
റിയാദ്: ചടുല താളത്തിന്റെ ചുവടുകളും നടന വൈഭവത്തിന്റെ വിസ്മയവും സംഗമിച്ച ചിലങ്ക നൃത്ത വിദ്യാലയം ഇരുപതാം വാര്‍ഷിക ആഘോഷം വേറിട്ട അനുഭവമായി. മലസിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസ്സില്‍ നടന്ന വര്‍ണശബളമായ നൃത്തോത്സവം ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി (സാംസ്‌കാരികം, വിദ്യാഭ്യാസം വകുപ്പ്) ദിനേഷ് സേത്തിയ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.


ശാസ്ത്രീയ നൃത്ത രംഗത്തു വ്യക്തി മുദ്ര പതിപ്പിക്കുകയും ജനാദ്രിയ ഫെസ്റ്റിവല്‍, സല്‍മാന്‍ രാജാവിന്റെ സ്വീകരണം ഉള്‍പ്പെടെ നിരവധി പൊതു വേദികളിയില്‍ നൃത്ത പരിപാടികള്‍ ചിട്ടപ്പെടുത്തിയ റീന കൃഷ്ണകുമാറിനെ മുഖ്യാതി പ്രശംസിച്ചു. ശിഹാബ് കൊട്ടുകാട്, റഹ്മാന്‍ മുനമ്പത്, അബ്ദുള്ള വല്ലാഞ്ചിറ, ഷംനാദ് കരുനാഗപ്പിള്ളി, ജയന്‍ കൊടുങ്ങല്ലൂര്‍, രഘുനാഥ് പറശ്ശിനിക്കടവ്, വിജയന്‍ നെയ്യാറ്റിന്‍കര, ഷാരോണ്‍ ഷെരിഫ്, കനകലാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

റീന കൃഷ്ണകുമാറിന്റെ ശിക്ഷണത്തില്‍ ഏഴുപത്തെട്ടു കുട്ടികള്‍ വിവിധ നൃത്തനൃത്യങ്ങള്‍ അവതരിപ്പിച്ചു. ഇരുപത്തെട്ടു കൊച്ചുകുട്ടികള്‍ ഒന്നിച്ചുചേര്‍ന്നു അവതരിപ്പിച്ച മുദ്രകളും നവരസങ്ങളും എന്ന നൃത്തരൂപം ഏറെ ശ്രദ്ധിക്കപ്പെട്ടു. അറുപതു കുട്ടികള്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയില്‍ അരങ്ങേറ്റം നടന്നു.

ശാസ്ത്രീയ നൃത്തങ്ങളോടൊപ്പം സിനിമാറ്റിക് നൃത്തങ്ങളും അവതരിപ്പിച്ചു. റൈഷാ മധു, നീതു ലാല്‍, സവിത ജെറോം എന്നിവരുടെ നേതൃത്വത്തില്‍ അമ്മമാരുടെ സംഘവും നൃത്തം അവതരിപ്പിച്ചു. ഗിരിജന്‍ ആമുഖ പ്രസംഗം നിര്‍വ്വഹിച്ചു. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു. മധു, സുകേഷ്, ശ്രീകുമാര്‍, സുജിത്, സുനില്‍, രൂപേഷ്, അനു, നിസാം പൂളക്കല്‍, നജീബ് അലിയാര്‍, ഹംസ എന്നിവര്‍ നേതൃത്വം നല്‍കി. വിജയരാമന്‍ യോഗത്തിനു നന്ദി രേഖപ്പെടുത്തി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.