റിയാദ്: സൗദിയില്‍ വീണ്ടും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. 15 ദിവസത്തിനിടെ പതിനഞ്ചിരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 19ന് 104 പേര്‍ക്കായിരുന്നു വൈറസ് ബാധ. എന്നാല്‍ ജനുവരി 3ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 1746 ആണ്. 314 പേര്‍ രോഗമുക്തി നേടി. രണ്ടുപേര്‍ മരിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 90 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഷോപിംഗ് മാളുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുളള തവക്കല്‍നാ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. വ്യാപാര കേന്ദ്രങ്ങളില്‍ സാമൂഹിക അകലം പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
അതിനിടെ, കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ പബ്‌ളിക് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ നിബന്ധനകള്‍ ബാധകമാക്കി. ബസ് സ്റ്റാന്റിലും ബസിനുളളിലും മാസ്‌ക് നിര്‍ബന്ധമായും ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ബസ്സില്‍ ടിക്കറ്റ് വിതരണം ഉണ്ടാവില്ല. നേരത്തെ ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമാണ് ബസ്സില്‍ പ്രവേശനം. രണ്ട് സീറ്റുകള്‍ക്കിടയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടാകും ബസ് സര്‍വീസ് നടത്തുക. ഫ്രന്റ് ഡോര്‍ കയറുന്നതിനും ബാക് ഡോര്‍ ഇറങ്ങുന്നതിനും ഉപയോഗിക്കണം. ബസ്സില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.