
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അപ്രതീക്ഷിത പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. കുത്തിവെയ്പ് എടുത്തവര്‍ പൂര്‍ണ ആരോഗ്യവാന്‍മാരാണെന്നും മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു.

ഡിസംബര്‍ 17 മുതലാണ് സൗദിയില്‍ ഫൈസര്‍ ബയോ ടെകിന്റെ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. ഇതുവരെ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതിരോധ കുത്തിവെയ്പ് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സ്വിഹതി മൊബൈല്‍ ആപില്‍ രജിസ്റ്റര്‍ ചെയ്ത് അപ്പോയ്ന്റ്‌മെന്റ് നേടണമെന്ന് മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
വിവിധ ലോക രാജ്യങ്ങളില്‍ ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ സൗദിയില്‍ കര്‍ഫ്യൂ ബാധകമാക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം പ്രിവന്റീവ് മെഡിസിന്‍ അസിസ്റ്റന്റ് ഡ്യെപ്യൂടി മന്ത്രി ഡോ. അബ്ദുല്ല അസീരി പറഞ്ഞു.
ജനിതക മാറ്റം സംഭവിച്ച വൈറസും കൊവിഡ്-19ഉും പൂര്‍ണമായും വ്യത്യസ്ഥമാണെന്നതിന് ശാസ്ത്രീയ തെളിവ് ലഭ്യമല്ല. അതുകൊണ്ടുതന്നെ നിലവില്‍ ഉപയോഗിക്കുന്ന വാക്‌സിന്‍ ഫലപ്രദമാണെന്ന നിഗമനമാണ് ഗവേഷകര്‍ പങ്കുവെക്കുന്നത്. അടുത്ത ആഴ്ച ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ കൊവിഡ് വാക്‌സിന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഡോ. അസീരി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
