റിയാദ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന്റെ ത്രിദിന സൗദി സന്ദര്‍ശനം നാളെ ആരംഭിക്കും. ഉഭയകക്ഷി സഹകരണവും വ്യാപാര ബന്ധങ്ങളും ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. സൗദി-ചൈന ഉച്ചകോടിക്ക് റിയാദ് വേദിയാകുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന്റെ സൗദി സന്ദര്‍ശന വേളയില്‍ സാമ്പത്തിക, വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ജിസിസിയിലെയും അറബ് മേഖലയിലെയും രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തും. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചൈന-ഗള്‍ഫ് ഉച്ചകോടി നടക്കും. ഇതിന് പുറമെ 14 അറബ് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചൈന-അറബ് ഉച്ചകോടിക്കും റിയാദ് വേദിയാകും.
എണ്ണ വിതരണം സംബന്ധിച്ച് സൗദി-യുഎസ് അഭിപ്രായ ഭിന്നത നിലനില്‍ക്കുകയാണ്. ജിസിസിയും അറബ് രാജ്യങ്ങളുമായി ചൈനയുടെ സഹകരണം വര്‍ദ്ധിച്ചുവരുകയുമാണ്. ഇതില്‍ അമേരിക്കക്കുളള ആശങ്കക്കിടയിലാണ് ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനം.
അതേസമയം, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന്റെ സന്ദര്‍ശനത്തില്‍ അസാധാരണമായി ഒന്നുമില്ലെന്ന് നേരത്തെ സൗദി വിദേശ കാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്താരാഷ്ട്ര മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഏറെ പ്രാധാന്യത്തോടെയാണ് ഷി ജിന്‍ പിംഗിന്റെ സന്ദര്‍ശനത്തെ നോക്കി കാണുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.