
റിയാദ്: ചില്ല സര്‍ഗവേദി ‘എന്റെ വായന’ വെര്‍ച്വല്‍ പരിപാടിയായി സംഘടിപ്പിച്ചു. കെ.സച്ചിദാനന്ദന്‍ രചിച്ച ‘ഗാന്ധി’ നാടകത്തിന്റെ വായനാനുഭവം സതീഷ് കുമാര്‍ വളവില്‍ പങ്കുവെച്ചു. ടീസ്റ്റ സെറ്റല്‍വാദിന്റെ ‘ബിയോണ്ട് ഡൗട്ട്’ സുരേഷ് ലാല്‍ അവതരിപ്പിച്ചു. ഗാന്ധിയെ അന്യവല്‍ക്കരിക്കുകയും ഗോഡ്‌സെയെ പൂജിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ആധിപത്യം കാണിക്കുന്ന വര്‍ത്തമാന കാലത്ത് രണ്ടു കൃതികളും പ്രസക്തമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അമൃത സുരേഷ് ‘വെന്‍ ഐ ഹിറ്റ് യു’ എന്ന നോവലിന്റെ വായനാനുഭവം അവതരിപ്പിച്ചു. മീന കന്തസാമിയുടെ നോവല്‍ ആത്മകഥയുടെ അംശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ജാക്ക് കെറുവക്കിന്റെ കവിതസമാഹാരം ‘ബുക്ക് ഓഫ് ബ്ലൂസ്’ അഖില്‍ ഫൈസല്‍ അവതരിപ്പിച്ചു. അമേരിക്കന്‍ ബീറ്റ് തലമുറ കവിതകളുടെ പ്രതിധാനങ്ങളാണ് സമാഹാരത്തില്‍ ഉള്ളത്.

നിക്കൊളായ് ഗോഗളിന്റെ ‘ഓവര്‍ കോട്ട്’ എന്ന കഥയുടെ ആസ്വാദനം നൗഷാദ് കോര്‍മത്ത് നടത്തി. കഥാസാഹിത്യത്തിന്റെ വികാസപരിണാമങ്ങള്‍ക്ക് വഴികാട്ടികളാണ് ഗോഗള്‍ കഥകള്‍. വൈക്കം മുഹമ്മദ് ബഷീര്‍ കൃതികളെ കുറിച്ച് പ്രൊഫ എം എന്‍ വിജയന്‍ എഴുതിയ ‘മരുഭൂമികള്‍ പൂക്കുമ്പോള്‍’ എന്ന പുസ്തകം ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ അവതരിപ്പിച്ചു.
യു.എ ഖാദര്‍, നീലംപേരൂര്‍ മധുസൂദനന്‍ നായര്‍, സുഗതകുമാരി, അനില്‍ പനച്ചൂരാന്‍ എന്നിവരെ എം ഫൈസല്‍ അനുസ്മരിച്ചു. ബീന, മിനി നജ്മ, പിങ്കി സുജയ്, സുനില്‍ കുമാര്‍ ഏലംകുളം, ആര്‍ മുരളീധരന്‍, ശിഹാബ് കുഞ്ചീസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
