
റിയാദ്: പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കുന്നതിനുളള മാനദണ്ഡങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ആക്ഷേപം. ഇതുസംബന്ധിച്ച പരാതി ഷാഫി പറമ്പില്‍ എംപിയ്ക്ക് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് സജീര്‍ പൂന്തുറ കൈമാറി. കേരളത്തില്‍ വിവാഹ സര്‍ട്ടിഫിക്കറ്റുകളില്‍ വധുവിന്റെയും വരന്റെയും പേരിനൊപ്പം കുടുംബപ്പേര് ഇനീഷ്യലായി ചേര്‍ക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ എംബസി അംഗീകരിക്കുന്നില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

ഇനീഷ്യലിന്റെ പൂര്‍ണരൂപം ഉള്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റാണ് എംബസി ആവശ്യപ്പെടുന്നത്. പുതിയ തലമുറയിലെ പ്രവാസികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ട്. ഇതില്‍ ഇനീഷ്യല്‍ മാത്രമാണുളളത്. അതേസമയം, 90 ശതമാനം പ്രവാസികള്‍ക്കും വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ല. അവര്‍ പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ ആധാര്‍ കാര്‍ഡ് സമര്‍പ്പിച്ചാലും സ്വീകരിക്കാറില്ലെന്നും പരാതിയില്‍ പറയുന്നു.

ഇന്ത്യയില്‍ നിന്നുളള 60 ശതമാനം പ്രവാസികളും വിദ്യാഭ്യാസം കുറഞ്ഞ സാധാരണ തൊഴിലാളികളാണ്. അവരില്‍ ഭൂരിഭാഗവും സ്ഥിരം വീടുകളിലല്ല താമസം. അതുകൊണ്ടുതന്നെ സ്വന്തം മേല്‍വിലാസങ്ങളും ഉണ്ടാവില്ല. പാസ്‌പോര്‍ട്ട് പുതുക്കുന്ന വേളയില്‍ നേരത്തെ വാടകക്കു താമസിച്ചിരുന്ന പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മറ്റൊരു വീട്ടില്‍ താമസിച്ചാല്‍ പോലും വെരിഫിക്കേഷന്‍ ലഭിക്കുന്നില്ല.

ഇഖാമ പുതുക്കുന്നതിന് ആറു മാസം കാലാവധിയുളള പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഇന്ത്യക്കാര്‍ സൗദിയില്‍ നിയമ ലംഘകരായി മാറാന്‍ ഇടയാക്കുന്നു. അതിനാല്‍ പാസ്‌പോര്‍ട്ടുകള്‍ നല്‍കുന്നതിനുള്ള പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിലെ സ്ഥിരം വിലാസം എന്ന മാനദണ്ഡങ്ങളില്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.