
റിയാദ്: സൗദി മരുഭൂമിയില്‍ കൃത്രിമ മഴ പെയ്യിക്കാനുളള പദ്ധതി അന്തിമ ഘട്ടത്തിലെന്ന് നാഷണല്‍ മെട്രോളജി സെന്റര്‍. മേഘങ്ങള്‍ക്കിടയില്‍ രാസപദാര്‍ത്ഥങ്ങള്‍ വിതറുന്ന ക്‌ളൗഡ് സീഡിംഗ് പ്രകൃയയിലൂടെ മഴ ലഭ്യമാക്കാനാണ് ശ്രമമെന്നും മെട്രോളജി സെന്റര്‍ അറിയിച്ചു.
രാജ്യത്ത് 5 മുതല്‍ 20 ശതമാനം വരെ മഴ ലഭ്യത വര്‍ധിപ്പിക്കാനാണ് കൃത്രിമ മഴ പെയ്യിക്കാനുളള പദ്ധതി നടപ്പിലാക്കുന്നത്. ജല ലഭ്യത വര്‍ധിപ്പിക്കുന്നതിനും ജല സ്രോതസുകളിലെ ഉറവകള്‍ നിലനിര്‍ത്തുന്നതിനും കൃത്രിമ മഴ സഹായിക്കും. മേഘങ്ങളെ മഴക്കാറുകളാക്കി മാറ്റുന്ന ക്ലൗഡ് സീഡിംഗ് ഇതിനായി ഉപയോഗിക്കും. ഡ്രൈ ഐസ്, സോഡിയം ക്ലോറൈഡ് തുടങ്ങിയ ജൈവപദാര്‍ത്ഥങ്ങള്‍ മേഘങ്ങള്‍ക്കിടയില്‍ വിതറും. ഇതിനായി ജറ്റ് വിമാനങ്ങള്‍ ഉപയോഗിക്കും. ഇതുവഴി മേഘങ്ങളെ കാര്‍മേഘങ്ങളാക്കി മാറ്റി കൃതൃമ മഴ പെയ്യിക്കാനാണ് ശ്രമമെന്ന് നാഷണല്‍ മെട്രോളജി സെന്റര്‍ ഡയറക്ടര്‍ യാസര്‍ ജലാല്‍ പറഞ്ഞു.

ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലഭ്യമാകുന്ന മഴവെളളം അണക്കെട്ടുകളിലും ജലസംഭരണികളിലും ശേഖരിച്ച് ജല സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.