
റിയാദ്: ചാവക്കാടന്‍ ചക്കപ്പഴവും ചെമ്മീന്‍ ചക്കക്കുരു വിഭവവും മാറ്റുരച്ചപ്പോള്‍ കേരളത്തിന്റെ തനതു രുചിക്കൂട്ടുകളെ പിന്നിലാക്കി ‘ഫോര്‍ക’ ഫുഡ് ഫെസ്റ്റില്‍ ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ വനിതാ വിഭാഗം നേടിയത് സുവര്‍ണ നേട്ടം. ചാവക്കാടന്‍ തനത് വിഭവം കൈ പത്തിരി, ചിക്കന്‍ പില്ലോ, ചെമ്മീന്‍ ചക്കക്കുരു മാങ്ങാ കറി, വാട്ടര്‍ മിലന്‍ സമ്മര്‍ കറി, ചക്ക പായസം എന്നിവ അണിനിരത്തിയാണ് ഒന്നാം സ്ഥാനം നേടിയത്. ഒരു പവന്‍ സ്വര്‍ണ്ണം ഉള്‍പ്പെടെ വിവിധ സമ്മാനങ്ങളും നേടി.

റിയാദിലെ പ്രാദേശിക കൂട്ടായ്മകളുടെ പൊതു വേദി ഫെഡറേഷന്‍ ഓഫ് കേരളയിറ്റ് റീജിയണല്‍ അസോസിയേഷന്‍ (ഫോര്‍ക) അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റുമായി സഹകരിച്ചു സംഘടിപ്പിച്ച നാലാമത് ഫുഡ് ഫെസ്റ്റ് മത്സരത്തിലാണ് ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ സൗദി ചാപ്റ്റര്‍ വനിതാ വിഭാഗം ഒന്നാം സ്ഥാനം നേടിയത്. കേളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുളള 18 പ്രാദേശിക സംഘടനകള്‍ പങ്കെടുത്ത മത്സരത്തില്‍ രുചി, അലങ്കാരം, പാചക രീതി വിവരണം, വൈവിധ്യം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

അലങ്കാരത്തിനു പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാതെ പ്രദര്‍ശിപ്പിച്ചത് പ്ലാസ്റ്റിക്കിനെതിരെയുള്ള സന്ദേശമാണ് നല്‍കുന്നതെന്ന് മത്സരത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഷെഹീറ ആരിഫ്, ഫസ്‌ന ഷാഹിദ്, റസീന സിറാജുദ്ധീന്‍, സഫ്രീന ജാഫ്ഷിദ്, ഫിദ ഫെര്‍മിസ്, റിജില ഫായിസ് തുടങ്ങിയവരാണ് പാചകങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കും നേതൃത്വംനല്‍കിയത്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.