
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ ആദ്യ വാക്‌സിന്‍ സ്വീകരിച്ച് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഏറ്റവും ബൃഹത്തായ വാക്‌സിന്‍ കാമ്പയിനാണ് ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു.
ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നടത്തിയ നേതൃപരമായ ഇടപെടലാണ് ലോകത്ത് ആദ്യം വാക്‌സിന്‍ വിതരണം ചെയ്യുന്ന രാജ്യങ്ങളില്‍ സൗദിയെ എത്തിക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു. വാക്‌സിന്‍ സമ്പൂര്‍ണ സുരക്ഷിതമാണ്. വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരെയും നിര്‍ബന്ധിക്കില്ല. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി വാക്‌സിന്‍ വിതരണത്തിനുളള കൂടുതല്‍ സൗകര്യങ്ങള്‍ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ പുരോഗമിക്കുകയാണ്.

കൊവിഡ് പൊട്ടിപ്പുറപ്പെട്ട മാര്‍ച്ച് മുതല്‍ ഒന്‍പതുമാസമായി രാജ്യത്ത് പുതിയ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൊവിഡ് പടരുന്നത് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും സമ്പൂര്‍ണമായി കൊവിഡ് മുക്തി കൈവരിക്കുകയാണ് ലക്ഷ്യം. അതിനാണ് വാക്‌സിന്‍ വിതരണത്തിന് വിപുലമായ സൗകര്യം ഒരുക്കിയിട്ടുളളതെന്നും മന്ത്രി പറഞ്ഞു.
വാക്‌സിന്‍ എടുക്കാന്‍ താല്‍പര്യമുളളവര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സ്വിഹതി മൊബൈല്‍് ആപ് വഴി രജിസ്റ്റര്‍ ചെയ്യണം. ഇതുവരെ ഒന്നര ലക്ഷം ആളുകള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
