ഈത്തപ്പഴപ്പെരുമ: മധുനുകരുന്ന മഹാ മേള റിയാദില്‍

നൗഫല്‍ പാലക്കാടന്‍

റിയാദ്: മധുരം കിനിയുന്ന അറേബ്യന്‍ ഈത്തപ്പഴങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമായി റിയാദില്‍ ഈത്തപ്പഴ മേളക്ക് തുടക്കം. ബത്ഹ നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകെ അതീഖയിലാണ് രണ്ടാമത് റിയാദ് ഈത്തപ്പഴ മേള. അതീഖ ചന്തയോട് ചേര്‍ന്നുള്ള മൈതാനിയില്‍ പ്രതേകം സജ്ജമാക്കിയ വേദിയിലാണ് മേള ഒരുക്കിയിട്ടുളളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഈത്തപ്പഴ കച്ചവടക്കാരും കര്‍ഷകരും വിവിധയിനം ഈത്തപ്പഴങ്ങളും മൂല്യ വര്‍ധിത ഉത്പ്പന്നങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിത്പ്പനക്കും പവലിയനില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

മേളയിലെത്തുന്ന സന്ദര്‍ശകരെ അറബ് ആതിഥേയ ശൈലിയിലാണ് സ്വീകരിക്കുന്നത്. സൗദി കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന അര്‍ദ ഉള്‍പ്പടെ വ്യത്യസ്ത കലാപ്രകടനങ്ങളും കവിയരങ്ങും വേദിയിലുണ്ട്. രുചി വൈവിധ്യം നുകരാന്‍ വിവിധ ഇനങ്ങളിലുളള ഈത്തപ്പഴമാണ് മേളയില്‍ ഒരുക്കിയിട്ടുളളത്. അജ്‌വ, സുക്കരി, മബ്‌റൂം, സാരി, റബീഅ, അംബര്‍, മജ്ദുല്‍, സഫാവി, അല്‍ ഖലാസ് തുടങ്ങി രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ വിളയുന്ന ഈത്തപ്പഴം സന്ദര്‍ശകര്‍ക്ക് വാങ്ങാനും രുചിച്ചറിയാനും അവസരമുണ്ട്. ഈത്തപ്പഴത്തിന്റെ കാര്‍ഷിക രീതികള്‍ പഠിക്കുന്നുമുണ്ട്.

ആകര്‍ഷകമായ അന്തരീക്ഷത്തില്‍ ഒരുക്കിയ കൂടാരത്തില്‍ ഈത്തപ്പഴങ്ങള്‍ മാത്രമല്ല അറേബ്യന്‍ ഗഹ്‌വ, ഈത്തപ്പഴത്തില്‍ നിര്‍മ്മിക്കുന്ന സിറപ്പുകള്‍, ബേക്കറി ഉത്പന്നങ്ങള്‍, വിവിധ തരം ഊദുകള്‍ തുടങ്ങി അറേബ്യന്‍ സംസ്‌കാരത്തിന്റെ പ്രദര്‍ശനം കൂടിയാണ് അതീഖ ഈത്തപ്പഴമേള.

നാല് മാസം നീണ്ടുനില്‍ക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്. വൈകീട്ട് 4 മുതല്‍ രാത്രി 11 വരെയാണ് പ്രദര്‍ശന സമയം. ഈത്തപ്പഴം കയറ്റുമതിയില്‍ സൗദി അറേബ്യക്ക് ഒന്നാം സ്ഥാനമാണ്. കിരീടാവകാശിയുടെ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ് ഈത്തപ്പഴ കയറ്റുമതി. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലായി മൂന്ന് കോടിയിലധികം ഈത്തപ്പനകള്‍ കൃഷി ചെയ്യുന്നുണ്ട്. മുന്നൂറിലധികം ഇനം ഈത്തപ്പഴങ്ങള്‍ സൗദി അറേബ്യയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.

Leave a Reply