റിയാദ്: സൗദിയില്‍ പ്രവാസികളായ മലയാളി കുടുംബങ്ങളില്‍ നിന്നു ചൈനയല്‍ മെഡിക്കല്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ നാട്ടിലേക്കു മടങ്ങുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ മടങ്ങുന്നത്. അതേസമയം, വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്.
ചൈനയിലെ 49 മെഡിക്കല്‍ കോളെജുകളിലായി ഏഴായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇവരില്‍ 45 ശതമാനം മലയാളികളാണെന്നാണ് അനൗദ്യോഗിക കണക്ക്. സൗദിയില്‍ കഴിയുന്ന പ്രവാസി മലയാളി കുടുംബങ്ങളിലെ നൂറിലധികം വിദ്യാര്‍ഥികള്‍ ചൈനയില്‍ മെഡിക്കല്‍ പഠനം നടത്തുന്നുണ്ട്. ചൈനീസ് പുതുവത്സരവും ശീതകാല അവധിയും ജനുവരി പകുതിയോടെ ആരംഭിച്ചതിനാല്‍ സൗദിയിലുളള നല്ലൊരു വിഭാഗം മലയാളി വിദ്യാര്‍ഥികളും മടങ്ങിയെത്തിയിരുന്നു. മെഡിക്കല്‍ യൂനിവേഴ്‌സിറ്റി കലണ്ടര്‍ പ്രകാരം ഫെബ്രുവരി മധ്യത്തോടെയാണ് കോളെജ് തുറുക്കേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ഫെബ്രുവരി 15ന് ശേഷം ക്ലാസ് തുടങ്ങുമെന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് മലയാളി വിദ്യാര്‍ഥികള്‍ മടങ്ങുന്നത്.
റിയാദില്‍ പ്‌ളസ് ടൂ പഠനം പൂര്‍ത്തിയാക്കി ചൈനയില്‍ എം ബി ബി എസ് വിദ്യാര്‍ഥിയായ ദാനിയ ഇഖ്ബാല്‍ ഉള്‍പ്പെടെ 25 അംഗ സംഘം നാട്ടിലേക്ക് പുറപ്പെട്ടതായി റിയാദിലുളള പിതാവ് മലപ്പുറം മുറയൂര്‍ സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു. യാന്‍സോ സര്‍വകലാശാലയിലാണ് ദാനിയ പഠിക്കുന്നത്. വുഹാനില്‍ നിന്നു 700 കിലോ മീറ്റര്‍ അകലെയാണിത്. ചൈനയിലെ തായ്ഷുവില്‍ നിന്നു ബാങ്കോക്ക് വഴി മംഗലാപുരത്തേക്കാണ് സംഘത്തിന്റെ യാത്ര. വുഹാനില്‍ കുടുങ്ങിയവരില്‍ സൗദിയിലുളള പ്രവാസി മലയാളി കുടുംബങ്ങളിലെ വിദ്യാര്‍ഥികളും ഉള്‍പ്പെടും. ഇവരെ എയര്‍ ഇന്ത്യ നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങള്‍,
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.