
തിരുവനന്തപുരം: ശ്രീനാരായണഗുരു രചിച്ച പ്രാര്‍ത്ഥനാഗീതം ‘ദൈവദശകം’ ആലാപന മത്സരം സംഘടിപ്പിക്കുന്നു. ശ്രീനാരായണഗുരു ധര്‍മ സേവാ സംഘം (എസ്എന്‍ഡിഎസ്) ആണ് മത്സരം സംഘടിപ്പിക്കുന്നത്. കേരളത്തിനു പുറമെ ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും താമസിക്കുന്ന മലയാളികള്‍ക്കു ഓണ്‍ലൈനിലും ഓഫ്‌ലൈനിലും മത്സരത്തില്‍ പങ്കെടുക്കാം. മത്സരാര്‍ത്ഥികള്‍ ഗൂഗിള്‍ ഫോം പൂരിപ്പിച്ചു മെയ് 15ന് മുമ്പ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.

9 വയസ്സ് വരെയുള്ള കുട്ടികള്‍, 10 മുതല്‍ 13 വയസ്സ് വരെയുള്ളവര്‍, 14 മുതല്‍ 16 വയസ്സു വരെയുളളവര്‍, 17 മുതല്‍ 24 വയസ്സ് വരെയുളളവര്‍, 25 മുതല്‍ 41 വയസ്സു വരെയുളളവര്‍, 41 വയസ്സിനു മുകളിലുള്ളവര്‍ എന്നിങ്ങനെ പ്രായപരിധി മാനദണ്ഡമാക്കി 6 വിഭാഗങ്ങളായാണ് മത്സരങ്ങള്‍.

പ്രാഥമിക റൗണ്ട് ഓഫ് ലൈന്‍ ആയിട്ടായിരിക്കും. കേരളത്തില്‍ എല്ലാ പ്രദേശങ്ങളിലും കേരളത്തിന് പുറത്തു മറ്റു സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലും തെരഞ്ഞെടുക്കുന്ന കേന്ദ്രങ്ങളില്‍ മത്സരത്തിന് വേദി ഒരുക്കും. ജി സി സി രാജ്യങ്ങളിലെ മത്സര കേന്ദ്രങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും. പ്രാഥമിക റൗണ്ടിന് ശേഷം തെരഞ്ഞെടുക്കുന്ന മത്സരാര്‍ത്ഥികള്‍ ഫൈനല്‍ റൗണ്ടിലേക്ക് കടക്കും. ഇത് ഓണ്‍ലൈനിലായിരിക്കും.

പരിചയസമ്പന്നരായ വിധികര്‍ത്താക്കള്‍ മത്സരങ്ങള്‍ നിയന്ത്രിക്കും. അക്ഷരതെറ്റുകളില്ലാതെ വ്യക്തത, ഉച്ചാരണ ശുദ്ധി, ശ്രുതി, ലയം, രാഗം, താളം, ഭക്തി ഭാവത്തിനു പ്രാധ്യാന്യം നല്‍കിയുള്ള ആലാപനം, ആശയം മാറാതെ പദച്ഛേദം ചെയ്യല്‍, ശബ്ദം, ശ്രവണ സുഖം, ഈണം എന്നിവയെല്ലാം പരിഗണിച്ചാണ് ഫലനിര്‍ണയം. മുഖവുര സംഭാഷണം, ആലാപനത്തില്‍ ആവര്‍ത്തനം ആവശ്യമില്ല എന്ന നിബന്ധന മത്സരാര്‍ത്ഥികള്‍ കൃത്യമായി പാലിക്കണം. ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനം നേടുന്നവര്‍ക്കു 3000, 2000, 1000 രൂപ ക്യഷ് പ്രൈസും പ്രശംസാ ഫലകവും സമ്മാനിക്കും.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.