Sauditimesonline

watches

പ്രണയം നിന്നോട് മാത്രം

നിഖില സമീര്‍

വായന | പുസ്തകപരിചയം

ഇലാഹീ പ്രണയം ഇതള്‍ വിടര്‍ത്തി ഹൃദയസുഗന്ധമേകുന്ന ഇരുപത്താറു കവിതകളുടെ സമാഹാരമാണ് സഹര്‍ അഹമ്മദിന്റെ ‘നിന്നെ മാത്രം നിന്നോട് മാത്രം’. കാരുണ്യവാനായ സര്‍വാധിരാജനോടുള്ള അര്‍ത്ഥനയും വിധേയത്വവുമാണ് കവിതകളുടെ പ്രമേയം. ഹൃദയ വിചാരങ്ങളും മനോ വികാരങ്ങളും സരളമായി വിവരിക്കുന്ന ലളിത ഭാഷയാണ് കവിതയെ ആകര്‍ഷകമാക്കുന്നത്. ലളിതമായതെല്ലാം സുന്ദരമാണ്. ഉള്ളടക്കത്തിന്റെ അകക്കാമ്പ് അത്തരത്തിലാണ് വിന്വസിക്കുന്നത്. സര്‍വ്വ ശക്തനോടുള്ള അനശ്വരമായ സ്‌നേഹം, സമര്‍പ്പണം, വാഞ്ഛ എന്നിവയെല്ലാം വായനയിലുടനീളം അനുഭവിക്കാന്‍ കഴിയുന്നുണ്ട്. ജീവിത പ്രതലങ്ങളോടുള്ള സമീപനത്തെ ഏറെ മാധുര്യത്തോടെയാണ് അവതരിപ്പിക്കുന്നത്.

യഥാര്‍ത്ഥ സമരം സ്വന്തത്തോടുള്ള സമരമാണ്. അനീതിമാനായ ഭരണാധികാരിക്ക് മുന്നില്‍ നീതിക്കായ് നിലകൊള്ളാനുള്ള ആര്‍ജ്ജവമാണ് യഥാര്‍ത്ഥ സമരം. ഇത്തരത്തില്‍ സത്യത്തിലേക്ക് വെളിച്ചം വീശുന്നതാണ് ‘വിശുദ്ധ സമരം’ എന്ന കവിത. വ്രതനാളില്‍ അടുക്കളയിലിരിക്കുമ്പോഴും നാഥനു സമര്‍പ്പിക്കുന്ന സ്തുതികീര്‍ത്തനങ്ങളാണ് പെണ്മനസ്സിന്റെ മഹത്വമെന്ന് ‘റമളാനിലെ പെണ്ണുങ്ങള്‍’ എന്ന കവിതയില്‍ വായിക്കാം. ‘നീയല്ലാതെ മറ്റാരു’മില്ല. പ്രയാസങ്ങളെ പ്രതീക്ഷകളാക്കുന്ന കരുണക്കടലായ ഉടയവനോടുള്ള അര്‍ത്ഥനയാണ് ഈ കവിത..

മരുഭൂമിയില്‍ പ്രതിബന്ധങ്ങളെ അതിജീവിച്ചു തളിര്‍ത്ത് നില്‍ക്കുന്ന മരങ്ങള്‍ പോലെ ഏത് ദുര്‍ഘടഘട്ടംത്തിലും മുഴുവന്‍ സൃഷ്ടി ചരാചരങ്ങളെയും പരിപാലിക്കുന്ന നാഥനെ വാഴ്ത്തുന്ന ഒന്നാണ് ‘പ്രതിബന്ധങ്ങള്‍’.
ഒപ്പം അവനിലേക്കുള്ള ആശ്രയം വിശ്വാസിമനസ്സുകള്‍ക്കു നല്‍കുന്ന സമാശ്വാസത്തിലേക്കും കവിത വിരല്‍ചൂണ്ടുന്നു. ലോക നാഥന്‍ ഏറ്റവും സമീപസ്ഥനാണ്. അവനെ അനുഭവിച്ചറിയാനുള്ള വഴി ഹൃദയവിശാലതയും അകവെളിച്ചത്തെ തിരിച്ചറിയുകയുമാണെന്ന് ‘കിളിവാതില്‍’ എന്ന കവിത പറയുന്നു. നന്ദി നിറഞ്ഞൊരു ഹൃദയത്തിനേ ജീവിത സംതൃപ്തി നേടാന്‍ കഴിയൂ. നാഥനോടുള്ള കൃതാര്‍ത്ഥത നിറഞ്ഞു തുളുമ്പുന്ന ഹൃദയവും പശ്ചാത്താപ ചിന്തകളുമാണ് ‘നന്ദി’യില്‍ പറയുന്നത്.

സര്‍വ്വചരാചരങ്ങളും നിദ്രപുല്‍കുന്ന രാവിന്‍ അന്ത്യയാമങ്ങളില്‍ പ്രാര്‍ത്ഥനയുടെ വെള്ളിനൂല്‍ കോര്‍ത്ത് അവനിലേക്ക് സമര്‍പ്പിതമാകുന്ന ധന്യ മുഹൂര്‍ത്തമാണ് ‘നിന്നിലേക്ക്..’ എന്ന കവിത. ചെറുമരണമാം ഉറക്കില്‍ നിന്ന് ഒരു പൈതലിന്‍ നിഷ്‌കളങ്കതയോടെ ഉണരണമെന്ന നൈര്‍മല്യചിന്തയോടെയാണ് ‘നിന്നെ മാത്രം നിന്നോട് മാത്രം’ വായനകഴിഞ്ഞിട്ടും ഉള്‍വെളിച്ചമായ് ബാക്കിയാകുന്നത്.

ആത്മീയതയുടെ നല്‍വെളിച്ചം പകരുന്ന കൃതിക്കൊപ്പം ഷബ്‌ന സുമയ്യയുടെ വരകള്‍ കൂടിയായപ്പോള്‍ വരികള്‍ക്ക് അര്‍ത്ഥവ്യാപ്തിയേറുന്നു .
യുവ കവി സഹര്‍ അഹമ്മദിന് ഇനിയുമേറെ പറയാനും എഴുതാനും സംവദിക്കാനുമുണ്ടെന്ന് കവിതകളുടെ അകക്കാമ്പ് വ്യക്തമാക്കുന്നുണ്ട്.

പുസ്തകം: നിന്നെ മാത്രം നിന്നോട് മാത്രം
(കവിതാ സമാഹാരം)
രചന: സഹര്‍ അഹമ്മദ്
പ്രസാധകര്‍: വചനം ബുക്‌സ്
വില : 50രൂപ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top