Sauditimesonline

SaudiTimes

കൊവിഡ് പ്രതിരോധം: സൗദിയുടേത് ഐതിഹാസിക ഒരുക്കങ്ങള്‍.

നൗഫല്‍ പാലക്കാടന്‍.

റിയാദ്: കൊവിഡ് 19 വൈറസ് പ്രതിരോധത്തിന് അതീവ സൂക്ഷമതയോടെയാണ് സൗദിയുടെ നീക്കങ്ങള്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മനുഷ്യസാധ്യമായ മുഴുവന്‍ തയ്യാറെടുപ്പുകളും ഒരുക്കി കഴിഞ്ഞു. കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുമ്പു തന്നെ പ്രത്യേക ആശുപത്രികളും ഐസൊലേഷന്‍ സംവിധാനങ്ങളും ഒരുക്കി. രാജ്യത്തുടനീളം എയര്‍പോര്‍ട്ടുകളില്‍ തെര്‍മല്‍ ഇമേജിങ് ക്യാമറകള്‍ സ്ഥാപിച്ചു. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. ആശുപത്രികളിലും പോളിക്ലിനിക്കുകളിലും പരിശോധന ശക്തമാക്കി. പൊതു ശുചിത്വം ഉറപ്പ് വരുത്താന്‍ മുനിസിപ്പാലിറ്റി 24 മണിക്കൂറും പരിശോധന തുടരുന്നു. സിഗ്‌നലുകളിലും പൊതു ഇടങ്ങളിലും മുനിസിപ്പാലിറ്റി സൗജന്യമായി സാനിറ്റൈസറുകള്‍ വിതരണം ചെയ്യുന്നുണ്ട്. ആഭ്യന്തര,അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. മാളുകളും പാര്‍ക്കുകളും വിനോദ കേന്ദ്രങ്ങളും ആളുകള്‍ കൂട്ടം കൂടുന്ന നഗര ചത്വരങ്ങളും അടച്ചു. സര്‍ക്കാര്‍ ജോലിക്കാരോട് വീട്ടിലിരുന്നു ജോലി ചെയ്യാന്‍ നിര്‍ദേശിച്ചു. ഇരുഹറമുകളില്‍ ഒഴികെ രാജ്യത്തെ എല്ലാ പള്ളികളിലും ജുമുഅ ഉള്‍പ്പടെയുള്ള നമസ്‌കാരങ്ങള്‍ നിര്‍ത്തി വെക്കാന്‍ സൗദി പണ്ഡിതസഭ ഉത്തരവിട്ടു. സ്വകാര്യ കമ്പനികളോട് പരമാവധി വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ പ്രേരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സ്വകാര്യ കമ്പനികളുടെ ഹെഡ് ഓഫീസ് ജീവനക്കാരെ പൂര്‍ണ്ണമായും ബ്രാഞ്ചുകളിലെ ജീവനക്കാരെ 40 % മായും നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കി.

മാര്‍ച്ച് 21 മുതല്‍ സൗദിയിലെ പൊതു ഗതാഗത സംവിധാനങ്ങളായ ടാക്‌സി, ട്രെയിന്‍, ബസ് എന്നിവ നിരത്തിലിറങ്ങില്ല. സ്വദേശികളും വിദേശികളും ഉള്‍പ്പടെ രാജ്യത്ത് കഴിയുന്ന എല്ലാവര്‍ക്കും മരുന്നും ഭക്ഷണവും ഉള്‍പ്പടെ എല്ലാം തയ്യാറാണെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു. ജനങ്ങളുടെ സഹകരണം വേണമെന്നും ആവശ്യപ്പെട്ടു. എല്ലാ മേഖലയിലെയും പ്രതിസന്ധികള്‍ സമഗ്രമായി പഠിക്കും. ഇതിനായി പ്രതേക സമിതിയെ നിയമിച്ചു. കാലാവധി കഴിഞ്ഞ ഇഖാമ മൂന്നു മാസം നീട്ടി നല്‍കും. സക്കാത്ത് വാറ്റ് തുടങ്ങിയ നികുതി വരുമാനങ്ങള്‍ അടക്കുന്നതിന് സാവകാശവും നല്‍കി. എല്ലാ രീതിയിലുള്ള സഹായങ്ങളും ഐതിഹാസിക ഒരുക്കങ്ങളും നടത്തി സൗദി അറേബ്യ ലോകത്തിന് മുന്നില്‍ മാതൃകയാകുകായാണ്. ഇതുവരെ 392 കൊവിഡ് കേസുകളാണ് രാജ്യത്തു സ്ഥിരീകരിച്ചത്. അതില്‍ പതിനാറു രോഗികള്‍ പൂര്‍ണ്ണമായും സുഖം പ്രാപിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top