റിയാദ്: സൗദിയില്‍ വ്യക്തിയുടെ കീഴില്‍ ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഖിവ ഇ-പ്ലാറ്റ് ഫോം വഴി സ്ഥാപനങ്ങളിലേക്ക് മാറാമെന്ന് മാനവ വിഭവ ശേഷി സാമൂഹിക വികസനകാര്യ മന്ത്രാലയം. പുതിയ സേവനം ഖിവ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ് സ്ഥാപനങ്ങളുടെ പേരിലേക്ക് മാറുന്നതിന് മാനവ വിഭവ ശേഷി സാമൂഹിക വികസനകാര്യ മന്ത്രാലയത്തിന്റെ ശാഖകളില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം എന്നായിരുന്നു ചട്ടം. എന്നാല്‍ പുതിയ സേവനം ഖിവ ഇ-പ്ലാറ്റ്‌ഫോമില്‍ ലഭ്യമായതോടെ ഓണ്‍ലൈനില്‍ സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഴിയും.
സ്ഥാപനങ്ങളിലേക്ക് മാറുന്ന ജീവനക്കാരെ വീടുകളില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ് മാറ്റത്തിന് തൊഴിലുടമ ഖിവ പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ 10 ദിവസത്തിനകം തൊഴിലാളിയുടെ മൊബൈലില്‍ സന്ദേശം ലഭിക്കും. പുതിയ സ്ഥാപനത്തിന്റെ തൊഴിലുടമക്കും സന്ദേശം ലഭിക്കും. തൊഴില്‍ സേവനങ്ങള്‍ ഒരു ഇ-പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കുളള സേവനം ഖിവ പോര്‍ട്ടലില്‍ ലഭ്യമാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയഃായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വദേശി പൗരന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നാലില്‍ കൂടുതലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കും വിദേശിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ രണ്ടില്‍ കൂടുതലുള്ള വീട്ടു വേലക്കാര്‍ക്കും ലെവി ബാധകമാണ്. വര്‍ഷം 9,600 റിയാലാണ് ലെവി ഈടാക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.