നസ്‌റുദ്ദീന്‍ വി ജെ

റിയാദ്: ഗള്‍ഫിലെ കാര്‍ഗോ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങാന്‍ സാധ്യത. 5000 രൂപവരെ മൂല്യമുള്ള ഗിഫ്റ്റുകള്‍ കസ്റ്റംസ് തീരുവയില്ലാതെ വിദേശത്ത് നിന്നു ഇന്ത്യയിലുള്ളവര്‍ക്കു അയക്കാന്‍ നിലവില്‍ സൗകര്യം ഉണ്ട്. എന്നാല്‍ ഇത് നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു എന്നാണ് വിവരം. ചൈനയില്‍ നിന്നു ഇന്ത്യയിലേക്ക് വിവിധ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍വഴി കസ്റ്റംസ് തീരുവ ഇല്ലാതെ ഇറക്കുമതി ചെയ്യുന്നുണ്ട്. വിദേശ ഇന്ത്യക്കാര്‍ക്കു നല്‍കുന്ന ആനുകൂല്യം ദുരുപയോഗിച്ചാണ് ഇ-കോമേഴ്‌സ് രംഗത്തുളവര്‍ വ്യാപക തട്ടിപ്പു നടത്തുന്നത്. ഈ സാഹചര്യത്തിലാണ് വിദേശ ഇന്ത്യക്കാര്‍ക്ക് ഗിഫ്റ്റ് പാര്‍സല്‍ അയക്കാന്‍ ലഭിക്കുന്ന ആനുകൂല്യം നിര്‍ത്തലാക്കാന്‍ ആലോചിക്കുന്നത്. അതേസമയം, പുതിയ നിയമം നടപ്പിലാക്കിയാല്‍ ആറ് ഗള്‍ഫ് രാഷ്ട്രങ്ങളിലുളള കാര്‍ഗോ സ്ഥാപനങ്ങളെയും അവിടെ ജോലി ചെയ്യുന്ന നൂറുകണക്കിന് ഇന്ത്യക്കാര്‍ക്കും തിരിച്ചടിയാവും. ഇതിനു പുറമെ ലക്ഷക്കണക്കിന് ഗള്‍ഫ് പ്രവാസികള്‍ക്ക് സമ്മാനങ്ങള്‍ വീടുകളിലെത്തിക്കാനുളള അവസരവും നഷ്ടമാകും. രണ്ടുവര്‍ഷത്തിലൊരിക്കല്‍ അവധിക്ക് നാട്ടിലെത്തുന്ന ഗള്‍ഫ് പ്രവാസികള്‍ക്ക് വലിയൊരു അനുഗ്രഹമാണ് ഗള്‍ഫ് നാടുകളിലെ കാര്‍ഗോ ഡോര്‍ ടു ഡോര്‍ മേഖല.
കസ്റ്റംസ് തീരുവ ഇല്ലാതെ പതിനായിരം രൂപ മൂല്യമുളള ഗിഫ്റ്റുകള്‍ അയക്കാനായിരുന്നു നേരത്തെ അനുമതി. ഇതിന്റെ പരിധി കേന്ദ്ര സര്‍ക്കാര്‍ ഇരുപതിനായിരം രൂപവരെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ജിഎസ്ടി നിലവില്‍വന്നതോടെ 8200 രൂപ നികുതി അടക്കണമെന്ന സ്ഥിതിയായി. ഇതോടെ ഗള്‍ഫിലെ കാര്‍ഗോ മേഖല പ്രതിസന്ധി നേരിട്ടിരുന്നു. സൗദിഅറേബ്യ ഉള്‍പ്പെടെ ജിസിസി രാഷ്ട്രങ്ങളില്‍ കാര്‍ഗോ വ്യവസായരംഗത്തുളളവരില്‍ ഏറെയുംഇന്ത്യക്കാരാണ്. ഇവര്‍സംഘടിതമായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതോടെയാണ് 5000 രൂപവരെയുളള ഗിഫ്റ്റുകള്‍ക്ക് നികുതിഇളവ് നല്‍കിയത്. അത് റദ്ദാക്കുമെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
നിലവില്‍ 5000 രൂപയില്‍ കൂടുതല്‍ മൂല്യമുളള സാധനങ്ങള്‍ പാര്‍സല്‍ അയക്കണമെങ്കില്‍ നികുതി അടക്കണം. ഇതു മറികടക്കാന്‍ ഒരു വീട്ടിലേക്ക് ഒന്നിലധികം കുടുംബാംഗങ്ങളുടെ പേരില്‍ പ്രത്യേകം പാര്‍സലുകള്‍ അയക്കുന്ന രീതിയാണ് നിലവിലുളളത്. ഗള്‍ഫില്‍ 15,000 ഇന്ത്യക്കാരെങ്കിലും കാര്‍ഗോസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 75 ശതമാനവും മലയാളികളാണ്. ജിഎസ്ടി വന്നതോടെ ഇവരുടെജോലിയേയും സാരമായി ബാധിച്ചിരുന്നു.
പുതിയ തീരുമാനം പ്രാബല്യത്തിഫ വന്നാല്‍ ഇന്ത്യയിലെയും ഗള്‍ഫ് നാടുകളിലെയും കാര്‍ഗോ സ്ഥാപനങ്ങളെ സാരമായി ബാധിക്കും. ഇവിടങ്ങളില്‍ ജോലിചെയ്യുന്ന ആയിരകണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടം സംഭവിക്കുമെന്നും റജബ് ലോജിസ്റ്റിക്ക് എംഡിയും ഐസിഎഎ പ്രസിഡന്റുമായ സാദിഖ് അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.