Sauditimesonline

watches

മരണ സംഖ്യ 41; രോഗബാധിതര്‍ 2,795; രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു; മുന്നറിയിപ്പുമായി സൗദി ആരോഗ്യ മന്ത്രി

നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ വരും ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ. കര്‍ഫ്യൂ സമയത്തും റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം കാര്യമായി കുറഞ്ഞിട്ടില്ല. ഇത് ലക്ഷ്യം നേടുന്നതിന് തടസ്സമാണ്. നിയന്ത്രണങ്ങള്‍ പൂര്‍ണമായും അനുസരിക്കണം. കര്‍ഫ്യൂ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളിലൂടെ മാത്രമേ വൈറസ് വ്യാപനം തടയാന്‍ കഴിയുകയുളളൂ. ഇതിന് പൊതുജനം പൂര്‍ണമായും സഹകരിക്കണം. സാമൂഹിക വ്യാപനം ഉണ്ടാവാതെ വൈറസിനെ തടയാനാണ് ശ്രമം. അതിനാണ് കൂടുതല്‍ നഗരങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ബാധകമാക്കിയത്. കൊവിഡ് ചികിത്സക്ക് കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സൗദിയില്‍ കൊവിഡ് ബാധിച്ചു 3 പേര്‍ മരിച്ചതോടെ മരണ സംഖ്യ 41 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയം രണ്ടുതവണയായി പുറത്തു വിട്ട കണക്ക് പ്രകാരം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,795 ആയി ഉയര്‍ന്നു. ഇന്നു 64 പേര്‍ രോഗമുക്തി നേടി. ഇതോടെ 615 പേരുടെ അസുഖം ഭേദമായി. മരിച്ചവരില്‍ രണ്ടു പേര്‍ മക്കയിലും ഒരാള്‍ ഹുഫൂഫിലുമാണ്. തലസ്ഥാന നഗരിയായ റിയാദ് ഉള്‍പ്പടെ രാജ്യത്തിന്റെ പ്രധാന നഗരങ്ങളില്‍ ഇന്നു മുതല്‍ കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു. രാവിലെ ആറു മുതല്‍ ഉച്ചക്ക് 3 വരെ അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമാണ് പുറത്തിറങ്ങാന്‍ അനുമതിയുളളതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top