
റിയാദ്: ഇന്ത്യന്‍ പീനല്‍ കോഡിന് (ഐപിസി) പകരം നടപ്പിലാക്കുന്ന ഭാരതീയ ന്യായ് സംഹിതയിലെ (ബിഎന്‍എസ്) ചില വകുപ്പുകള്‍ ഡോക്ടര്‍മാരുടെ ആത്മവീര്യം ഇല്ലാതാക്കുമെന്ന് ആക്ഷേപം. ഡോക്‌ടേഴ്‌സ് ദിനത്തിന്റെ ഭാഗമായി റിയാദില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഡോക്ടര്‍മാര്‍ ആശങ്ക പങ്കുവെച്ചത്. ജോയ് ജോഷി എന്‍ഡോവ്‌മെന്റ് അവാര്‍ഡും വിതരണം ചെയ്തു.

ക്രിമിനല്‍ നിയമങ്ങളും ചികിത്സയിലെ റിസ്‌കും എന്ന വിഷയം ഐഎംഎ കണ്‍വീനര്‍ ഡോ. സുരേഷ് മംഗലത്ത് അവതരിപ്പിച്ചു. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കിയാലും ജീവന്‍ അപകടത്തിലാകാം. എന്നാല്‍ പരാതി ഉയര്‍ന്നാല്‍ ന്യായ് സംഹിതയിലെ വകുപ്പുകള്‍ പ്രകാരം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കു നിയമ നടപടി നേരിടേണ്ടി വരുമെന്ന് ഡോ. സുരേഷ് മംഗലത്ത് പറഞ്ഞു. രണ്ടു വര്‍ഷം തടവ്, പിഴ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ശിക്ഷ അനുഭവിക്കേണ്ടി വരും. ഇതു ചികിത്സ നല്‍കാനും പ്രാഥമിക പരിശോധന നടത്താനും ഡോക്ടര്‍മാരെ പിന്തിരിപ്പിക്കും. ഫലത്തില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ ലഭിക്കാതെ മരിക്കുന്ന അവസ്ഥ സംജാതമാകുമെന്നും ഡോ. സുരേഷ് വ്യക്തമാക്കി.

ഡോക്ടര്‍ ദിന സന്ദേശം ഡോ. സെബാസ്റ്റിയന്‍ ജോസഫ് പങ്കുവെച്ചു. സമൂഹത്തില്‍ ഡോക്ടര്‍മാരുടെ ദൗത്യം ഡോ. തമ്പി വേലപ്പനും മെഡിക്കല്‍ കോളെജ് ജീവിതം ഡോ. തോമസ് ജോസഫും അവതരിപ്പിച്ചു.
യോഗത്തില്‍ പ്രസിഡന്റ് ഡോ. ഹാഷിം ടിപി അധ്യക്ഷത വഹിച്ചു. ജോയ് ജോഷി എന്‍ഡോവ്‌മെന്റ് അവാര്‍ഡ് മീഡിയാ ഫോറം പ്രസിഡന്റ് നസ്‌റുദ്ദീന്‍ വിജെ സമ്മാനിച്ചു. സിബിഎസ്ഇ പത്താം തരം പരീക്ഷയില്‍ റിയാദില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കും നേടിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ പബ്‌ളിക് സ്‌കൂള്‍ വിദ്യാര്‍ഥി മറിയം ഇംറാന്‍ ഷാ ഏറ്റുവാങ്ങി. 25,000 രൂപയും ഫലകവും സര്‍ട്ടിഫിക്കേറ്റും അടങ്ങുന്നതാണ് അവാര്‍ഡ്. ഡേ. കെഎം സജിത്, ഡോ. റീന, ഡോ. മിനി ലൈല, ഡോ. അനില്‍ കുമാര്‍ നായിക്, ഡോ. തമ്പാന്‍, ഡോ. സഫീര്‍, ഡോ. ശ്രീവിദ്യ, ഡോ. രഹന, ഡോ. രാജ് ശേഖര്‍ എന്നിവര്‍ പങ്കെടുത്തു.ഐഎംഎ സെക്രട്ടറി ഡോ. ജോസ് ആന്റോ അക്കര സ്വാഗതവും ഡോ. ഷിജി സജിത്ത് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.