നൗഫല്‍ പാലക്കാടന്‍

റിയാദ്: കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളിലും പോളിക്ലിനിക്കുകളിലും മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ സൗദി ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം ലഭിച്ചത് മുതല്‍ പനി ഉള്‍പ്പടെയുള്ള രോഗ ലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിച്ചതിന് ശേഷമാണ് രോഗികളെയും കൂടെ വരുന്നവരെയും ആശുപത്രികളിലേക്ക് പ്രവേശിപ്പിക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള രോഗ ലക്ഷണം കണ്ടാല്‍ കൂടുതല്‍ പരിശോധന നടത്തുന്നതിനായി പ്രതേക വാര്‍ഡ് ഒരുക്കിയിട്ടുണ്ട്. അണുവിമുക്തമാക്കാനുള്ള ജെല്ലുകള്‍, ഫേസ് മാസ്‌ക് എന്നിവയും ആവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ട് . ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിന് മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധന ശക്തമാക്കി. ഒരു ദിവസം തന്നെ പലതവണ പരിശോധനക്ക് വരുന്നുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഇന്ന് സൗദി അറേബ്യയില്‍ മൂന്ന് പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 15 ആയി. തലസ്ഥാന നഗരിയായ റിയാദില്‍ ആദ്യമായാണ് ഇന്ന് ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തത്. യാത്ര കഴിഞ്ഞു സൗദിയില്‍ മടങ്ങിയെത്തിയ അമേരിക്കന്‍ പൗരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
