഹൈവേയില്‍ നിന്ന് 60 കിലോ മീറ്ററിലധികം മരുഭൂമിയുടെ സഞ്ചരിച്ചാണ് ഇടയന്‍മാരുടെ താവളങ്ങളിലെത്തിയത്.

റിയാദില്‍ നിന്ന് പുറപ്പെട്ട സംഘം മൂന്നു മണിക്കൂറിലധികം സഞ്ചരിച്ചാണ് ആദ്യ താവളത്തിലെത്തിയത്. അവിടെയുളള ആടുജീവിതത്തിന്റെ നേര്‍ക്കാഴ്ച കണ്ടതിന്റെ കൗതുകത്തിലായിരുന്നു പലരും. എങ്കിലും ചെറിയ നന്മയെങ്കിലും ചെയ്യാന്‍ കഴിഞ്ഞല്ലോ എന്ന ആത്മനിര്‍വൃതി ആശ്വാസമാണ് പകര്‍ന്നത്.

ശീതകാലത്ത് മരുഭൂമിയില്‍ ഉല്ലാസ യാത്ര ആനന്ദകരമാണ്. അത്തരം സഞ്ചാരമാണ് ചിലര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ പ്രവാസത്തിനിടയില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത അനുഭവമാണ് ആടുകള്‍ക്കും ഒട്ടകങ്ങള്‍ക്കും ഒപ്പമുളള മനുഷ്യരുടെ ജീവിതമെന്ന തിരിച്ചറിവ് പകരുന്നതായിരുന്നു മരുഭൂ യാത്ര.

പ്രവാസത്തിന് വിരഹ വേദനയുടെ കാലം ഉണ്ടായിരുന്നു. ആശയ വിനിമയത്തിന് പുത്തന്‍ സങ്കേതങ്ങളും യാത്രാ സൗകര്യങ്ങളും വര്‍ധിച്ചു. മാത്രമല്ല ഗാര്‍ഹിക തൊഴിലാളികള്‍ക്കു പോലും സന്ദര്‍ശക വിസ വേഗം ലഭ്യമായതോടെ കാത്തിരിപ്പിന്റെ ദൂരവും ദുഃഖം കുറഞ്ഞു. എന്നാല്‍ മരുഭൂമിയില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം, കുടിവെളളം എന്നിവ പോലും കിട്ടാകനിയാണ്. അതുകൊണ്ടുതന്നെ അവരുടെ ജീവിതം കാണാനെത്തിയവരെ ഒരുപാട് പാഠങ്ങളാണ് പഠിപ്പിച്ചത്.

റിയാദിലെ സുമനസ്സുകളില്‍ നിന്ന് സമാഹരിച്ച നൂറ്റി എണ്‍പതിലധികം ബ്‌ളാങ്കറ്റുകള്‍, പാചകയെണ്ണ, കുടിവെളളം, ജൂസ്, സ്‌നാക്‌സ്, പാദരക്ഷകള്‍ എന്നിവയാണ് വിതരണം ചെയ്തത്. എങ്കിലും എന്ത് ആവശ്യങ്ങള്‍ക്കും വിളിക്കണമെന്ന കരുതലിന്റെ സന്ദേശം കൈമാറിയാണ് സംഘം രാത്രിയോടെ മരുഭൂമിയില്‍ നിന്ന് മടങ്ങിയത്.

നാല്‌ ഘട്ടങ്ങളായി നടന്ന മരുഭൂ യാത്രയില്‍ സുലൈമാന്‍ വിഴിഞ്ഞം, സിദ്ദീഖ് നെടുങ്ങോട്ടൂര്‍, സുഹൈല്‍ കൂടാളി, ഷൈജു പച്ച, അഖിനാസ് എം. കരുനാഗപ്പള്ളി, റിജോഷ്, എല്‍ ദോ ജോര്‍ജ്, മുസ്തഫ മൂസ, അഭിലാഷ് കൊല്ലം, കെ. അനസ്, അനസ് മത്തന്‍കാട്ടില്‍, ഫൈസല്‍ തമപലക്കോടന്‍, നിസാര്‍ പള്ളിക്കകശ്ശേരില്‍, സാദിഖ് കരുനാഗപ്പള്ളി, ഷമീര്‍ കല്ലിങ്ങല്‍, സലിം പുളിക്കല്‍, ഉമര്‍ അലി അക്ബര്‍, അന്‍വര്‍ സാദത്, ഷിജു ബഷീര്‍, ഗോപന്‍ എസ്. കൊല്ലം, മുനീര്‍ ഷാ തണ്ടാശ്ശേരി, സജീര്‍ സമദ്, നവാസ്, മുഹമ്മദ് അനസ്, ഷഫീഖ് വലിയ, സമീര്‍ കാസിം, നിഖില സമീര്‍, ആതിര വിജയന്‍, അശ്വതി ഭാസി, ഫൗസിയ മുസ്തഫ, ആതിര ഗോപന്‍, ജൂലിയ, ഷഫീന അബ്ദിയ, ഫസ്‌ന ഷെറിന്‍, ജിഷ്‌ന എന്നിവര്‍ പങ്കെടുത്തു.

 

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top