
ജിദ്ദ: സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മുതിര്‍ന്ന ഡിജിറ്റല്‍ സാക്ഷരതാ പട്ടം നൂറ്റി അഞ്ചാം വയസ്സില്‍ നേടിയ എറണാകുളം ജില്ലയിലെ മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവും പണ്ഡിതനുമായ അശമന്നൂര്‍ ഏക്കുന്നം അബ്ദുല്ല ബാഖവിയെ സൗദി കെഎംസിസി ആദരിച്ചു. അബ്ദുല്ല മൗലവിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ പൊന്നാട അണിയിച്ചു.

മക്ക കെഎംസിസി നേതാക്കളായ മുസ്തഫ മഞ്ഞക്കുളം, സിദ്ധീഖ് കൂട്ടിലങ്ങാടി, ഫിറോസ് ബാബു കൊളപ്പറമ്പ്, ദമ്മാം എറണാകുളം ജില്ലാ കെഎംസിസി ചെയര്‍മാന്‍ സിപി മുഹമ്മദലി ഓടക്കാലി, കിഴക്കന്‍ പ്രവിശ്യാ കെഎംസിസി മുന്‍ സെക്രട്ടറി സിറാജ് ആലുവ, ദമ്മാം എറണാകുളം ജില്ലാ കെഎംസിസി സ്ഥാപക പ്രസിഡണ്ട് മുസ്തഫ കമാല്‍ കോതമംഗലം, പ്രവര്‍ത്തക സമിതി അംഗം ഉവൈസ് അലി ഖാന്‍ എന്നിവര്‍ സംബന്ധിച്ചു.

കോവിഡ് കാലത്ത് ദിനപത്ര വായന തടസ്സപ്പെട്ടപ്പോള്‍ പേരക്കുട്ടികളുടെ സഹായത്തോടെ സ്മാര്‍ട്ട് ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിവ് നേടുകയും ഓണ്‍ലൈന്‍ വായന, വിവിധ ഭാഷകളിലുള്ള മത പ്രഭാഷണ വീഡിയോകള്‍ ദര്‍ശിക്കുകയും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സംവദിക്കുകയും ചെയ്തതാണ് സംസ്ഥാന സര്‍ക്കാരിന്റെ ആദരവ് നേടിയത്. മുവാറ്റുപുഴ മുളവൂര്‍ മഠത്തിക്കുടി കുടുംബാംഗമാണ. ദേശീയ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളും മുസ്ലീം ലീഗിന്റെ മധ്യ കേരളത്തിലെ സ്ഥാപക കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങളും രണ്ടര പതിറ്റാണ്ട് മുമ്പ് മക്കയിലെ ഹജ്ജ് അനുഭവങ്ങളും ഓര്‍ത്തെടുത്തതു അവിസ്മരണീയ അനുഭവാണെന്നു കുഞ്ഞുമോന്‍ കാക്കിയ പറഞ്ഞു.

നിലത്തെഴുത്തിലൂടെ പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ ശേഷം കായംകുളം, ഈരാറ്റുപേട്ട, വടക്കാഞ്ചേരി, തമിഴ്‌നാട്ടിലെ വെല്ലൂര്‍ എന്നിവടങ്ങളില്‍ അറബി ഭാഷയിലും ഇസ്‌ലാമിക പഠനത്തിലും ഉപരി പഠനം നടത്തി. പൈമറ്റം, ഓണംപിള്ളി, ആലുവ കടൂപ്പാടം, ഉളിയന്നൂര്‍, പെരുമ്പാവൂര്‍ മേതല പള്ളികളിലെ ഖത്തീബായിരുന്നു. വാരപ്പെട്ടി അറബിക്ക് കോളേജിന്റെ സ്ഥാപനത്തിലും ദക്ഷിണ കേരള ജംയ്യത്തുല്‍ ഉലമയുടെ അധ്യാപക പരിശീലന കേന്ദ്രങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുളള അബ്ദുല്ല മൗലവിക്കു ധാരാളം ശിഷ്യ സമ്പത്തുള്ള മുതിര്‍ന്ന പണ്ഡിതനാണ്.





