Sauditimesonline

watches

ഊതിപ്പെരുപ്പിച്ച പ്രതിസന്ധി; സമ്മര്‍ദ്ധ തന്ത്രത്തിനു പിന്നില്‍ വിമാന കമ്പനികളെന്നു സംശയം

നസ്‌റുദ്ദീന്‍ വി ജെ ആലപ്പുഴ

ഗള്‍ഫ് രാജ്യങ്ങള്‍ കൊവിഡ് വൈറസിന്റെ ഭീഷണിയിലാണ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ക്ക് വൈറസ് ബാധയുണ്ട്. ഇവരെ എത്രയും വേഗം ഇന്ത്യയിലെത്തിക്കണമെന്ന മുറവിളി ഗള്‍ഫ് നാടുകളില്‍ തുടങ്ങിയിട്ടുണ്ട്. ചില മാധ്യമങ്ങളും ഇതിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ പരിഗണിക്കാതെ ഉറഞ്ഞുതുളളുന്നുണ്ട്. ചിലരുടെ ആവേശം കണ്ടാല്‍ വിമാന കമ്പനികള്‍ ഇവരെ വിലക്കു വാങ്ങിയതാണെന്നു തോന്നും. പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികള്‍ക്ക് ശതകോടികളുടെ നഷ്ടമാണ് കൊവിഡ് സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ അവര്‍ക്കു വേണ്ടി കുഴലൂത്തു നടത്തുകയാണോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. സാധാരണ വിമാന സര്‍വുസ് നിശ്ചലമായ സാഹചര്യത്തില്‍ സമ്മര്‍ദ്ധ തന്ത്രം പയറ്റി ചാര്‍ട്ടേഡ് വിമാനം പറത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് കൊവിഡ് വ്യാപനം വര്‍ധിപ്പിക്കും. ഗള്‍ഫ് നാടുകളിലെ ഇന്ത്യന്‍ തൊഴിലാളികള്‍ മുഴുവന്‍ കൊവിഡിന്റെ പിടിയിലാണെന്ന തരത്തിലാണ് പലരും റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മലയാളം ചാനലുകള്‍ ഗള്‍ഫ് പ്രവാസികളുടെ പ്രശ്‌നം ചര്‍ച്ച ചെയ്തു. ഇതില്‍ വസ്തുതയുമായി പുലബന്ധമില്ലാത്ത കാര്യങ്ങള്‍ക്കാണ് കൂടുതല്‍ സമയം ചെലവഴിച്ചത്. ഗുണകരമായ ചില ചര്‍ച്ചകള്‍ നടന്നത് വിസ്മരിക്കുന്നില്ല. സൗദി, യു എ ഇ എന്നിവിടങ്ങളില്‍ 28.5 ലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്. കുവൈത് (8.25 ലക്ഷം), ഖത്തര്‍ (6.91 ലക്ഷം), ബഹ്‌റൈന്‍ (4 ലക്ഷം), ഒമാന്‍ (4.48 ലക്ഷം) എന്നിങ്ങനെയാണ് മറ്റു ജി സി സി രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ ഏകദേശ കണക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം ഏകദേശം 80 ലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്. ഇതില്‍ എത്ര മലയാളികള്‍ ഉണ്ടെന്ന് നിശ്ചയമില്ല. എങ്കിലും 35 ശതമാനത്തില്‍ കൂടതല്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഏകദേശം 28 ലക്ഷം മലയാളികളുണ്ടെന്ന് കരുതാം.

ഊതിപ്പെരുപ്പിച്ച പ്രതിസന്ധി

ഗള്‍ഫിലെ മലയാളികളില്‍ പ്രതിസന്ധി നേരിടുന്നവര്‍ എത്രയുണ്ടെന്ന് യാതൊരു നിശ്ചയവുമില്ല. ലോക് ഡൗണ്‍ ആയതിനാല്‍ ജോലിയും ശമ്പളവും ഇല്ലാത്തവരുണ്ട്. ഇത് ഗള്‍ഫിലെ പ്രവാസികളെ മാത്രം അലട്ടുന്ന പ്രശ്‌നമല്ല. കൊവിഡ് ബാധിച്ച ലോകത്തെ മുഴുവന്‍ ജനങ്ങളും ഇത് അനുഭവിക്കുന്നുണ്ട്. കേരളത്തില്‍ കൂലിവേലക്കാരു മുതല്‍ ലോട്ടറി ടിക്കറ്റു വില്‍ക്കുന്നവര്‍ വരെ സൗജന്യ റേഷന്റെ തണലിലാണ് അന്നം മുട്ടാതെ കഴിയുന്നത്. പ്രവാസികള്‍ക്കിടയിലും ഇത്തരക്കാര്‍ ഉണ്ട്. എന്നാല്‍ സൗദിയിലുളള മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യക്കാര്‍ മുഴുവന്‍ പ്രതിസന്ധിയിലാണ് എന്ന തരത്തിലുളള പ്രചാരണം അടിസ്ഥാന രഹിതമാണ്. കൊവിഡിനെ തുടര്‍ന്നു യാത്രാ മാത്രമാണോ പ്രതിസന്ധി? ഭീതി ഊതിപ്പെരുപ്പിച്ച് നാട്ടിലേക്ക് മടങ്ങണമെന്ന് പ്രവാസികളുടെ മനസ്സ് മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നു എന്നാണ് ചില സോഷ്യല്‍ മീഡിയാ പ്രചാരണം വ്യക്തമാക്കുന്നത്. ഇതിന് പിന്നില്‍ വ്യോമ ഗതാഗത വ്യവസായ മേഖലയിലുളളവര്‍ ഉണ്ടെന്ന ആരോപണവും ശക്തമാണ്.

ലേബര്‍ ക്യാമ്പും വൈറസ് ബാധയും
സൗദിയില്‍ ധാരാളം ലേബര്‍ ക്യാമ്പുകളുണ്ട്. ഇവിടങ്ങളില്‍ വിവിധ രാജ്യങ്ങളിലുളളവര്‍ അധിവസിക്കുന്നുണ്ട്. എന്നാല്‍ 90 ശതമാനം ക്യാമ്പുകളിലെയും ജീവനക്കാര്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരായിരിക്കും. ഇവരുടെ ഭക്ഷണം, താമസം, ആരോഗ്യ പരിചരണം എന്നിവയെല്ലാം തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. 100 മുതല്‍ മൂവായരം തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളുണ്ട്. ഇതുവരെ ക്യാമ്പുകളില്‍ വ്യാപകമായി വൈറസ് ബാധ പൊട്ടിപുറപ്പെട്ടതായി റിപ്പോര്‍ട്ടുകളില്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതെല്ലാം കൊവിഡ് ബാധിതരുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരാണ്.

സൗജന്യ ചികിത്സ
സൗദിയില്‍ സ്വദേശികളും വിദേശികളും നിയമ ലംഘകരും ഉള്‍പ്പെടെ മുഴുവന്‍ ജനങ്ങള്‍ക്കും കൊവിഡ് ചികിത്സ ലഭ്യമാക്കാന്‍ രാജാവ് ഉത്തരവിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ യാതൊരു ആശങ്കക്കും വകയില്ല. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം നൂറുകണക്കിന് മലയാളികള്‍ ക്വാറന്റൈന്‍ പീരീഡ് പൂര്‍ത്തിയാക്കി താമസ കേന്ദ്രങ്ങളില്‍ മടങ്ങിയെത്തിയിട്ടുണ്ട്. ഇവര്‍ക്ക് പഞ്ച നക്ഷത്ര ഹോട്ടലിലാണ് സൗകര്യം ഒരിക്കിയിട്ടുളളത്. കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം സ്വദേശി സഫ്‌വാന്റെ ഭാര്യയെ താമസിപ്പിച്ചതും ഹോട്ടലിലാണ്. പരിശോധനയില്‍ പോസീറ്റീവ് കേസുകള്‍ ആശുപത്രിയിലേക്ക് മാറ്റും. ഇവരോടൊപ്പം ഒരേ ഫ്‌ളാറ്റില്‍ താമസിച്ച മലയാളി കുടുംബം ആദ്യ പരിശോധനയില്‍ നെഗറ്റീവാണ്. ഇവര്‍ ഇപ്പോഴും ഹോട്ടലില്‍ തുടരുകയാണ്. ഇങ്ങനെ രാജ്യത്തെ 13 പ്രവിശ്യകളിലും ആരോഗ്യ മന്ത്രാലയം കാര്യക്ഷമമായ ഇടപെടലാണ് നടത്തുന്നത്.

സൗദിയും ഇന്ത്യയും
28 ലക്ഷത്തിലധികം ഇന്ത്യക്കാരുളള സൗദിയില്‍ 10 ലക്ഷത്തിലധികം മലയാളികളുണ്ട്. ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്കു പ്രകാരം 3.42 കോടി ജനങ്ങളാണ് ഉളളത്. ഇതില്‍ 1.74 കോടി വിദേശികളാണ്. ഇന്ത്യയില്‍ 137.69 കോടി ജനങ്ങളുണ്ട്. അതായത് സൗദിയുടെ 40 ഇരട്ടിയാണ് ഇന്ത്യയുടെ ജനസംഖ്യ. അതേസമയം രാജ്യത്തിന്റെ വസ്തൃതി താരതമ്യം ചെയ്താല്‍ ഇന്ത്യയുടെ മൂന്നില്‍ രണ്ട് വലിപ്പമാണ് സൗദിക്കുളളത്. ലോകത്ത് വലിപ്പത്തില്‍ ഇന്ത്യക്ക് ഏഴാം സ്ഥാനവും സൗദിക്ക് പന്ത്രാണ്ടാം സ്ഥാനവുമാണ്. ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനവും സൗദിക്ക് നാല്പത്തിയൊന്നാം സ്ഥാനവുമാണ്. അതുകൊണ്ടുതന്നെ കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങുന്നതിനെക്കാള്‍ സുരക്ഷിതം സൗദി അറേബ്യ ആണ്.

അഭയാര്‍ത്ഥികര്‍ക്ക് അഭയം
ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ക്കാണ് സൗദി അറേബ്യ അഭയം നല്‍കിയിട്ടുളളത്. 25 ലക്ഷം സിറിയന്‍, അഞ്ചു ലക്ഷം യമനികള്‍ എന്നിവര്‍ക്ക് പുറമെ പലസ്തീന്‍, ബര്‍മ, റോഹിംഗ്യന്‍ ഉള്‍പ്പെടെയുളള അഭയാര്‍ഥികള്‍ സൗദിയിലുണ്ട്. ഇവരെ അഭയാര്‍ഥികളായല്ല ഭരണകൂടം കാണുന്നത്. താമസാനുമതി രേഖ അനുവദിക്കുകയും സ്വതന്ത്രമായി ജോലി ചെയ്യാനും അവസരം നല്‍കിയിട്ടുണ്ട്. മാത്രമല്ല ആരോഗ്യം, വിദ്യാഭ്യാസം എന്നിവ സൗജന്യമായി നല്‍കുന്നു. അഭയാര്‍ത്ഥി ക്യാമ്പുകള്‍ സൗദിയിലില്ല. അറ്റു രാജ്യങ്ങളിലുളളവര്‍ അധിവസിക്കുന്നതുപോലെ തന്നെയാണ് അഭയാര്‍ത്ഥികളെയും പരിഗണിക്കുന്നത്. വൈറസ് ഭീഷണിയുണ്ടെങ്കില്‍ ഇവരെയും ബാധിക്കേണ്ടതാണ്. കേരളത്തിലേക്ക് മടങ്ങണമെന്ന് മുറവിളി കൂട്ടുന്നതുപോലെ ഇവര്‍ ബഹളം വെക്കുന്നില്ല. മാത്രമല്ല സൗദിയിലെ 13 പ്രവിശ്യകളിലും സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല. വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഖത്തീഫില്‍ പോലും സാമൂഹിക വ്യാപനം ഉണ്ടാകാതെ തടഞ്ഞു നിര്‍ത്താന്‍ കഴിഞ്ഞു.

കരുതലും മുന്‍കരുതലും
കൊവിഡിനെതിരെ ശക്തമായ മുന്‍കരുതല്‍ നടപടികളാണ് സൗദി ആരോഗ്യ മന്ത്രാലയം തുടക്കം മുതല്‍ സ്വീകരിച്ചത്. ആരോഗ്യ പരിപാലനത്തിന് വിദേശികള്‍ പ്രധാനമായും ആശ്രയിക്കുന്നത് സ്വകാര്യ പോളിക്ലിനിക്കുകളെയാണ്. അതുകൊണ്ടുതന്നെ കൊവിഡ് കാലത്ത് ക്ലിനിക്കുകളിലെത്തുന്നവരെ എപ്രകാരമാണ് പരിചരിക്കേണ്ടതെന്ന് ആരോഗ്യ മന്ത്രാലയം കൃത്യമായ മാര്‍ഗ നിര്‍ദേശം നല്‍കി. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പുതന്നെ ആരോഗ്യ മന്ത്രാലയം മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി.
രാജ്യത്തെ ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവ ഉള്‍പ്പടെ മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളുടെയും കവാടത്തില്‍ പ്രത്യേക നഴ്‌സിംഗ് സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി.

പ്രവേശന കവാടത്തിലെത്തുന്ന രോഗിയുടെ ശരീര ഊക്ഷ്മാവ് പരിശോധിക്കും. വിശദമായി ഹിസ്റ്ററി ചോദിച്ചറിയും. യാത്ര, ജോലിയുടെ സ്വഭാവം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. ശരീര ഊക്ഷ്മാവ് കൂടുതലുള്ള രോഗികളെ പരിശോധിക്കാന്‍ പ്രതേക പരിശോധനാ റൂം ക്രമീകരിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഇവിടെയെത്തിയാണ് കൊവിഡ് സംശയമുളള രോഗികളെ പരിശോധിക്കുന്നത്. ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ദ്ധരുടെ നിര്‍ദേശം അനുസരിച്ച് രോഗികളുടെ ലക്ഷണങ്ങള്‍ മനസ്സിലാക്കിയാണ് തുടര്‍ ചികിത്സ. ആരോഗ്യ മന്ത്രാലയത്തിന്റെ ചോദ്യാവലി പ്രകാരം നാലില്‍ കൂടുതല്‍ സ്‌കോര്‍ ഉളളവര്‍ കോറന്റൈനില്‍ കഴിയണം. ആറില്‍ കൂടുതല്‍ സ്‌കോറുളളവര്‍ കൊവിഡ് ടെസ്റ്റിന് വിധേയരാകണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരാണ് ഇത് തീരുമാനിക്കുന്നത്. ഇത്തരത്തില്‍ സുശക്തമായ കരുതലാണ് രാജ്യം മുഴുവന്‍ നടപ്പിലാക്കിയിട്ടുളളത്.

എംബസി ഉണരണം
കൊവിഡ് പൊട്ടിപുറപ്പെട്ടതിനെ തുടര്‍ന്ന് 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം ഇന്ത്യന്‍ എംബസി തുറന്നു. ഒരു ലോക്കല്‍ നമ്പരും ഇന്ത്യയിലെ അഞ്ചു നമ്പരുകളുമാണ് നല്‍കിയത്. വിളിച്ചവര്‍ക്കാവട്ടെ ആരോഗ്യ മന്ത്രാലയത്തിന്റെ 937 നമ്പരില്‍ വിളിക്കാനുളള ഉപദേശം മാത്രമാണ് ലഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം പേരിനൊരു ഹെല്‍പ് ഡെസ്‌ക് തുറഞ്ഞതല്ലാതെ ഫലത്തില്‍ ആര്‍ക്കും പ്രയോജനം ലഭിക്കുന്നില്ല. ബോധവത്ക്കരണവും അംബാസഡറുടെ വീഡിയോ സന്ദേശവുമെല്ലാം ഇതോടൊപ്പമുണ്ട്. പക്ഷേ കൊവിഡിനെ പ്രതിരോധിക്കാന്‍ ഇത്തരം മുന്‍കരുതല്‍ മാത്രം പോര എന്നു ആദ്യം തിരിച്ചറിയേണ്ടത് സൗദിയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളാണ്. എംബസി കൂടെ ഉണ്ടെന്ന ആത്മ വിശ്വാസം വളര്‍ത്താന്‍ കഴിയണം. അതിന് ആവശ്യമായ രൂപ രേഖ തയ്യാറാക്കുകയും വേണം.

സമഗ്ര മാര്‍ഗ രേഖ ആവശ്യം
കൊവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ എംബസി സമഗ്ര രൂപരേഖ തയ്യാറാക്കണം. ആരോഗ്യ മന്ത്രാലയം, റെഡ് ക്രസന്റ്, ആഭ്യന്തര മന്ത്രാലയം തുടങ്ങി സൗദിയിലെ വിവിധ ഏജന്‍സികളുമായി ഏകോപനം നടത്തി ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതാവണം രൂപ രേഖ. 28 ലക്ഷം ഇന്ത്യക്കാരുളള സൗദിയില്‍ ഒരു ശതമാനം ഇന്ത്യക്കാര്‍ക്ക് പോലും കോവിഡ് ബാധയില്ല. ഒരു ശതമാനത്തിന് രോഗ ബാധ ഉണ്ടായാല്‍ തന്നെ 28000 പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യവും ചികിത്സയും ആവശ്യമായി വരും. നിലവില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും മുന്‍കരുതല്‍ ആവശ്യമാണ്. ഇതിനായി എംബസിയുടെ നേതൃത്വത്തില്‍ വിദഗ്ദ സമിതി രൂപീകരിക്കണം. ഭാവിയില്‍ നേരിട്ടേക്കാവുന്ന പ്രതിസന്ധി എപ്രകാരം കൈകാര്യം ചെയ്യാമെന്നു സമിതി പഠിക്കുകയും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും വേണം.

കൊവിഡ് ഡാറ്റാ ബേസ്
രാജ്യത്തെ ഓരോ പ്രവിശ്യയിലും രോഗ ലക്ഷണമുളളവര്‍, രോഗ ബാധയുളളവര്‍ തുടങ്ങിയവരുടെ വിവരം ശേഖരിക്കുന്നതിന് എംബസി സംവിധാനം ഉണ്ടാക്കണം. കൊവിഡ് ബാധിക്കാന്‍ സാധ്യതയുളളവരുടെ വിവരങ്ങളും തേടണം. കൊവിഡ് ചികിത്സ, ആരോഗ്യ പരിചരണം എന്നിവക്കുപരിയായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍ കഴിയുന്നവരുടെ ഡാറ്റാ ബേസും തയ്യാറാക്കണം. വിവര ശേഖരണത്തിന് സൗദിയിലെ പ്രവാസി കൂട്ടായ്മകളുടെ സേവനവും പ്രയോജനപ്പെടുത്തണം. ഭക്ഷണത്തിനുളള മാര്‍ഗം കണ്ടെത്തി കൊടുക്കുന്നതോടൊപ്പം മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയും ഇവര്‍ക്ക് എത്തിക്കണം. ഇതോടൊപ്പം ഇന്ത്യയിലേക്ക് മടങ്ങാനുളളവരുടെ വിവരവും ശേഖരിക്കണം.

വേണമൊരു മെഡിക്കല്‍ ടീം
എംബസിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീമിന് രൂപം നല്‍കണം. ഇവരെ ആരോഗ്യ മന്ത്രാലയവുമായി സഹകരിപ്പിച്ച് ആവശ്യമായ മാര്‍ഗ നിര്‍ദേശം നല്‍കണം. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ നിരവധി ഇന്ത്യന്‍ ഡോക്ടര്‍മാര്‍ വീടുകളില്‍ വിശ്രമത്തിലാണ്. ഇവരുടെ സേവനം പ്രയോജനപ്പെടുത്തണം. ആവശ്യമെങ്കില്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നു ഇവര്‍ക്കു ശമ്പളവും അനുവദിക്കണം. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരായ നഴ്‌സ്, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെയും മെഡിക്കല്‍ ടീമില്‍ ഉള്‍പ്പെടുത്തണം. മെഡിക്കല്‍ സംഘം ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ചികിത്സ, ബോധവത്ക്കരണം എന്നിവ ഉറപ്പു വരുത്തണം. അതോടൊപ്പം കൊവിഡ് രോഗ ലക്ഷണമുളളവരെ കണ്ടെത്താന്‍ പദ്ധതി തയ്യാറാക്കുകയും വേണം.

വളന്റിയര്‍ സേവനം
ഇന്ത്യക്കാരെ ഉള്‍പ്പെടുത്തി വളന്റിയര്‍ ടീം രൂപീകരിക്കണം. അവര്‍ക്ക് പരിശീലനം നല്‍കണം. ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇവരുടെ സേവനം ഉപയോഗപ്പെടുത്തണം. അതോടൊപ്പം ക്യാമ്പുകളില്‍ ഒറ്റപ്പെട്ടു കഴിയുന്നവരുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനും ആശയ വിനിമയം നടത്തുന്നതിനും വളന്റിയര്‍മാരുടെ സേവനം പ്രയോജനം ചെയ്യും.

ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍
ഏറ്റവും പ്രധാനപ്പെട്ടതാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍. അപ്രതീക്ഷിതമായി എന്തു സംഭവിച്ചാലും നേരിടാനുളള സൗകര്യം സജ്ജമായിരിക്കണം. സൗദിയില്‍ എംബസിയുടെ നിയന്ത്രണത്തിലുളള പത്ത് കമ്യൂണിറ്റി സ്‌കൂളുകളുണ്ട്. ഇതിനു പുറമെ ഇരുപത്തിയഞ്ചിലധികം സി ബി എസ് ഇ അംഗീകാരമുളള സ്വകാര്യ സ്‌കൂളുകളുണ്ട്. അതോടൊപ്പം ഓരോ പ്രവിശ്യയിലുമുളള സ്വകാര്യ വിശ്രമ കേന്ദ്രങ്ങള്‍ എന്നിവ ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കാന്‍ കഴിയുന്ന വിധം സജ്ജമാക്കണം.

ആംബുലന്‍സ് സേവനം
ഇന്ത്യക്കാരുടെ നിയന്ത്രണത്തിലുളള നിരവധി പോളിക്ലിനിക്കുകള്‍ സൗദിയിലുണ്ട്. ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ മക്കയിലും മദീനയിലും ആംബുലന്‍സുകള്‍ ഉണ്ട് അടിയന്തിര ഘട്ടത്തില്‍ ഇതു പ്രയോജനപ്പെടുത്തുന്നതിനുളള സംവിധാനം നേരത്തെ ഒരുക്കുക. ആംബുലന്‍സ് സേവനം നല്‍കുന്ന സ്വകാര്യ കമ്പനികളുണ്ടെങ്കില്‍ മവരുമായും നേരത്തെ ധാരണ ഉണ്ടാക്കുക. എംബസിയുടെ നേതൃത്വത്തില്‍ രൂപം നല്‍കുന്ന മെഡിക്കല്‍ ടീമിന െആംബുലന്‍സ് സേവനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തണം.

ഭക്ഷണവും മരുന്നും
ഭക്ഷണമില്ല, മുഴുപ്പട്ടിണിയാണെന്ന് സന്ദേശം വരുന്നുണ്ട്. ഇവരെ പരിഗണിക്കണം. ആവശ്യമായ ഭക്ഷണവും മരുന്നും ലഭ്യമാക്കണം. ഇതിനായി നയതന്ത്ര കാര്യാലയങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുകയും കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് വിനിയോഗിക്കുകയും വേണം. 2013 പൊതുമാപ്പ് വേളയില്‍ ഫൂത പാര്‍ക്കില്‍ അഭയം തേടിയവര്‍ക്ക് താമസം, ഭക്ഷണം, മരുന്ന് എന്നിവ ഒരുക്കിയിരുന്നു. കമ്യൂണിറ്റി വളന്റിയര്‍മാരുടെ സഹായത്തോടെ പ്രാവര്‍ത്തികമാക്കിയ മാതൃക കൊവിഡ് കാലത്തും തുടരുന്നത് ദുരിതം നേരിടുന്നവര്‍ക്ക് ആശ്വാസമാകും.

കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്
ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ഖദ്ദാമ മാര്‍ക്കു ടിക്കറ്റു കൊടുക്കാനും ഷെല്‍ട്ടല്‍ ഒരുക്കാനും മാത്രമുളളതല്ല ഇത്. കമ്യൂണിറ്റിയുടെ വെല്‍ഫെയറിന് ആവശ്യമായ തുക കോണ്‍സുലേറ്റിന്റെയും എംബസിയുടെയും അക്കൗണ്ടിലുണ്ട്. അതുകൊണ്ടുതന്നെ കൊവിഡിനെ നേരിടാന്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നടപ്പിലാക്കാന്‍ തടസ്സം ഉണ്ടാവില്ല.

ഒഴിപ്പിക്കല്‍ പിന്നീട്
ഗര്‍ഭിണികള്‍, കുട്ടികള്‍, വിസിറ്റിംഗ് വിസയിലെത്തിയവര്‍, ഫൈനല്‍ എക്‌സിറ്റ് നേടിയവര്‍ എന്നിവരെ നാട്ടിലെത്തിക്കണമെന്നാണ് ഒരു കൂട്ടരുടെ ആവശ്യം. നിലവിലെ സാഹിര്യത്തില്‍ വിമാന യാത്ര സുരക്ഷിതമല്ല. മാത്രമല്ല ടിക്കറ്റ് നിരക്കും ഉയര്‍ന്നതാണ്. മനുഷ്യ വിഭവശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ പ്രകാരം ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നത് ഒന്നിടവിട്ട സീറ്റുകളില്‍ യാത്രക്കാരെ ഇരുത്താനാണ്. അങ്ങനെയെങ്കില്‍ ടിക്കറ്റ് നിരക്ക് ഇനിയും ഉയരാന്‍ ഇടവരുത്തും. അതേസമയം വിമാന യാത്രയില്‍ കൊവിഡ് രോഗ ലക്ഷണം കാണിക്കാത്തവര്‍ പോലും രോഗാണു വാഹകരാകുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ വിമാന സര്‍വീസ് സുരക്ഷിതമല്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. യുദ്ധ ഭൂമിയില്‍ നിന്നു ആളുകളെ കുടിയൊഴിപ്പിക്കുന്ന ലാഘവത്തോടെ കൊവിഡിനെ തുരത്തി മനുഷ്യരെ സുരക്ഷിതമായി ലക്ഷ്യത്തിലെത്തിക്കാന്‍ സാധ്യമല്ല. ഒരു മാസം മുതല്‍ 45 ദിവസം വരെ ക്ഷമിക്കുന്നതാണ് ഉത്തമം. അല്ലെങ്കില്‍ കേരളം പോലൊരു ജനസാന്ദ്രത കൂടിയ ചെറിയ സംസ്ഥാനത്ത് വീണ്ടുമൊരു ലോക് ഡൗണ്‍ ഒരുക്കലാവും ഫലം. മാത്രമല്ല അതു ഇപ്പോള്‍ സൃഷ്ടിച്ചതിന്റെ പതിന്‍ മടങ്ങ് പ്രഹര ശേഷിയുളള വൈറസ് ആക്രമണമായി മാറുകയും ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top