റിയാദ്: മലയാളത്തിലെ ഏറ്റവും പുതിയ ആറ് വ്യത്യസ്ത ചെറുകഥകളുടെ വായനാനുഭവവും സംവാദവും ഒരുക്കി ‘ചില്ല’ ജൂണ്‍ മാസവായന. കഥാകേളി എന്ന ശീര്‍ഷകത്തില്‍ റിയാദ് ബത്ഹയിലെ ലുഹ ഹാളിലായിരുന്നു പരിപാടി. മാറിയ ചെറുകഥാ സങ്കല്പത്തിന്റെ രൂപഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്ന രചനകളാണ് വിശകലനം ചെയ്തത്. രാഷ്ട്രീയ, സാമൂഹിക പരിസരത്തുണ്ടാകുന്ന മാറ്റങ്ങള്‍ കഥകളില്‍ അതിശക്തമായി പ്രതിഫലിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഓരോ രചനയും.
ജിസ ജോസിന്റെ ‘പാതാളത്തിന്റെ കവാടങ്ങള്‍’ എന്ന കഥയുടെ വായനാനുഭവം വിദ്യ വിപിന്‍ അവതരിപ്പിച്ചു. മരിച്ചവരുടെ ശരീരങ്ങള്‍ക്ക് വേദനയറിയില്ല എന്ന വിശ്വാസത്തില്‍, വക്രിച്ചുപോയ കൈകാലുകളുള്ള മകന്റെ മൃതദേഹം ശവപ്പെട്ടിയില്‍ നേരെ കിടത്തിയ അമ്മയുടെ ജീവിതമാണ് കഥയില്‍ നിറഞ്ഞുനിന്നത്. കുടുംബത്തിലെ അസ്വാഭാവികതകളെ സ്വാഭാവികമാക്കാന്‍ ത്യാഗം സഹിക്കേണ്ടത് സ്ത്രീ മാത്രമാണെന്ന വിമര്‍ശനവും കഥയില്‍ എഴുത്തുകാരി നടത്തുന്നെണ്ടെന്ന് വിദ്യ വിശദീകരിച്ചു.
ഇ സന്തോഷ് കുമാറിന്റെ ‘പണയം’ സീബ കൂവോട് അവതരിപ്പിച്ചു. ഒരു റേഡിയോയുടെ പശ്ചാത്തലത്തില്‍ മനുഷ്യരിലെ നിഷ്‌കളങ്കതയെ ചൂഷണം ചെയ്യുന്ന ആര്‍ത്തിപൂണ്ട ഹൃദയമില്ലായ്മയെ വിചാരണ ചെയ്യുന്ന കഥ എഴുത്തുകാരന്റെ രചനകളില്‍ ഉടനീളം കാണുന്ന മാനവികതയുടെ ആവര്‍ത്തിച്ചുള്ള വിളംബരം ആണെന്ന് സീബ പറഞ്ഞു.
കെ ആര്‍ മീരയുടെ ‘ഗില്ലറ്റിന്‍’ എന്ന കഥയുടെ വായനാനുഭവം പങ്കുവെച്ച ഷഹീബ വി കെ ഫ്രഞ്ച് വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ കഥയില്‍ എങ്ങനെയാണ് സ്ത്രീയുടെ പോരാട്ടവീര്യം മരണത്തില്‍ പോലും തുടിച്ചുനില്‍ക്കുന്നതെന്ന് അടിവരയിട്ടുകൊണ്ടാണ് ചര്‍ച്ചയാക്കിയത്. കഥയെ വര്‍ത്തമാനകാല രാഷ്ട്രീയ അധികാര ഘടനയുമായി കഥാകാരി ബന്ധിപ്പിക്കുന്ന വിധവും ഷഹീബ വിവരിച്ചു. ധനേഷ് എം മുകുന്ദന്‍ അവതരിപ്പിച്ച സന്തോഷ് എച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന കഥ ഇതിനകം മലയാളത്തില്‍ ഏറെ ചര്‍ച്ചയായതാണ്. പട്ടിണി ഒരു യാഥാര്‍ത്ഥ്യമായിരിക്കുമ്പോഴും എങ്ങനെയാണ് ആഹാരം ആഢംബരമായും ധൂര്‍ത്തായും മാറുന്നതെന്ന ദുഃഖസത്യം വരച്ചിടുകയാണ് കഥാകൃത്ത്. സ്വാനുഭവങ്ങളുടെ കയ്പുകൂട്ടി ചേര്‍ത്താണ് ധനേഷ് അവതരണം നടത്തിയത്.
എം ഫൈസല്‍ അവതരിപ്പിച്ചത് മനോജ് വെങ്ങോലയുടെ ‘ഇരുമ്പന്‍ പുളി’ എന്ന കഥയാണ്. ഇരുമ്പന്‍ പുളി, അതില്‍ പാര്‍ക്കുന്ന പ്രാണികള്‍ എന്നിവയെ മുന്‍നിര്‍ത്തി കഥാകൃത്ത് മലയാളിയില്‍ ആഴത്തില്‍ വേരോടിയ ജാതീയതയെ വിമര്‍ശന വിധേയമാക്കുകയാണ്. ‘കൊന്നുതിന്നും തീതിന്നും തീരും സകലതും എങ്കിലും പുതിയവ വരും’ എന്ന വാക്യത്തിലൂടെ മനുഷ്യചരിത്രം എപ്പോഴും ഭൂതകാലത്തില്‍ നിന്നുള്ള മോചനമാണെന്ന് കഥാകൃത്ത് ഓര്‍മ്മിപ്പിക്കുന്നതായി ഫൈസല്‍ അഭിപ്രായപ്പെട്ടു. വ്യാഖ്യാനിക്കാന്‍ കഴിയാത്ത മനുഷ്യബന്ധത്തെ അതിമനോഹരമായി അവതരിപ്പിച്ച കഥയാണ് എസ് ആര്‍ ലാലിന്റെ ‘കൊള്ളിമീനാട്ടം’ എന്ന വായനാനുഭവം അവതരിപ്പിച്ച ബഷീര്‍ കാഞ്ഞിരപ്പുഴ പറഞ്ഞു. അമ്മൂമ, അമ്മ, വളര്‍ത്തമ്മ എന്നീ ബന്ധങ്ങളിലൂടെ വൈകാരികതയുടെ ആഴം അളക്കുന്ന കഥ മികച്ചവായനാനുഭവം നല്‍കുന്നതായി ബഷീര്‍ അവകാശപ്പെട്ടു.
ചര്‍ച്ചയ്ക്ക് ജോമോന്‍ സ്റ്റീഫന്‍ തുടക്കമിട്ടു. ബീന, സെബിന്‍ ഇഖ്ബാല്‍, ശിഹാബ് കുഞ്ചീസ്, അബ്ദുല്‍ നാസര്‍, റസൂല്‍ സലാം എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. മുനീര്‍ വട്ടേക്കാട്ടുകര വായനകളെ അവലോകനം ചെയ്തു. എം ഫൈസല്‍ മോഡറേറ്ററായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.